മിന - ഹജ് തീർഥാടകരുടെ ആരോഗ്യനില ഭദ്രമാണെന്നും തീർഥാടകർക്കിടയിൽ ഇതുവരെ പകർച്ചവ്യാധികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു. കടുത്ത ചൂടും സൂര്യാഘാതവും മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളാൽ 147 തീർഥാടകരെ അറഫ ദിനത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇന്നലെ വരെ 46 ഹാജിമാർക്ക് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയകളും 770 പേർക്ക് ആഞ്ചിയോ പ്ലാസ്റ്റിയും നടത്തി.
തീർഥാടകർക്ക് നേരിട്ടേക്കാവുന്ന ആരോഗ്യപരമായ ഏതു അപകടവും കൈകാര്യം ചെയ്യാൻ ആരോഗ്യ മന്ത്രാലയം സുസജ്ജമാണ്. കടുത്ത ചൂട് മൂലമുള്ള ക്ഷീണം ഒഴിവാക്കാൻ വെയിലിൽ നിന്ന് സംരക്ഷണം നേടണം. ഉയർന്ന ചൂട് ആണ് തീർഥാടകർ നേരിടുന്ന ഏറ്റവും വലിയ അപകടം. സൂര്യാഘാതത്തെ കുറിച്ച് സൗദിയിലേക്ക് വരുന്നതിനു മുമ്പു തന്നെ വിദേശ ഹജ് മിഷനുകളുമായി സഹകരിച്ച് തീർഥാടകരെ ബോധവൽക്കരിച്ചിരുന്നു. സൂര്യാഘാത കേസുകളും കടുത്ത ചൂടു മൂലമുള്ള ദേഹാസ്വാസ്ഥ്യങ്ങളും കൈകാര്യം ചെയ്യാൻ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ കിടക്കകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ഇസ്‌ലാമികകാര്യ മന്ത്രാലയവും ഹറംകാര്യ വകുപ്പും ടെലികോം കമ്പനികളും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും മറ്റും ലക്ഷക്കണക്കിന് കുടകൾ സൗജന്യമായി വിതരണം ചെയ്തത് കടുത്ത ചൂടിൽ നിന്ന് സംരക്ഷണം നേടാൻ തീർഥാടകരെ സഹായിച്ചു. പലവർണത്തിലുള്ള കുടകൾ പുണ്യസ്ഥലങ്ങളിൽ ദൃശ്യവിരുന്നൊരുക്കി. സൂര്യാഘാതമേൽക്കുന്നവരെ കിടത്തി ചികിത്സിക്കാൻ പുണ്യസ്ഥലങ്ങളിലെ ആശുപത്രികളിൽ 166 ഉം മക്കയിലെ ആശുപത്രികളിൽ 51 ഉം ബെഡുകൾ ആരോഗ്യ മന്ത്രാലയം നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ മുഴുവൻ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വാട്ടർ സ്‌പ്രേ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. തീർഥാടകർ ധാരാളം വെള്ളം കുടിക്കണമെന്നും ശാരീരിക ക്ഷീണം ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മക്ക, മദീന, ജിദ്ദ, തായിഫ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 397 ഹാജിമാരെ മെഡിക്കൽ സംഘങ്ങളുടെ അകമ്പടിയോടെ ആംബുലൻസുകളിൽ അറഫയിലെ ആശുപത്രികളിലെത്തിച്ച് ഹജ് നിർവഹിക്കാൻ ആരോഗ്യ മന്ത്രാലയം അവസരമൊരുക്കി.