Sorry, you need to enable JavaScript to visit this website.

നടിയെ പീഡിപ്പിച്ച കേസ്: കസ്റ്റഡിയിലിരിക്കെ മെമ്മറി  കാര്‍ഡ് തുറന്നതില്‍ ഗൂഢാലോചനയെന്ന് അതിജീവിത

കൊച്ചി- നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതുവഴി നിര്‍ണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്ന് അതിജീവിത ഹൈക്കോടതിയില്‍ പറഞ്ഞു. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈല്‍ ഫോണില്‍ മെമ്മറി കാര്‍ഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരിയായ അതിജീവിത നല്‍കിയ ഹര്‍ജിയാണു ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. കേസില്‍ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ നിലപാട് അറിയിക്കാന്‍ സമയം ചോദിച്ചതിനെ തുടര്‍ന്നു ഹര്‍ജി ഏഴിലേക്കു മാറ്റി.
പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണു കോടതി അനുമതി നല്‍കിയതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീം കോടതി അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടര്‍ന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. തുടര്‍ന്ന് 2021 ജൂലൈ 19നു പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ഒറിജിനല്‍ മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പതിപ്പാണു പെന്‍ഡ്രൈവിലുള്ളത്. എന്നാല്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്ത വിവോ ഫോണില്‍ ഒറിജിനല്‍ മെമ്മറികാര്‍ഡ് അന്ന് ഇട്ടിടുണ്ടെന്നാണു ഫൊറന്‍സിക് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. ഗുരുതരമായ ഗൂഢാലോചനയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്.
മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇടുമ്പോള്‍ പകര്‍ത്താനും എളുപ്പമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളാണു കേസിലെ മുഖ്യ തെളിവ്. ദൃശ്യങ്ങള്‍ മാറ്റുകയോ നശിപ്പിക്കുകയോ അവയില്‍ കൃത്രിമം കാട്ടുകയോ ചെയ്താല്‍ പ്രോസിക്യൂഷന്‍ കേസിനെ സാരമായി ബാധിക്കും. നിര്‍ണായകമായ തെളിവു നശിപ്പിക്കാനുള്ള ശ്രമം നടത്തിയവര്‍ വിജയിച്ചോ എന്നത് അന്വേഷണത്തിലാണു തെളിയേണ്ടത്. ഒന്നാം പ്രതിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9നും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബര്‍ 13നും രാത്രി മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഇതിനു മുന്‍പു പരിശോധിച്ചിട്ടുണ്ട്. ഉപയോഗിച്ച കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയേതെന്നു കണ്ടുപിടിക്കണം.
മെമ്മറി കാര്‍ഡില്‍ വന്ന മാറ്റങ്ങള്‍, വിഡിയോകള്‍ പുറത്തുകൊണ്ടുപോയിട്ടുണ്ടോ, അതുപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തണം. കാര്‍ഡിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്നാലുള്ള പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നും വ്യക്തമാക്കി. അതിജീവിതയുടെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി എതിര്‍ത്തില്ല. അന്തിമ ഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News