തിരുവനന്തപുരം- പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ശിവന് ആദര സൂചകമായി തലസ്ഥാന നഗരിയില്‍ സ്മാരകം നിര്‍മ്മിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ശിവന്റെ സ്മരണാര്‍ഥം ആരംഭിച്ച 'ശിവന്‍സ് കള്‍ച്ചറല്‍ സെന്റര്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി പറഞ്ഞത്. തിരുവനന്തപുരത്തെ ശിവന്‍ സ്റ്റുഡിയോവിനടുത്താണ് കള്‍ച്ചറല്‍ സെന്റര്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുന്‍ മന്ത്രി സി. ദിവാകരന്‍, നിര്‍മ്മാതാവ് ജി. സുരേഷ്‌കുമാര്‍, സംവിധായകരായ ടി. കെ രാജീവ്കുമാര്‍, സംഗീത് ശിവന്‍, സന്തോഷ് ശിവന്‍ തുടങ്ങിയവരും പങ്കെടുത്തു.
പരിപാടിയില്‍ ശിവന്‍സ് കള്‍ച്ചറല്‍ സെന്ററിന്റെ യൂട്യൂബ് ചാനലിന്റെ ലോഞ്ചും നടന്നു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ നയിച്ച ദ്വിദിന ശില്‍പശാലയാണ് ശിവന്‍സ് കള്‍ച്ചറല്‍ സെന്ററിന്റെ ആദ്യ പരിപാടി. ജൂണ്‍ 26, 27 തിയ്യതികളില്‍ നടന്ന സ്റ്റില്‍ ഫോട്ടോഗ്രാഫിയേയും ഛായാഗ്രഹണത്തെയും കുറിച്ചുള്ള പ്രത്യേക ശില്‍പശാലയില്‍ കാനോണ്‍ ഇന്ത്യ മാര്‍ക്കറ്റിംങ്ങ് സീനിയര്‍ മാനേജര്‍ ഗൗരവ് മര്‍ക്കനും സംഘവും ക്ലാസ് നയിച്ചു.