മിന - ഇത്തവണത്തെ ഹജിന് ആദ്യമായി ഏര്‍പ്പെടുത്തിയ സെല്‍ഫ്-ഡ്രൈവിംഗ് ബസില്‍ (ഡ്രൈവറില്ലാ ബസ്) യാത്ര ചെയ്ത് ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍. ബസിന്റെ ആദ്യ സര്‍വീസിലാണ് ഹജ് തീര്‍ഥാടകര്‍ക്കൊപ്പം മന്ത്രിയും സഞ്ചരിച്ചത്. ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങളും നൂതന സാങ്കേതികവിദ്യകളും പദ്ധതികളും ഏര്‍പ്പെടുത്തി ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹാജിമാരുടെ ഉപയോഗത്തിന് പൊതുഗതാഗത അതോറിറ്റി ഡ്രൈവറില്ലാ ബസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മനുഷ്യ ഇടപെടല്‍ കൂടാതെ സഞ്ചരിക്കുന്നതിന് കൃത്രിമബുദ്ധി സാങ്കേതികവിദ്യകളും ക്യാമറകളും സെന്‍സറുകളും സെല്‍ഫ്-ഡ്രൈവിംഗ് ബസുകള്‍ ഉപയോഗിക്കുന്നു. ഡ്രൈവറില്ലാ ബസുകളില്‍ 11 പേര്‍ക്ക് വീതം സഞ്ചരിക്കാന്‍ കഴിയും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ബസിന് ആറു മണിക്കൂര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഡ്രൈവര്‍രഹിത ബസുകളുടെ യാത്രക്ക് പുണ്യസ്ഥലങ്ങളില്‍ പ്രത്യേക ട്രാക്കുകള്‍ നീക്കിവെച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കാനും ഹജ് സീസണില്‍ ഈ സാങ്കേതികവിദ്യകള്‍ എത്രമാത്രം ഉപയോഗിക്കാമെന്നതിന്റെ വ്യാപ്തി അളക്കാനും വരും വര്‍ഷങ്ങളില്‍ അവ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ തയാറാക്കാനുമാണ് ഡ്രൈവര്‍രഹിത ബസുകള്‍ ഇത്തവണത്തെ ഹജിന് പരീക്ഷണാര്‍ഥം ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.