വിനോദ സഞ്ചാരികളുടെ പറുദീസയായ കാസർകോട്ടെ റാണീപുരത്ത് നിർമാണം മുടങ്ങിയ നീന്തൽകുളവും പാർക്കും ഉൾപ്പെടെ വിനോദ സഞ്ചാരികൾക്ക് സന്തോഷം പകരുന്ന രണ്ടു പദ്ധതികളുടെ നിർമാണം ഉടനെ ആരംഭിക്കും. ടൂറിസം വകുപ്പ് ഭരണാനുമതി നൽകിയ പദ്ധതികളുടെ നിർമാണ ചുമതലകളിൽ ഒന്ന് കെല്ലിനെ ഏൽപിച്ചു കഴിഞ്ഞു. രണ്ടാമത്തെ പ്രവൃത്തി ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. റാണീപുരത്ത് നിലവിലുള്ള കെട്ടിടവും അതിലെ മുറികളും പുതുക്കിപ്പണിയാനുള്ള 96.53 ലക്ഷത്തിന്റെ പ്രവൃത്തിയാണ് കെല്ലിനെ ഏൽപിച്ചത്. നിർമിതി കേന്ദ്രക്ക് നൽകിയിരുന്ന പദ്ധതിയിൽ മാറ്റം വരുത്തി സമർപ്പിച്ച 96.67 ലക്ഷം രൂപയുടെ വർക്കിനും അനുമതി ലഭിച്ചതോടെ ഉല്ലാസത്തിന് രണ്ടു പദ്ധതികൾ റാണീപുരത്ത് വന്നുപോകുന്ന ടൂറിസ്റ്റുകൾക്ക് ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഈ സീസണിൽ വന്നുപോകുന്നവർ വലിയ പ്രയാസം നേരിടുന്നുണ്ട്. മുമ്പ് ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ആണ് ടെൻഡറുകൾ നൽകിവന്നിരുന്നത്. എന്നാൽ ഇത്തവണ സർക്കാർ അനുമതി നൽകിയ പദ്ധതികളുടെ നിർമാണ ടെണ്ടർ ടൂറിസം വകുപ്പ് നേരിട്ടാണ് നൽകുന്നത്. റാണീപുരം കുന്നിന്റെ മുകളിലുള്ള ഡി.ടി.പി.സിയുടെ റിസോർട്ടിലും വിശ്രമ കേന്ദ്രത്തിലും എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കും കുടുംബങ്ങൾക്കും കൂടുതൽ സൗകര്യം ഒരുക്കുന്നതിനായി നിർമാണം തുടങ്ങിയ ഒരു കോടിയുടെ പദ്ധതി പാതിവഴിയിൽ നിലച്ചിരുന്നു. ടൂറിസം വകുപ്പിന്റെ റിസോർട്ടിൽ എത്തിച്ചേരുന്ന വിനോദ സഞ്ചാരികൾക്കും അവരുടെ കുട്ടികൾക്കും മുതിർന്നവർക്കും ഉല്ലസിക്കാനും വിശ്രമിക്കാനും ആസ്വദിക്കാനും റാണീപുരത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. മലകയറാൻ പറ്റാത്തവർക്ക് വിശ്രമിക്കാൻ ഒരു കേന്ദ്രം ഉൾപ്പെടെ വേണമെന്ന പരാതികളെ തുടർന്ന് മൂന്ന് വർഷം മുമ്പ് ഡി.ടി.പി.സിയാണ് 98 ലക്ഷം രൂപയുടെ നീന്തൽകുളവും കുട്ടികളുടെ പാർക്കും ആയുർവേദ സ്പായും അടങ്ങുന്ന പദ്ധതി തയാറാക്കിയത്. ടൂറിസം വകുപ്പ് ഈ പദ്ധതി അംഗീകരിക്കുകയും കാസർകോട് നിർമിതി കേന്ദ്രയെ നിർമാണ ചുമതല ഏൽപിക്കുകയും ചെയ്തു. എന്നാൽ നിർമാണ സാമഗ്രികൾ കുന്നിന്റെ മുകളിൽ എത്തിക്കുന്നതിന് പ്രയാസം നേരിടുകയാണെന്നും തൊഴിലാളികളെ കിട്ടുന്നില്ലെന്നും നീന്തൽകുളം നിർമിക്കാൻ കരിങ്കല്ലുകൾ പൊട്ടിക്കുക എളുപ്പമല്ലെന്നും കാണിച്ച് നിർമിതി കേന്ദ്ര കൂടുതൽ തുക ആവശ്യപ്പെട്ടു. ജില്ലയിലെ ടൂറിസം അധികൃതർക്ക് പ്രത്യേക ഫണ്ട് ഇല്ലാത്തതിനാൽ തുക വർധിപ്പിച്ചു നൽകാൻ നിർവാഹമില്ലായിരുന്നു. ഇതേത്തുടർന്ന് നിർമാണം നിർമിതി കേന്ദ്ര ഉപേക്ഷിച്ചു. പണി തുടങ്ങിയതിന് ശേഷമാണ് നിർമിതി പദ്ധതി ഇട്ടുപോയത്. ഡി ടി.പി.സിയുടെ റീസോർട്ടിന്റെ മതിൽ പൊളിച്ചാണ് നിർമാണം തുടങ്ങിയത്. താഴെ തോടിന് സമീപം ഇരുപത് മീറ്റർ ദൂരത്തിൽ നീന്തൽകുളത്തിനായി കല്ലുകൾ കെട്ടിയിരുന്നു. മതിൽ പൊളിച്ചതിനാൽ സാമൂഹ്യ വിരുദ്ധർ മദ്യപിക്കാനുള്ള താവളമായി അതിനെ മാറ്റുകയാണ്. റാണീപുരം റിസോർട്ട് ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കൽ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം 21 ഫെബ്രുവരി ഇരുപതിന് അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആണ് നിർവഹിച്ചിരുന്നത്.
ഭരണാനുമതി നൽകിയതോടെ പദ്ധതികൾ ടെണ്ടർ ചെയ്തു വേഗം നിർമാണം തുടങ്ങും. നിർമിതി കേന്ദ്രക്ക് നൽകിയിരുന്നത് ഒരു പദ്ധതിയായിരുന്നു. അത് റിവൈസ് ചെയ്താണ് രണ്ടു പദ്ധതികളാക്കി അനുമതിക്കായി സമർപ്പിച്ചിരുന്നത്. രണ്ടു പദ്ധതികളുടെയും നിർമാണം പൂർത്തിയാകുന്നതോടെ റാണീപുരം വിനോദ സഞ്ചാര കേന്ദ്രത്തിന്റെ മുഖഛായ തന്നെ മാറുകയും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ലഭിക്കുകയും ചെയ്യുമെന്ന് കാസർകോട് ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു.