ജിദ്ദ-ഹജ് യാത്രയിൽ ഈജിപ്ഷ്യൻ തീർഥാടകക്ക് അപ്രതീക്ഷിത വിസ്മയം സമ്മാനിച്ച് പൈലറ്റായ മകൻ. വിമാനത്തിൽ കയറിയ തീർഥാടകയെ എയർ ഹോസ്റ്റസുമാർ സ്വീകരിച്ച് ബോർഡിംഗ് പാസ് നോക്കി സീറ്റ് പറഞ്ഞുകൊടുക്കുന്നതിനിടെ പൈലറ്റായ മകൻ അപ്രതീക്ഷിതമായി മുന്നിൽ പ്രത്യക്ഷപ്പെട്ട് മാതാവിനെ സ്‌നേഹവാത്സല്യത്തോടെ ആശ്ലേഷിച്ച് സ്വീകരിക്കുകയും വിമാനത്തിന്റെ പൈലറ്റ് താനാണെന്ന് അറിയിക്കുകയുമായിരുന്നു. ഹജ് കർമം നിർവഹിക്കാൻ താനാണ് നിങ്ങളെ പുണ്യഭൂമിയിലെത്തിക്കുകയെന്ന് പൈലറ്റ് മാതാവിനോട് പറഞ്ഞു.
ഇത് കേട്ട് ആശ്ചര്യപ്പെട്ട തീർഥാടക പുഞ്ചിരിക്കുകയും പിന്നീട് മകനെ ആശ്ലേഷിച്ച് നീ തമാശ പറയുകയാണോയെന്ന് ആരായുകയും ചെയ്തു. മക്കയിലേക്കുള്ള യാത്രയിൽ വിമാനത്തിന്റെ പൈലറ്റ് ഞാൻ ആണെന്ന കാര്യം മുൻകൂട്ടി വെളിപ്പെടുത്താതെ ഞാൻ നിങ്ങളെ അത്ഭുതപ്പെടുത്തിയതാണെന്ന് ഇതിന് മകൻ മറുപടി പറഞ്ഞു. ഇത് കേട്ട് സന്തോഷാതിരേകത്താൽ തീർഥാടക ആനന്ദാശ്രു പൊഴിക്കുകയും പൈലറ്റായ മകൻ ഇവരെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ഈജിപ്ത് എയറിൽ സഹപൈലറ്റ് ആയാണ് താൻ സേവനമനുഷ്ഠിക്കുന്നതെന്ന് മകൻ പറഞ്ഞു. ഹജ് യാത്രയിൽ മാതാവ് സഞ്ചരിക്കുന്ന വിമാനം താനാണ് പറത്തുന്നത് എന്ന കാര്യം മുൻകൂട്ടി അറിയിക്കാതെ ഉമ്മയെ അത്ഭുതപ്പെടുത്താൻ താൻ തീരുമാനിക്കുകയായിരുന്നു. ഉമ്മക്ക് സർപ്രൈസ് നൽകാൻ സഹപ്രവർത്തകരുമായി താൻ ഏകോപനവും നടത്തി. പൈലറ്റ് വേഷത്തിലാണ് താൻ മാതാവിനെ എയർപോർട്ടിലെത്തിച്ചത്. പുണ്യഭൂമിയിലേക്കുള്ള യാത്രക്ക് ഉമ്മയെ വിമാനത്താവളത്തിലെത്തിച്ച ശേഷം താൻ കുവൈത്തിലേക്കുള്ള മറ്റൊരു വിമാനത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നാണ് മാതാവിനോട് പറഞ്ഞിരുന്നത്.
വിമാനത്തിൽ കയറുന്ന നേരത്താണ് വിമാന ജീവനക്കാരുടെ കൂട്ടത്തിൽ എന്നെ കണ്ട് ഉമ്മ ആശ്ചര്യപ്പെട്ടത്. വിമാനത്തിന്റെ ഡോറിനു സമീപം വെച്ച് മാതാവിനെ താൻ സ്വീകരിക്കുകയും സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തു. ഇത് ഉമ്മയെ ഏറെ സന്തോഷിപ്പിച്ചു.
ഒരു സർവീസിലെങ്കിലും തനിക്കൊപ്പം യാത്ര ചെയ്യണമെന്നത് ദീർഘകാലമായുള്ള ഉമ്മയുടെ ആഗ്രഹമായിരുന്നു. തീർഥാടന യാത്രയിൽ ഇത് സാക്ഷാൽക്കരിക്കാൻ സാധിച്ചതിൽ തനിക്കും ഏറെ സന്തോഷമുണ്ട്. ഈ വീഡിയോ ഇത്രയും വൈറലാകുമെന്ന് കരുതിയതല്ല. തന്നെയും മാതാവിനെയും പ്രശംസിച്ചും അഭിനന്ദിച്ചും നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്തു. ഒമ്പതു മാസം ഗർഭം ചുമന്ന് പ്രസവിച്ച ഹലാലായ മകൻ -എന്ന കമന്റ് ആണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നും പൈലറ്റ് പറഞ്ഞു.