Sorry, you need to enable JavaScript to visit this website.

സെമി ഫൈനലിനിറങ്ങുന്ന യൂറോപ്യന്‍ ടീമുകളിലെ അറബ് താരങ്ങള്‍ ഇവര്‍

നാസെര്‍ ഷാദ്‌ലി
മറുവന്‍ ഫെലൈനി
ഡ്രെയിസ് മാര്‍ടിന്‍സ്
ആദില്‍ റമി
നബീല്‍ ഫെക്കിര്‍

മോസ്‌കോ- റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍സ് ഒടുവില്‍ ഒരു യൂറോ കപ്പായി മാറിയിരിക്കുകയാണെന്ന തമാശയാണ് പലരും പങ്കുവയ്ക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റു മുട്ടുന്നത് യുറോപ്പിലെ കരുത്തരായ നാലു ടീമുകളാണ്. അറബ് രാജ്യങ്ങളുടെ ടീമുകളെല്ലാം നേരത്തെ തന്നെ പുറത്തായെങ്കിലും ഇനി കളത്തിലിറങ്ങുന്ന യുറോപ്യന്‍ ടീമുകളില്‍ അറബ് വംശജരായ താരങ്ങളും ഉണ്ട്. ഇരട്ട പൗരത്വമുള്ള അഞ്ച് അറബ് താരങ്ങളാണ് ഈ യൂറോപ്യന്‍ ടീമുകളില്‍ പന്തുതട്ടുന്നത്. ഇവരെ അറിയാം. 

1. നാസെര്‍ ഷാദ്‌ലി
കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ബെല്‍ജിയം ടീമിലെ മിഡ്ഫീല്‍ഡറാണ് നാസെര്‍ ഷാദ്‌ലി. ബെല്‍ജിയത്തിന് ക്വാര്‍ട്ടറിലേക്ക് വഴിതുറന്ന ജപ്പാനെതിരായ മത്സരത്തിലെ വിജയ ഗോള്‍ ഷാദ്‌ലിയുടെ ബൂട്ടില്‍ നിന്നായിരുന്നു. മൊറോക്കന്‍ വംശജനായ ഷാദ്‌ലിക്ക് ഇരട്ട പാസ്‌പോര്‍ട്ടുണ്ട്. 2010ല്‍ മൊറോക്കന്‍ ദേശീയ ടീമില്‍ കളിച്ചിട്ടുള്ള ഷാദ്‌ലി വൈകാതെ ബെല്‍ജിയം ടീമിലേക്ക് കുടിയേറുകയായിരുന്നു. 2011 മുതല്‍ ബെല്‍ജിയം ടീമിന്റെ ഭാഗമാണ്. 

2. മറുവന്‍ ഫെലൈനി
ബെല്‍ജിയം ടീമിലെ മറ്റൊരു മിഡ്ഫീല്‍ഡര്‍. മൊറോക്കന്‍ വംശജനായ ഫെലൈനി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമാണ്. മൊറോക്കന്‍ പ്രാദേശിക ക്ലബായ രാജ കാസബ്ലാങ്കയുടെ ഗോള്‍കീപ്പറായിരുന്നു ഫെലൈനിയുടെ പിതാവ്. 2008-ല്‍ മൊറോക്കന്‍ ഒളിമ്പിക് ദേശീയ ടീമില്‍ ഇടം നേടാന്‍ ശ്രമിച്ചെങ്കിലും തഴയപ്പെട്ടു. ഒരു ഫുട്‌ബോള്‍ കളിക്കാരന് ആവശ്യമായ ഉയരം ഇല്ലെന്ന് കോച്ചിന്റെ കണ്ടെത്തല്‍.

3. ഡ്രെയിസ് മാര്‍ടിന്‍സ്
ബെല്‍ജിയം ടീമിലെ മറ്റൊരു മോറോക്കന്‍ വംശജന്‍. ഫേര്‍വേഡ് ആണ്. നപോളിക്കു വേണ്ടി കളിക്കുന്നു. 

4. ആദില്‍ റമി
മൊറോക്കന്‍ വംശജനായ ആദില്‍ റമി ഫ്രാന്‍സ് ടീമിലെ ഡിഫന്‍ഡറാണ്. മൊറോക്കാന്‍ മാതാപിതാക്കളുടെ മകനായി ഫ്രാന്‍സില്‍ 1985-ലാണ് ജനനം. ഫ്രഞ്ച് ക്ലബായ മാര്‍സെലിക്കു വേണ്ടി കളിക്കുന്നു. 51കാരിയായ അമേരിക്കന്‍ നടിയും മോഡലുമായ പമേല ആന്‍ഡേഴ്‌സന്റെ ബോയ്ഫ്രണ്ട് എന്ന പേരിലും പ്രശസ്തനാണ്. 2008-ല്‍ മൊറോക്കോയില്‍ റമിയെ ചൊല്ലി ഒരു വിവാദവുമുണ്ടായി. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ മൊറോക്കോ ദേശീയ ടീമില്‍ കളിക്കാന്‍ റമിയെ ക്ഷണിച്ചതാണ് വലിയ ചര്‍ച്ചയായത്. എന്നാല്‍ ഫ്രാന്‍സിനു വേണ്ടി കളിക്കുകയാണ് തന്റെ അഭിലാഷമെന്നു പറഞ്ഞു റമി ഈ ഓഫര്‍ തള്ളുകയായിരുന്നു.

5. നബീല്‍ ഫെക്കിര്‍
ഫ്രാന്‍സ് ടീമിലെ മിഡ്ഫീല്‍ഡറായ ഫെക്കിര്‍ ജനിച്ചത് 1993ല്‍ ഫ്രാന്‍സിലാണ്. അള്‍ജീരിയന്‍ പാസ്‌പോര്‍ട്ടും കൈവശമുണ്ട്. ലിയോണ്‍ താരമായ ഫെക്കിര്‍ 2015 മുതല്‍ ഫ്രഞ്ച് ദേശീയ ടീമിന്റെ ഭാഗമാണ്. 2017-ല്‍ അള്‍ജീരയന്‍ ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കിലും അതു നിരസിച്ചു. ഫ്രഞ്ച് ദേശീയ ടീമില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Latest News