തൊപ്പി വേറിട്ടൊരു ജീവിത രീതിയുടെ ഭാഗമാണ്. ഭൂരിഭാഗം ജനങ്ങളും തൊപ്പി വെക്കാറില്ല. സ്ത്രീകളിൽ ആ ശീലം വളരെ കുറവും. ലോകത്ത് തന്നെ യൂറോപ്പ് പോലുള്ള തണുപ്പുളള രാജ്യങ്ങളിലാണ് തൊപ്പി കൂടുതൽ ഉപയോഗിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ സാംസ്‌കാരികവും വിശ്വാസപരവുമായ വൈജാത്യങ്ങളുടെ ഭാഗമായി വ്യത്യസ്ത ഇനം തൊപ്പികൾ ഉപയോഗത്തിലുണ്ട്. ചൂടു കൂടുതലുള്ള ഗൾഫ് മേഖലയിലും തൊപ്പിയുടെ ഉപയോഗം കുറഞ്ഞ തോതിലെങ്കിലുമുണ്ട്. കേരളത്തിൽ അത് ഏറിയും കുറഞ്ഞും ഉപയോഗിച്ചു വരുന്ന ഒരു വസ്തുവുമാണ്. പല സാഹചര്യങ്ങളിൽ വ്യത്യസ്തമായ തൊപ്പികൾ ഉപയോഗിക്കുന്നവരാണ് അധികവും. പോലീസുകാർക്കും വാഹന വകുപ്പിനും അതുപോലെ മറ്റു ചില വകുപ്പുകൾക്കും ഔദ്യോഗിക വേഷത്തിന്റെ ഭാഗമായി തൊപ്പിയുണ്ട്. കായിക താരങ്ങളാണ് തൊപ്പി ഉപയോഗിക്കുന്നതിൽ ഏറെയും. മുമ്പ് കാലത്ത് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്ക് വെള്ള യൂനിഫോമിനൊപ്പം കറുത്ത തൊപ്പിയുണ്ടായിരുന്നു. തലയിൽ മുടിയില്ലാത്തവരാണ് തൊപ്പിയെ കൂടുതലായി ആശ്രയിക്കുന്ന മറ്റൊരു വിഭാഗം.
പൊതുവിൽ സഞ്ചാരവുമായി ബന്ധപ്പെട്ട ഒന്നാണ് തൊപ്പി. വെയിലിനെ അതിജീവിക്കാനുള്ള ചെറിയൊരു ആയുധം. എന്നാൽഏറെയൊന്നും വീടിന് പുറത്തിറങ്ങാത്ത, സദാസമയവും കംപ്യൂട്ടറിനോ സ്മാർട്‌ഫോണിനോ മുന്നിൽ സോഷ്യൽ മീഡിയയിൽ ജീവിക്കുന്ന ഒരാൾക്ക് 'തൊപ്പി' എന്ന് പേര് വരുമ്പോൾ അത് യാദൃഛികമാകാം.
കഴിഞ്ഞ ഏതാനും ദിവസങ്ങൾ മലബാറിലെ പോലീസ് തൊപ്പി എന്നയാൾക്ക് പിന്നാലെയയിരുന്നു. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്്‌സിനെ ഏറെ നേടിയ കണ്ണൂർ സ്വദേശിയായ നിഹാൽ എന്ന, തൊപ്പി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത് ഒരു അസാധാരണ സംഭവമാണ്. സൈബർ ക്രൈമുകൾ കേരളത്തിൽ ഏറെ നടക്കുന്നുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ കുറ്റം ആരോപിക്കപ്പെട്ടാണ് ഇയാളെ പോലീസ് പിടികൂടിയത്. സമൂഹ മാധ്യമങ്ങൾ വഴി അശ്ലീലം പറയുകയും അതുവഴി പുതുതലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്നുവെന്നതാണ് ഇയാൾക്കെതിരായ കുറ്റം. കടുത്ത നടപടികൾക്ക് സാധ്യതയില്ലാത്തതുകൊണ്ടാകാം അറസ്റ്റ് ചെയ്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. എന്നാൽ തൊപ്പിയുടെ അറസ്റ്റിലൂടെ സമൂഹത്തിൽ സാംസ്‌കാരികമായി കളങ്കമുണ്ടാക്കുന്നവർക്ക് ഒരു താക്കീത് നൽകാൻ പോലീസ് നടപടിക്കായിട്ടുണ്ട്.മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലും സ്വദേശമായ കണ്ണൂർ ജില്ലയിലുമാണ് തൊപ്പിക്കെതിരെ കേസുള്ളത്. ഏതാനും ദിവസം മുമ്പ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടകനായി എത്തിയതോടെയാണ് തൊപ്പിയുടെ കഥകൾ പുറംലോകത്ത് പരന്നത്. അതുവരെ, ഡിജിറ്റൽ മീഡിയയുടെ സമാന്തര ലോകത്ത് വിഹരിച്ചിരുന്ന തൊപ്പിയുടെ അശ്ലീല കഥകൾ അതോടെ നാട്ടിൽ പാട്ടായി. വളാഞ്ചേരിയിൽ ഇയാളെ കാണാൻ എത്തിയത് വൻ ജനക്കൂട്ടമായിരുന്നു. അതിലേറെയും സ്‌കൂൾ, കോളേജ് വിദ്യാർഥികളും. ഏറെ നേരം വളാഞ്ചേരിയിൽ ഗതാഗത തടസ്സത്തിനും ഇത് കാരണമായി. തൊപ്പിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം കനത്തതോടെയാണ് പോലീസ് ഇടപെട്ടത്. സോഷ്യൽ മീഡിയയിലെ അശ്ലീല പ്രചരണം, വളാഞ്ചേരിയുടെ ട്രാഫിക് ജാം തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാളെ പിടികൂടി. എറണാകുളത്തെ താമസ സ്ഥലത്തെത്തി പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ പിടികൂടാൻ വരുന്നതിന്റെ ലൈവ് വീഡിയോയും തൊപ്പി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു. വളാഞ്ചേരി സ്റ്റേഷനിലെത്തിച്ച ശേഷം ഇയാൾക്കെതിരെ കേസെടുത്ത് ജാമ്യത്തിൽ വിട്ടു. കണ്ണൂരിലെ പോലീസും കേസെടുത്തിട്ടുണ്ട്.
സൈബർ മീഡിയയുടെ സമാന്തര ലോകത്ത്, സമൂഹം പരമ്പരാഗതമായി പിന്തുടരുന്ന പല കാര്യങ്ങൾക്കും വിരുദ്ധമായി പലതും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് തൊപ്പിയുടെ അറസ്റ്റിൽ നിന്ന് മനസ്സിലാക്കേണ്ടത്. ധാർമികത എന്ന പേരിൽ വില കൽപിക്കപ്പെട്ട പല മൂല്യങ്ങളും ഗൗനിക്കപ്പെടേണ്ടതല്ലെന്ന സന്ദേശമാണ് വ്യാപിക്കുന്നത്. സോഷ്യൽ മീഡിയ പോലുള്ള ജനകീയ മാധ്യമങ്ങളിൽ ഇടപെടുന്നവർ സാമൂഹികമായ ഉത്തരവാദിത്തെത്ത കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഫേക്ക് ന്യൂസുകളും തെറ്റായ സന്ദേശങ്ങളും അനുനിമിഷം കൈമാറ്റം ചെയ്യപ്പെടുന്ന ഈ വേദിയിൽ ശരി തെറ്റുകളുടെ നെല്ലും പതിരും വേർതിരിച്ചെടുക്കാനുള്ള പക്വത കാഴ്ചക്കാരന് ഉണ്ടാകുമെന്ന് കരുതാനാകില്ല. സമൂഹത്തിൽ നിലനിൽക്കുന്ന ചില അടിസ്ഥാന തത്വങ്ങളുടെയും രീതികളുടെയും നിരാസമാണ് ഇവിടെ പ്രോൽസാഹിപ്പിക്കപ്പെടുന്നത്. ആ തത്വങ്ങളും രീതികളും പഴയ തലമുറ നിർമിച്ചതാണെന്നും ആനുകാലികമല്ലെന്നുമുള്ള വാദങ്ങളും ഉയരാം. അത് എല്ലാ കാലത്തും ഉയർന്നിട്ടുള്ള വാദവുമാണ്. നിലവിലുള്ളതിനെ ചോദ്യം ചെയ്യുകയെന്നത് പുതിയ തലമുറയുടെ പ്രകൃതമാണ്. പഴയതിനെ മാറ്റി പകരം അതിനേക്കാൾ മികച്ചതൊന്ന് മുന്നോട്ടു വെക്കാൻ അവർക്ക് കഴിഞ്ഞാൽ ആ മാറ്റം നല്ലതിനാണ്.
നിഹാൽ എന്ന തൊപ്പിയെ പോലുള്ളവർ എല്ലാ തലമുറയിലുമുണ്ടായിട്ടുള്ള റിബലുകളാണ്. എന്തിനു വേണ്ടിയെന്നറിയാത്ത റിബലുകൾ. സമൂഹത്തിൽ റിബലുകൾ ആരാധിക്കപ്പടാറുണ്ട്. എന്നാൽ അംഗീകരിക്കപ്പെടാറില്ല. കാരണം, അംഗീകാരമെന്നത് സമൂഹം നല്ലതെന്ന് കരുതുന്ന മൂല്യങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നവർക്ക് വേണ്ടിയുള്ളതാണ്. മനോരോഗ ബാധിതനെ പോലെ, വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാണ് ഇത്തരം തൊപ്പികൾ വളരുന്നത്. സോഷ്യൽ മീഡിയയിൽ ഫോളോവേഴ്്‌സിനെ വർധിപ്പിക്കാൻ കൂടിയുള്ള തന്ത്രമായി ഇതിനെ അവർ മാറ്റുന്നുണ്ട്.
സ്‌കൂൾ വിദ്യാർഥികൾ അടക്കമുള്ള, ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ മനസ്സിലാക്കുന്നതിനുളള നേർവഴികളേതെന്ന് കണ്ടെത്തിയിട്ടില്ലാത്ത പ്രായത്തിലുള്ളവരാണ് അവർ. അവർക്ക് മുന്നിലേക്ക് അശ്ലീലത്തിന്റെയും മൂല്യനിരാസങ്ങളുടെയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ അപകടമാണ് വിളിച്ചു വരുത്തുന്നത്. ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെ വികലമായി മനസ്സിലാക്കാൻ മാത്രമാണ് ഇത്തരം യൂട്യൂബർമാർ കുട്ടികളെ പഠിപ്പിക്കുന്നത്. തലമുറയെ വഴിതെറ്റിക്കുന്ന സാമൂഹ്യ വിരുദ്ധതയാണ് ഇത്തരം സോഷ്യൽ മീഡിയ പ്രചാരകർ വളർത്തുന്നത്.