കൊച്ചി - കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘമാണ് തട്ടിപ്പിന് പിന്നില്‍. ഇല്ലാത്ത കുടുംബശ്രീ യൂണിറ്റിന്റെ പേരില്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്താണ്് കോടികളുടെ തട്ടിപ്പ് നടത്തിയത്. നിലവില്‍ ഒരു കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായ വിവരമാണ് പോലീസിന്റെ മുന്നിലുള്ളത്. ഇതിന്റെ വ്യാപ്തി ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. കൊച്ചി കോര്‍പ്പറേഷന്റെ രണ്ടു ഡിവിഷനുകളില്‍മാത്രം ഒരു കോടിയിലേറെ രൂപയുടെ ഏഴു തട്ടിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്. കൗണ്‍സിലറുടെയും എ.ഡി.എസിന്റെയും വ്യാജ ഒപ്പും സീലും ഉണ്ടാക്കിയാണ് തട്ടിപ്പുസംഘം പ്രവര്‍ത്തിച്ചതെന്നാണ് പോലിസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ വായ്പാ തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു.