കോട്ടയം - പാലാ ടൗണില്‍ അലഞ്ഞ് തിരിഞ്ഞ ബീഗിള്‍ ഇനത്തില്‍ പെട്ട നായക്കുട്ടിയുടെ ഉടമയെ തേടി നടക്കുകയാണ് പാല പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍. ഇന്നലെ പുലര്‍ച്ചെയോടെയാണ് ടൗണില്‍ അലഞ്ഞു തിരിയുന്ന നായക്കുട്ടിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്. പാലാ പോലീസ് ഇതുസംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ നായക്കുട്ടിയെ തേടി ഉടമ എത്തിയിട്ടില്ല. കേരള പോലീസ് ഫെയ്‌സ് ബുക്കില്‍ ഇത് സംബന്ധിച്ച് പങ്കുവെച്ച് കുറിപ്പില്‍ പറയുന്നത് ഇങ്ങനെ : 'പാലാ ടൗണില്‍ അലഞ്ഞുതിരിഞ്ഞ നിലയില്‍ കണ്ടെത്തിയ സുന്ദരന്‍ നായക്കുട്ടിയെ ഇന്നലെ പുലര്‍ച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാര്‍ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പാലാ പൊലീസ് ഇതു സംബന്ധിച്ച് ചിത്രം സഹിതം അറിയിപ്പ് കൊടുത്തെങ്കിലും ഇതുവരെ അവനെ തേടി ഉടമ എത്തിയിട്ടില്ല. ബീഗിള്‍ ഇനത്തില്‍പ്പെട്ടതാണ് നായക്കുട്ടി. വിപണിയില്‍ നല്ല വിലയുള്ള ബീഗിള്‍ ബുദ്ധിയിലും സ്‌നേഹപ്രകടനങ്ങളിലും മുന്നിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ ഉടമസ്ഥന്‍ എത്തിയില്ലെങ്കില്‍ പൊലീസിന്റെ ശ്വാനവിഭാഗത്തിലേക്ക് ഇവനെ കൈമാറാനാണ് തീരുമാനം. ഉടമസ്ഥര്‍ പാലാ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാം.'
നായക്കുട്ടിയെത്തേടി ഉടമ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് പോലീസ്.