മക്ക- ഭാഷയുടെയും നിറങ്ങളുടെയും വംശങ്ങളുടെയും വൈവിധ്യം സംഘർഷത്തിന്റെയും ഭിന്നതയുടെയും ന്യായീകരണമല്ലെന്നും അത് പ്രപഞ്ചത്തിലെ ദൈവദൃഷ്ടാന്തമാണെന്നും അറഫയിലെ മസ്ജിദു നമിറയിൽ അറഫ ഖുതുബയിൽ ശൈഖ് യൂസുഫ് ബിൻ സഈദ് ഉദ്ബോധിപ്പിച്ചു. സ്നേഹം, ഐക്യം എന്നിവക്ക് പ്രാമുഖ്യം നൽകി ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും മറക്കണം. ശത്രുക്കൾ രോഷാകുലരാണ്. വെറുപ്പ് പ്രചരിപ്പിക്കുന്നവരുടെ ശ്രമങ്ങൾ പരാജയപ്പെടുന്നു. മത്തിന്റെയും ലോകത്തിന്റെയും നന്മയിലൂന്നിയുള്ള ഐക്യമാണ് ആവശ്യം. നന്മകൾ സാക്ഷാത്കരിക്കപ്പെടുകയും തിന്മകൾ ഇല്ലാതാക്കപ്പെടുകയും ചെയ്യണം. അതിലൂടെ ഭക്തിയും സഹവർത്തിത്വവും നേടണം. സത്യത്തെ പിന്തുണക്കുകയും അസത്യത്തെ പരാജയപ്പെടുത്തുകയും ചെയ്യണം.
ഭക്തിയിലൂന്നിയ ജീവിതം നയിക്കണം. അല്ലാഹു നിരോധിച്ചതിനെ വെടിഞ്ഞും കൽപ്പിച്ചതിനെ അനുസരിച്ചും ജീവിക്കണം. എങ്കിൽ മാത്രമേ ഇഹലോകത്തും പരലോകത്തും വിജയിക്കുകയുള്ളൂ. തർക്കങ്ങളുള്ള സമയത്ത് ഖുർആനിലേക്കും വിശുദ്ധ നബിചര്യയിലേക്കും മടങ്ങണം. ഐക്യം തകർക്കാൻ ഉദ്ദേശിച്ചുള്ള കിംവദന്തികൾക്കും ഗോസിപ്പുകൾക്കും പിന്നിൽ സഞ്ചരിക്കുന്നത് ശരീഅത്ത് വിലക്കിയിട്ടുണ്ട്. നിങ്ങൾക്ക് നന്മ ചെയ്തവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കണം. ആരെങ്കിലും നിങ്ങൾക്ക് ഒരു ഉപകാരം ചെയ്താൽ അവന് പ്രതിഫലം നൽകുക. നിങ്ങൾ അവനെ കണ്ടെത്തിയില്ലെങ്കിൽ അവനുവേണ്ടി പ്രാർത്ഥിക്കുക എന്ന് ഹദീസിലുണ്ട്. തിരുഗേഹങ്ങളുടെ സേവനത്തിൽ മുഴുകുന്നവർ മുസ്ലിംകൾക്ക് നന്മ ചെയ്യുന്നവരാണ്. അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ടി കഠിനപ്രയത്നം നടത്തുന്നവരാണ്. തിരുഗേഹങ്ങളുടെ സേവകനും കിരീടാവകാശിയും അവർക്ക് നേതൃത്വം നൽകുന്നു. അവർക്ക് വേണ്ടി നിങ്ങൾ പ്രാർഥിക്കുക. നിങ്ങൾക്കും നിങ്ങൾ ഇഷ്ടപ്പെടുന്നവർക്കും മുസ്ലിംകൾക്ക് മൊത്തമായും നിങ്ങൾ പ്രാർഥിക്കുക. അദ്ദേഹം പറഞ്ഞു. ഖുതുബക്ക് ശേഷം പ്രവാചക ചര്യപ്രകാരം ഹാജിമാർ ളുഹർ, അസർ നമസ്‌കാരങ്ങൾ ജംഉം ഖസറുമായി നമസ്‌കരിച്ചു.