ന്യൂദല്‍ഹി-കൃത്രിമ ബീജസങ്കലനത്തില്‍ ആശുപത്രി കൃത്രിമം കാട്ടിയെന്ന ദമ്പതിമാരുടെ പരാതിയില്‍ പടിഞ്ഞാറന്‍ ദല്‍ഹിയിലെ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴചുമത്തി ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാരകമ്മിഷന്‍. ചികിത്സയിലൂടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളുടെ രക്തഗ്രൂപ്പ് ദമ്പതിമാരുടേതുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരാതി നല്‍കുകയും കമ്മിഷന്‍ പിഴയിടുകയുംചെയ്തത്.
വിവാഹശേഷം ഏറെനാളുകളായി കുട്ടികളില്ലാതിരുന്ന ദമ്പതിമാര്‍ 2008-ലാണ് ന്യൂഡല്‍ഹിയിലെ ഭാട്ടിയ ഗ്ലോബല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായെത്തുന്നത്. കൃത്രിമബീജസങ്കലനത്തിലൂടെ മാത്രമേ ഗര്‍ഭസാധ്യതയുള്ളൂവെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ഭാര്യ ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് ബീജകുത്തിവെപ്പിന് വിധേയമായി. ഭര്‍ത്താവിന്റെ ബീജം തന്നെയാണ് ഇതിനായി ഉപയോഗിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സയെത്തുടര്‍ന്ന് 2009-ല്‍ യുവതി ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. രണ്ടുകുട്ടികളുടെയും പിതാവ് തന്റെ ഭര്‍ത്താവാണെന്നും യുവതി അനുമാനിച്ചു.
എന്നാല്‍, പിന്നീട് കുഞ്ഞുങ്ങളില്‍ ഒരാളുടെ രക്തഗ്രൂപ്പ് പിതാവിന്റേതുമായി സാമ്യമില്ലെന്ന് കണ്ടെത്തിയതോടെയാണ് മാതാപിതാക്കളില്‍ സംശയം ജനിച്ചത്. തുടര്‍ന്നുള്ള പിതൃത്വപരിശോധനയിലാണ് കുട്ടിയുടെ ശരിക്കുള്ള പിതാവ് പരാതിക്കാരിയുടെ ഭര്‍ത്താവല്ലെന്ന് തിരിച്ചറിഞ്ഞത്. അശ്രദ്ധയ്ക്കും സേവനത്തിലെ അപാകത്തിനും നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട് ഉപഭോക്തൃകേസ് ഫയല്‍ചെയ്യുകയായിരുന്നു.
കൃത്രിമ ബീജസങ്കലന ക്ലിനിക്കുകളുടെയും അതിലേര്‍പ്പെടുന്ന ആശുപത്രികളുടെയും പ്രവര്‍ത്തനങ്ങളില്‍ സുതാര്യതയുറപ്പാക്കാന്‍ ആരോഗ്യമന്ത്രാലയവും ദേശീയ മെഡിക്കല്‍ കമ്മിഷനും നടപടിയെടുക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഡി.എന്‍.എ. പ്രൊഫൈലിങ് എ.ആര്‍.ടി. സെന്ററുകള്‍ക്ക് നിര്‍ബന്ധമാക്കണമെന്നും കമ്മിഷന്‍ പറഞ്ഞു.