തിരുവനന്തപുരം - ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ നടന്‍ കൃഷ്ണകുമാര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത വിശാല്‍ ജനസഭ പരിപാടിയില്‍ വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്നും പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും പറഞ്ഞാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. ബി ജെ പി ദേശീയ കൗണ്‍സില്‍ അംഗമായ തന്നെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഫോണില്‍ പോലും ബന്ധപ്പെട്ടില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ വിശാല്‍ ജനസഭയാണ് ഇന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിയിലേക്കാണ് കൃഷ്ണകുമാറിനെ ക്ഷണിക്കാതിരുന്നത്.