കൊച്ചി- വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ എസ്.എഫ്.ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിന്‍ സി.രാജ് പോലീസ് കസ്റ്റഡിയിലായി, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കായംകുളം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം പോലീസിന് പിടികൂടാനായി. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ച് ചോദ്യം ചെയ്യും.
വ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സര്‍ട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജന്‍സിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിന്‍ സി.രാജും പിടിയിലാകുന്നത്. ഇയാള്‍ മാലിദ്വീപിലായിരുന്നെന്നാണ് വിവരം. രണ്ടുലക്ഷം രൂപ നിഖില്‍ തോമസില്‍നിന്നു വാങ്ങിയാണ് അബിന്‍ സി.രാജ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിനായി അബിന്‍, അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. എറണാകുളത്തെ ഓറിയോണ്‍ എന്ന എജന്‍സി വഴിയാണ് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഇടപാടിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.