മിന - ഹജ് സുരക്ഷ തകർക്കാനും തീർഥാടകരെ ബുദ്ധിമുട്ടിക്കാനുമുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ്. തീർഥാടകർക്കും അവർക്ക് നൽകുന്ന സേവനങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഒരുവിധ കോട്ടങ്ങളും തട്ടിക്കാൻ ആരെയും അനുവദിക്കില്ല. ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളുമായും സഹകരിച്ച് ഹജ് സുരക്ഷ ഉറപ്പുവരുത്താൻ കമാൻഡ് റൂം സജ്ജീകരിച്ചിട്ടുണ്ട്.
ഒരുവിധ പ്രശ്‌നങ്ങളുമില്ലാതിരിക്കാൻ ഹജ് തീർഥാടകർ സുരക്ഷാ സൈനികരുമായി സഹകരിക്കണം. ഈ വർഷത്തെ ഹജിന് ഒരുവിധ പ്രശ്‌നങ്ങളുമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കൊല്ലവും വരും വർഷങ്ങളിലും ഹാജിമാർ സുരക്ഷിതമായും പ്രയാസരഹിതമായും കർമങ്ങൾ നിർവഹിക്കുന്ന സുരക്ഷിത ഹജ് ആയിരിക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങൾ പബ്ലിക് പ്രോസിക്യൂഷൻ പൂർത്തിയാക്കിയിട്ടുണ്ട്. പുണ്യസ്ഥലങ്ങൾക്കിടയിൽ പബ്ലിക് പ്രോസിക്യൂഷൻ ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ എളുപ്പമാക്കാൻ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.