കാസര്‍കോട് - വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയെ നീലേശ്വരം പോലീസ് ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് വിദ്യ ചോദ്യം ചെയ്യലിനായി ഹാജരായത്. കാസര്‍കോട് കരിന്തളം കോളേജില്‍ വ്യാജ രേഖയുടെ അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി സമ്പാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. പാലക്കാട്ടെ അട്ടപ്പാടി കോളേജില്‍ അഭിമുഖത്തിന് ചെന്നപ്പോഴാണ് മഹാരാജാസ് കോളേജിന്റെ പേരിലുള്ള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതും വിദ്യ അറസ്റ്റിലായതും. ഇതേ വ്യാജ രേഖ കാണിച്ചാണ് കരിന്തളം കോളേജില്‍ അധ്യപികയായി ജോലി ലഭിച്ചതെന്ന് കണ്ടെത്തിയതോടെയാണ് വിദ്യയക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തത്. പാലക്കാട്ടെ കേസില്‍ റിമാന്‍ഡിലായിരുന്ന വിദ്യയ്ക്ക് ജാമ്യം ലഭിച്ചതോടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നീലേശ്വരം പോലീസ് വിദ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൊവ്വാഴ്ചയേ ഹാജരാകുകയുള്ളൂവെന്നും വിദ്യ പോലീസിനെ നേരത്തെ അറിയിച്ചിരുന്നു.