തലശ്ശേരി- മുഴപ്പിലങ്ങാട് കുളം ബസാർ മസ്ജിദിലേക്കുള്ള പ്രവേശന കവാടത്തിൽ താൽക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചതായി പരാതി. ദേശീയ പാതാ വികസനത്തിനുള്ള അക്വിസിഷന്റെ ഭാഗമായി ഭാഗികമായി പൊളിച്ചതിന് ശേഷം പള്ളിയുടെ ബാക്കി ഭാഗത്ത് പ്രാർത്ഥന നടന്നു വരികയാണ്. ഇതിനിടെ ശനിയാഴ്ച രാവിലെയാണ് റോഡിൽ നിന്ന് പള്ളിയിലേക്ക് പ്രാർത്ഥനക്കായി കയറി വരുന്ന സ്ഥലത്ത് ഷെഡ് സ്ഥാപിച്ചത്. പ്രഭാത നമസ്‌കാരത്തിന് ആളുകൾ എത്തിയപ്പോഴാണ് പള്ളിയുടെ പ്രവേശന വഴിയിൽ തന്നെ ഇരുമ്പ് പൈപ്പ് നാട്ടി ഇതിന് മുകളിൽ ഫ്‌ളക്‌സ് ഷീറ്റ് കെട്ടി പന്തൽ പോലെ ഉയർത്തിയതായി കണ്ടത്. ഇതിൽ വെയിൽ കൊള്ളാതെ ബസ്സ് കാത്ത് നിൽക്കുന്ന സ്ഥലം എന്ന ബോർഡും വെച്ചിട്ടുണ്ട്..
സി.പി .എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് പള്ളി കമ്മിറ്റി സെക്രട്ടറി ചേരിക്കല്ലിൽ മായിനലി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം നേതാക്കളെ കണ്ടു സംസാരിച്ചെങ്കിലും ഇത് ഇതുവരെ നീക്കം ചെയ്തിട്ടില്ല. നിർമ്മാണം നടക്കുന്ന റോഡിൽ ഇതു വരെ വാഹന ഗതാഗതമോ ബസ്സ് സർവീസോ തുടങ്ങിയിട്ടില്ല. സ്ഥലത്ത് തിരക്കിട്ട് ബസ് ഷെൽട്ടർ സ്ഥാപിച്ചത് സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കുവാനുള്ള ബോധപൂർവ്വമുള്ള നീക്കമാണിതെന്ന് പരാതിയിൽ പറയുന്നു. പോലീസ് ഇടപെട്ട് പന്തൽ പൊളിച്ചു മാറ്റി നാട്ടിൽ സമാധാനം ഉണ്ടാക്കണമെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ പരാതിയിൽ ചൂണ്ടിക്കാട്ടി.