തിരുവനന്തപുരം - വന്‍കിടക്കാരില്‍ നിന്ന് വാങ്ങിയ രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ ഉന്നത സി പി എം നേതാവ് കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടു പോയെന്ന് സി പി എം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ദേശാഭിമാനി മുന്‍ പത്രാധിപ സമിതി അംഗം ജി ശക്തിധരന്റെ ആരോപണം. ഫെയ്‌സ്ബുക് പോസ്റ്റിലൂടെയാണ് നേതാവിന്റെ പേര് വെളിപ്പെടുത്താതെ ശക്തിധരന്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
തനിക്കെതിരെ സി പി എം പ്രൊഫൈലുകളില്‍ നിന്ന് ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണ് ശക്തിധരന്‍ പോസ്റ്റിട്ടത്. കൊച്ചിയില്‍ കലൂരിലെ തന്റെ ഓഫീസില്‍ മുറിയില്‍ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതോലപ്പായയില്‍ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയതെന്നും ആരോപിക്കുന്നു. തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍വരെ പ്രശസ്തനായ നേതാവാണ് ഇദ്ദേഹമെന്ന സൂചന ശക്തിധരന്‍ പങ്കുവെയ്ക്കുന്നു. ഒരിക്കല്‍ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരന്‍ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുന്നയിച്ചിട്ടുണ്ട്. ഇതില്‍ ഒരു കവര്‍ പാര്‍ട്ടി സെന്ററില്‍ ഏല്‍പ്പിച്ചു. കവര്‍ തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തില്‍ എണ്ണിയപ്പോള്‍ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കുമെന്നും ശക്തിധരന്‍ ആരോപിക്കുന്നു. തനിക്കെതിരായി ഇനിയും സൈബര്‍ ആക്രമണം തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ശക്തിധരന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ശക്തിധരന്റെ ആരോപണം കോണ്‍ഗ്രസ് ഏറ്റെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.