Sorry, you need to enable JavaScript to visit this website.

ജയിലറുടെ മൂക്ക് ഇടിച്ചുപൊട്ടിച്ച ആകാശ് തില്ലങ്കേരിയെ ജയിൽ മാറ്റി

തൃശൂർ-യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയെ ജയിൽ ഉദ്യോഗസ്ഥനെ തല്ലിയതിനെ  തുടർന്ന്  ജയിൽ മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ വിയ്യൂരിൽ തന്നെയുള്ള അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേക്ക്  മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. അസിസ്റ്റന്റ് ജയിലറുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.  സംഭവത്തെ കുറിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. സാക്ഷികളായ ജീവനക്കാരുടെ മൊഴിയെടുത്തു. കോടതി അനുമതിയോടെ  ആകാശ് തില്ലങ്കേരിയുടെ മൊഴിയെടുക്കും.

ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം തില്ലങ്കേരിയെ ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണികൊണ്ടു മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.   കാപ്പ തടവുകാരനാണ് ഷുഹൈബ്  കൊലക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.
അസിസ്റ്റന്റ് സൂപ്രണ്ടിന്റെ പരാതിയിലാണ്  ജയിൽ ഉദ്യോഗസ്ഥനെ തല്ലിയ കേസിൽ ഇയാൾക്കെതിരെ കേസെടുത്തത്. ആകാശിന്റെ സെല്ലിലേക്കുള ഫാൻ ഓഫാക്കിയതുമായി  ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.
 

Latest News