മിന - ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ഹാജിമാർക്ക് ആരോഗ്യ പരിചരണങ്ങളും ചികിത്സകളും നൽകാനുള്ള സുസജ്ജതയും ഹജിനുള്ള അവസാന ഒരുക്കങ്ങളും വിലയിരുത്താൻ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ മിനായിലെ ആശുപത്രികളിൽ സന്ദർശനങ്ങൾ നടത്തി. മിനായിലെ മുഴുവൻ ആശുപത്രികളും മന്ത്രി സന്ദർശിക്കുകയും ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ജീവനക്കാരുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. മിന അൽവാദി, മിന അൽശാരിഅ് അൽജദീദ്, മിന അൽജിസ്ർ, മിന അൽത്വവാരിഅ് എന്നീ ആശുപത്രികളിലായിരുന്നു സന്ദർശനം.
ഹജ് സീസണിലേക്കായി സുസജ്ജമാക്കിയ റെഡ് ക്രസന്റിന്റെ ആംബുലൻസുകൾ സന്ദർശനത്തിടെ മന്ത്രി ഉദ്ഘാടനം ചെയ്തു. നൂതന വിവരങ്ങളും ആശയവിനിമയ ശൃംഖലയും മുഖേനെ ആരോഗ്യ നില, മുൻകൂർ മുന്നറിയിപ്പ്, മാർഗനിർദേശം, തന്ത്രപ്രധാനമായ ആരോഗ്യ തീരുമാനങ്ങളുടെ ഫോളോ-അപ്പ് എന്നിവയുടെ സൂചകങ്ങൾ നിരീക്ഷിക്കാനുള്ള കേന്ദ്രമായ മിന അൽത്വവാരിഅ് ആശുപത്രിയിലെ കമാൻഡ് ആന്റ് കൺട്രോൾ സെന്റർ, ആരോഗ്യ കാര്യങ്ങളെ കുറിച്ച് ഹാജിമാരെ ബോധവൽക്കരിക്കുന്ന മീഡിയ സെന്റർ എന്നിവയും മന്ത്രി സന്ദർശിച്ചു.