ഹജിനായി സൗദിയിലെ പുണ്യനഗരങ്ങളിൽ എത്തിയ ഒരാളോട് ഹജ് കഴിഞ്ഞ വേളയിൽ അതേക്കുറിച്ച് ചോദിച്ചാൽ ആഘോഷങ്ങളുടെയോ ഉത്സവങ്ങളുടെയോ വിസ്മയങ്ങളുടെയോ കഥനം കേൾക്കുകയുണ്ടാവില്ല. ഏഴാം നൂറ്റാണ്ടിൽ (എ.ഡി 632) പ്രവാചകൻ മുഹമ്മദി (സ) ന്റെ അവസാന നാളുകളിലാണ് ജീവിതത്തിലെ ഒരേയൊരു ഹജ് അദ്ദേഹം നിർവഹിച്ചത്. ആ വർഷം മുതൽ ഹജിന്റെ ഘടനയിലും ആത്മാംശത്തിലും വലിയ മാറ്റങ്ങളുണ്ടായി. അതുവരെ ലോകത്ത് അറിയപ്പെടുന്ന ഉത്സവങ്ങളിൽ ഹജും ഉൾപ്പെടുമായിരുന്നു. തൊട്ടടുത്ത പട്ടണമായ തായിഫിലെ ഉക്കാദ് ചന്തയിൽ അക്കാലഘട്ടത്തിലെ അറബ് സാഹിത്യ ഉത്സവങ്ങൾ ഹജിന് മുമ്പ് അരങ്ങേറുമായിരുന്നു. കവിയരങ്ങുകൾ അതിൽ പ്രധാനമായിരുന്നു.
പേർഷ്യ, ശാം, ആഫ്രിക്ക, അറബ് ഉപഭൂഖണ്ഡം എന്നിവിടങ്ങളിൽനിന്നുള്ള കവികൾ മാറ്റുരക്കുന്ന മഹാവേദിയിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവ തൊട്ടടുത്ത മാസത്തിലെ ഹജ് വേളയിൽ മക്കയിലെ കഅ്ബയിൽ പ്രദർശിപ്പിക്കുമായിരുന്നു. ആ പ്രദർശനമാണ് ആ കവികൾക്ക് ലഭിക്കുന്ന അന്നത്തെ നൊബേൽ സമ്മാനം. അക്കൂട്ടത്തിൽ ഉൾപ്പെട്ടതാണ് 'സബ്അ മുഅല്ലകാത്' എന്ന പേരിലറിയപ്പെടുന്ന ജാഹിലിയ്യ പദ്യങ്ങൾ. ഇന്നും അറബ് സാഹിത്യത്തിൽ ആഴങ്ങളിലുള്ള ഗവേഷണങ്ങൾക്ക് പ്രചോദനമാകാറുണ്ട് ഇവ.
ചാന്ദ്ര-സൗര കലണ്ടറുകൾ സംയോജിപ്പിച്ചാണ് ആഘോഷങ്ങൾ നടത്തിയിരുന്നത്. ഒരു കലണ്ടറിലേക്ക് മറ്റൊന്നിനെ ഉൾപ്പെടുത്തി ആഘോഷ ഋതുക്കൾ നിർണയിക്കുന്നതിനുള്ള ചുമതല മക്കയിൽ ബനുകിനാന ഗോത്രത്തിനായിരുന്നു. വിഗ്രഹാരാധനയുമായി കെട്ടുപിണഞ്ഞ വിശ്വാസങ്ങളിൽ നിബന്ധിതമായിരുന്നു മിക്ക ഉത്സവങ്ങളും. ഹജ്്, അറബ് ലോകത്തെ സാംസ്‌കാരിക ആഘോഷ വസന്തത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.
ഹാജിമാർക്കുള്ള ഏതൊരു വസ്തുവും ആ മരുപ്പട്ടണത്തിൽ അന്നും യഥേഷ്ടം ലഭ്യമായിരുന്നു. ഒരുപക്ഷേ, ലോകത്തെ ഏറ്റവും വലിയ വ്യാപാര മേള ഹജിന്റെ നാളുകളിൽ മക്കയിൽ അരങ്ങേറുന്ന മേള തന്നെ ആയിരുന്നിരിക്കണം. അതിൽ അസൂയ മൂത്താണ് യെമനും അറേബ്യയുടെ സിംഹഭാഗങ്ങളും ഭരിച്ചിരുന്ന അബ്രഹത്ത് അൽഅശ്രം രാജാവ് തന്റെ നാട്ടിൽ കഅ്ബയുടെ രൂപസാദൃശ്യമുള്ള അതിമനോഹരമായ ആരാധനാലയം (അൽ-ഖുലൈസ് കത്തീഡ്രൽ) പണിത് ജനങ്ങളെ അതിലേക്ക് ക്ഷണിച്ചത്. അറേബ്യയിലെ ഏറ്റവും വലിയ ആരാധനാലയമായിരുന്നു ഖുലൈസ്. ആ വിഫല ശ്രമം പരാജയപ്പെട്ടതിന്റെ അരിശമാണ് കഅ്ബ പൊളിക്കുവാൻ ആനപ്പടയുമായി മക്കയിലേക്ക് വരുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. പ്രവാചകൻ ജനിച്ച വർഷം (എ.ഡി 570) തന്നെയാണ് ഈ സംഭവം നടന്നത്. കഅ്ബയുടെ ഏതാനും മൈലുകൾ അകലെവെച്ച് ആകാശത്തുനിന്നും അബാബീൽ പക്ഷികൾ ചുടുകല്ലുകൾ വർഷിച്ചതിനാൽ അതിന്റെ വിഷമേറ്റ് ആനകളും അബ്രഹത്തടക്കമുള്ള സേനയും കൊല്ലപ്പെട്ടു.
ഇത് സൂചിപ്പിക്കാൻ പ്രേരണയായത്, ഹജ് ഒരാഘോഷമാക്കി മാറ്റിയ കാലമുണ്ടായിരുന്നുവെന്ന് പറയാനാണ്. വിശുദ്ധ മക്കക്ക് ചുറ്റുമുള്ള അറബ് സമൂഹം ലാത്ത, ഉസ്സ, മനാത്ത എന്നീ പേരുകളിലുള്ള മൂന്ന് പെൺമൂർത്തികളെ ആരാധിച്ചിരുന്നു. ലോകത്തിന്റെ അഷ്ടദിക്കുകളിൽ നിന്നും വരുന്ന തീർത്ഥാടകർ മൂർത്തികളുടെ ദർശനം പുണ്യമാണെന്ന് വിശ്വസിക്കുകയാൽ ഹജിന്റെ ഭാഗമാവാൻ വിധിക്കപ്പെട്ടിരുന്നു ബിംബാരാധന. നൂറുകണക്കിന് ബിംബങ്ങൾ കഅ്ബക്കകത്ത് വേറെയുമുണ്ടായിരുന്നു. പ്രവാചകൻ ഇബ്രാഹിമും മകൻ ഇസ്മായിലും 'ജനങ്ങളുടെ ഭവനം' എന്ന നിലക്ക് പണിത കഅ്ബ പിന്നീട് ബിംബാരാധനയുടെ കേന്ദ്രമാക്കപ്പെട്ടു. പരാശ്രയമാവശ്യമില്ലാത്ത ദൈവത്തിന് പങ്കാളികളെ ഉണ്ടാക്കിക്കൊണ്ട് ആരാധനയുടെ പവിത്രത കളങ്കിതമായി.
ഇബ്രാഹിമിന്റെ പാതയിലെ ഇത്തരം വിഘ്നങ്ങളെ വിമലീകരിച്ചുകൊണ്ട് ഹജിന്റെ പവിത്രത തിരികെ വിശ്വാസികൾക്ക് നൽകിയെന്നതാണ് പ്രവാചക ഹജിന്റെ സവിശേഷത.
വെറും അനുഷ്ഠാനമായി മാറിക്കൊണ്ടിരിക്കുകയാണ് ആരാധനകൾ. എത്രയും പൂർണതയിൽ നിർവഹിച്ചതുകൊണ്ട് മാത്രം ദൈവപ്രീതിക്ക് പാത്രമാവില്ല, ആരാധനയുടെ ആത്മാവിനെ ധ്യാനമനസ്സിലേക്ക് സന്നിവേശിച്ച് നിർവഹിച്ചാലല്ലാതെ.
ഖുർആൻ 3:96 ൽ കഅ്ബയെക്കുറിച്ച പരാമർശം ഇങ്ങനെ: 'തീർച്ചയായും, മനുഷ്യർക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഭവനം മക്കയിൽ ആയിരുന്നു- അത് അനുഗൃഹീത സങ്കേതവും ലോകർക്ക് മാർഗദർശനവുമാണ്'. വെറുമൊരു ആരാധനക്ക് വേണ്ടിയല്ല കഅ്ബ സൃഷ്ടിക്കപ്പെട്ടത്. അങ്ങനെയായിരുന്നെങ്കിൽ അതിന്റെ ഘടന സമചതുരഷഡ്ഭുജം (ക്യൂബ്) ആകുമായിരുന്നില്ല. ദൈവികാവകാശം തന്നെയും അത് മനുഷ്യർക്കു വേണ്ടി ഉണ്ടാക്കപ്പെട്ടത് എന്നും ആദ്യത്തേത് എന്നുമാണ്. ഇബ്രാഹിമിന് മുൻപും പരിഷ്‌കൃത സമൂഹങ്ങൾ ഭൂമുഖത്തുണ്ടായിരുന്നു. അവർ ദൈവത്തെ ആരാധിച്ചിട്ടുമുണ്ടാവും. അതിനായി ഭവനങ്ങളും നിർമിച്ചുകാണും.
ആയതിനാൽ ദൈവത്തെ ആരാധിക്കാൻ വേണ്ടി നിർമിക്കപ്പെട്ട ആദ്യ ഭവനം എന്ന വിഭാവനക്കപ്പുറം ദൈവത്തെ പ്രതിയുള്ള മനുഷ്യ തേട്ടത്തിന്റെ ലക്ഷ്യപൂർണതയായി കഅ്ബയെ കണക്കാക്കാം. ആ ലക്ഷ്യത്തോടെ ഒരു പ്രവാചകനെ നിയോഗിച്ചപ്പോൾ അത്തരമൊരു ആസ്ഥാനം അനിവാര്യമായി വരികയും ചെയ്തു. അതാണ് കഅ്ബ. അത് അനുഗൃഹീത സങ്കേതമാകുന്നതും മാർഗദർശന പ്രോക്തമാകുന്നതും അതുകൊണ്ടാണ്.
ഹജ് ആരാധന മാത്രമല്ല, ഇസ്ലാമിന്റെ രാഷ്ട്രീയവുമാണ്. ഇബ്രാഹിമിന്റെ ദൗത്യം തന്നെയും ദൈവപാതയിൽ ഒരു ഏക സമൂഹത്തെ സൃഷ്ടിക്കുകയായിരുന്നു. 'ഉമ്മ' എന്ന സാങ്കേതിക പദത്തിലൂന്നിയാണ് ഈ ദൗത്യനിർവഹണം പൂർത്തീകരിക്കപ്പെടുന്നത്.
ഇബ്രാഹിം അതിനായി പണിയെടുത്തിട്ടുണ്ട്. ഫലസ്തീനിലും ഇറാഖിലും ഈജിപ്തിലും അറേബ്യൻ പെനിൻസുലയിലും പലവട്ടം സഞ്ചരിച്ചിട്ടുണ്ട്. പലരുമായും സന്ധിയിലേർപ്പെട്ടിട്ടുണ്ട്. പരീക്ഷണങ്ങളുടെ കനൽപദങ്ങൾ താണ്ടിയിട്ടുണ്ട്. അങ്ങനെയാണ് മുഖ്യ ദൗത്യമായ കഅ്ബ നിർമ്മാണം പൂർത്തീകരിക്കുന്നതും അങ്ങോട്ടേക്ക് ലോകാവസാനം വരെയുള്ള വിശ്വാസികളെ ക്ഷണിക്കുന്നതും. ഇതെല്ലാം നിർവഹിക്കപ്പെട്ടത് ദൈവത്തിന്റെ കൃത്യമായ നിർദേശത്താലാണ്. അതുകൊണ്ടാണ് ഭൂമധ്യമായ (ഭൂമിയുടെ സൃഷ്ടിപ്പ് ആരംഭിച്ച ഇടവും) മക്ക മരുഭൂമി തന്നെ തെരഞ്ഞെടുക്കപ്പെട്ടതും.
ഇബ്രാഹിം ഭാര്യ ഹാജറയെയും മകൻ ഇസ്മാഈലിനെയും അപരിചിതവും വിജനവുമായ മരുഭൂമിയിൽ ഇട്ടേച്ചുപോകുമ്പോൾ നടത്തിയ പ്രാർത്ഥന ഖുർആൻ 2:126 ലുണ്ട്. 'നാഥാ, ഈ നാടിനെ ഒരു സുരക്ഷിത നഗരമാക്കുകയും ഇതിലെ ജനങ്ങൾക്ക് കായ്കനികൾ നൽകുകയും ചെയ്യേണമേ'. കൃത്യമായ രാഷ്ട്രീയമാണ് ഈ പ്രാർത്ഥനയുടെ മർമം. ഒരു ദേശത്ത് വസിക്കുന്നവർക്ക് അനിവാര്യമായും ഉണ്ടാവേണ്ടത് സമാധാനവും ജീവൻ നിലനിർത്താനാവശ്യമായ ഭക്ഷണവുമാണല്ലോ.
ദൈവത്തിലും അന്ത്യനാളിലും വിശ്വസിക്കുന്നവരായ ജനതക്ക് എന്നതാണ് പ്രാർത്ഥനയുടെ രണ്ടാം ഭാഗം. അതിനായാണ് വർഷങ്ങൾക്ക് ശേഷം കഅ്ബാലയം പണിതുയർത്തുന്നത്. ദൈവം തന്നെ ഈ പ്രദേശത്തിന് അതിർത്തികൾ നിശ്ചയിച്ചുകൊടുക്കുന്നുണ്ട്. എന്നിട്ട് ഈ പട്ടണത്തിൽ പ്രവേശിക്കുന്നവർ സുരക്ഷിതരാണെന്ന് ഉറപ്പും കൊടുക്കുന്നുണ്ട്. ഇതെല്ലാമാണ് ഒരു ഉമ്മത്തിന്റെ നിലനിൽപിന് നൽകപ്പെട്ടിരിക്കുന്ന കവചം.
ഈ കവചത്തിന് വെളിയിൽ പ്രവാചക പരമ്പരകളിലേക്കും മനുഷ്യ കുലത്തിന്റെ മാതാപിതാക്കളായ ആദം ഹവ്വമാരുടെ ഭൂമിയിലെ ആദ്യ സംഗമ സന്ധിയിലേക്കും ഇബ്രാഹിമിന്റെ ത്യാഗോജ്വല പരീക്ഷണ വിജയങ്ങളിലേക്കും ദൈവ കാരുണ്യത്തിലേക്കും നീണ്ടുകിടക്കുന്ന പാശമാണ് ഹജിന്റെ പൊരുൾ. ഹജനുഭവമാകെയും ഇബ്രാഹിമിയ്യത്തിലേക്കുള്ള പരകായപ്രവേശം സാധ്യമാക്കലാണ്. മാനവികത എന്ന ഒന്നിനെ തന്നിൽ കണ്ടെത്താൻ തീർത്ഥാടകനെ പ്രേരിപ്പിക്കാനാണ് ഈ യാത്ര. ഒരാൾ പൂർണനാകുന്നതിന് ത്യാഗപൂർണമായ പലായനം വേണ്ടതുണ്ടല്ലോ. അത്തരമൊരു ആത്മീയ നിറവിന്റെ പേരാണ് ഹജ്.