മക്ക- പ്രാര്‍ഥനയിലലിഞ്ഞും ആരാധന കര്‍മങ്ങളില്‍ നിരതരായും ഹാജിമാര്‍ ഹജിന്റെ സുപ്രധാന കര്‍മമായ അറഫ മൈതാനത്ത് ഒത്തുചേരുന്നു. സൗദിയില്‍ നിന്നും വിദേശത്ത് നിന്നുമെത്തിയ 20 ലക്ഷത്തിലധികം ഹാജിമാര്‍ അറഫയെ ശുഭ്രസാഗരമാക്കി.
ഇന്ന് പുലര്‍ച്ചെയോടെയാണ് മിനയില്‍ നിന്ന് അറഫയിലേക്ക് ഹാജിമാരുടെ ഒഴുക്ക് തുടങ്ങിയത്. ഉച്ചക്ക് മുമ്പേ എല്ലാ ഹാജിമാരെയും അറഫയിലെത്തിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഹാജിമാരുടെ നീക്കം ക്രമീകരിക്കാന്‍ സുരക്ഷ സേന റോഡുകളിലും മറ്റും സാന്നിധ്യമുറപ്പിച്ചു. ബസുകളിലെത്തുന്നവരും മെട്രോകളിലെത്തുന്നവരെയും നേരത്തെ നിശ്ചയിച്ചതനുസരിച്ച് തമ്പുകളിലേക്കും മറ്റും തിരിച്ചുവിട്ടു. രോഗികളായി ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ നേരത്തെ തന്നെ അറഫയിലെ ജബലുറഹ്മ ആശുപത്രിയിലെത്തിച്ചിരുന്നു.
അറഫയിലെ മസ്ജിദു നംറയില്‍ ളുഹറും അസറും ഒരു ബാങ്കിനും രണ്ടു ഇഖാമത്തിനും ശേഷം രണ്ട് റകഅത്ത് വീതം ചുരുക്കി ഹാജിമാര്‍ നിര്‍വഹിച്ചു. ശൈഖ് യൂസുഫ് ബിന്‍ സഈദ് ആണ് അറഫ ഖുതുബ നിര്‍വഹിച്ചത്. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ അറഫ വിടും. മുസ്ദലിഫയിലെത്തി മഗ് രിബും ഇശായും നിസ്‌കരിച്ച് പുലരും വരെ അവിടെ കഴിച്ചുകൂട്ടും.