Sorry, you need to enable JavaScript to visit this website.

ശൈഖ് തമീം ബിൻ ഹമദ് അൽതാനി: പത്തര മാറ്റിന്റെ തിളക്കത്തിൽ ഭരണ സാരഥ്യത്തിന്റെ പത്താണ്ട്

അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി

ദോഹ- പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ തന്റേടമുള്ള നിലപാടുകളിലൂടെ ശ്രദ്ധേയനായ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അമീറായി ചുമതലയേറ്റ് പത്ത് വർഷം പൂർത്തിയാകുന്നു. പത്തര മാറ്റിന്റെ തിളക്കത്തിൽ ഭരണ സാരഥ്യത്തിന്റെ പത്താണ്ട് പൂർത്തിയാകുമ്പോൾ തലയെടുപ്പോടെ ഖത്തറെന്ന കൊച്ചു രാജ്യത്തെ ലോകത്തിന്റെ നെറുകെയിലെത്തിച്ചാണ് മുന്നേറ്റം തുടരുന്നത്.
ധീരവും നീതിയുക്തവുമായ നിലപാടുകളും സമീപനങ്ങളും പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്. പരസ്പര സ്‌നേഹ ബഹുമാനങ്ങളും സഹകരണവുമാണ് ആധുനിക ലോകത്തിനാവശ്യം. ഉന്നതമായ മൂല്യങ്ങൾ മുറുകെ പിടിച്ച് ലോകത്തിന്റെ സമഗ്ര പുരോഗതിക്കായി ഒറ്റക്കെട്ടായി മുന്നേറണമെന്ന ആഹ്വാനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ്.
ശൈഖ് തമീം അധികാരമേറ്റതിന്റെ പത്ത് വർഷം തികയുന്നതിന്റെ ഭാഗമായി ഖത്തറിന് മേഖലയിൽ നിന്നുള്ള വിവിധ നേതാക്കളാണ് അഭിനന്ദന സന്ദേശങ്ങൾ അയച്ചത്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും ശൈഖ് തമീമിനെ അഭിനന്ദിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ ശൈഖ് തമീമിന്റെ കീഴിൽ ഖത്തറിലുടനീളം വ്യാപിച്ച വികസനത്തെ അഭിനന്ദിച്ചു കൊണ്ട് കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഖത്തർ നേതാവിനെ അഭിനന്ദിച്ചു.
2017 ലെ ജി.സി.സി രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നുണ്ടായ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ബന്ധം ഊഷ്മളമായ സാഹചര്യത്തിൽ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഖത്തർ അമീറിന് അഭിനന്ദന സന്ദേശം അയച്ചു. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഷെയ്ഖ് തമീമിനെ 
അഭിനന്ദിച്ചു.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അറബ്, മുസ് ലിം രാഷ്ട്രമായി മാറിയത് ഷെയ്ഖ് തമീമിന്റെ നേട്ടമാണ്. കഴിഞ്ഞ ദശകത്തിൽ ഖത്തറിന്റെ ശ്രദ്ധേയമായ വളർച്ച അതിന്റെ ഭൂമിശാസ്ത്രപരമായി ചെറിയ വലിപ്പവും ആഗോള തടസ്സങ്ങളും മറികടന്നുള്ളതായിരുന്നു. ഫിഫയുടെ ചരിത്രത്തിലെ ഐതിഹാസിക വിജയമായി മാറിയ ലോകകപ്പ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്കും രാജ്യത്തിനും ഒരു തിലകക്കുറിയാണ്.
സാമ്പത്തിക, സാമൂഹ്യ, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലും വാണിജ്യ വ്യാവസായിക മേഖലകളിലും മാതൃകാപരമായ മുന്നേറ്റം നടത്തുന്ന ഖത്തർ അമീറിന്റെ ഭരണ സാരഥ്യത്തിന്റെ പത്താണ്ട് എന്തുകൊണ്ടും ശ്രദ്ധേയമാണ്. 2013 ജൂൺ 25 നാണ് പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി ഔദ്യോഗികമായി രാജ്യത്തിന്റെ നേതൃത്വം മകൻ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറിയത്.

Latest News