ഇപ്പോഴിതാ രാജ്യം മറ്റൊരു ഫാസിസ്റ്റ് ഭീഷണി നേരിടുമ്പോൾ ബിഹാർ വീണ്ടും ശ്രദ്ധേയമാകുകയാണ്. ആർ.എസ്.എസ് 1925 ൽ നടത്തിയ പ്രഖ്യാപനമനുസരിച്ച് 100 ാം വർഷം 2025 ൽ ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമാകേണ്ടതാണ്. ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50 ാം വർഷവുമാണത്. ആ നീക്കത്തെ തടയാനുള്ള ഏക സാധ്യതയാണ് അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്. 1977 ലെ മഹത്തായ ഇന്ത്യൻ ചരിത്രം ആവർത്തിക്കുമോ എന്നാണ് ലോകം തന്നെ ഉറ്റുനോക്കുന്നത്.
അന്നത്തേക്കാൾ എത്രയോ ഭയാനകമായ ഫാസിസത്തിന്റെ അട്ടഹാസം കൂടുതൽ കൂടുതൽ ശക്തമാകുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് അടിയന്തരാവസ്ഥയുടെ ഒരു ഓർമ ദിനം കൂടി കടന്നു വരുന്നത്. അപ്പോഴും മറുവശത്ത് മറ്റൊരു പ്രതീക്ഷയും ഉടലെടുക്കുന്നു എന്നത് കാണാതിരിക്കാനാവില്ല. അന്നത്തെ അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രം ബിഹാറായിരുന്നെങ്കിൽ ഇപ്പോഴിതാ അതേ ബിഹാറിൽ നിന്നു ഫാസിസത്തിനെതിരെ വിശാല സഖ്യം രൂപപ്പെടുന്നു എന്ന വാർത്തയാണത്. അന്ന് ജയപ്രകാശ് നാരായണാണ് അതിനു ചുക്കാൻ പിടിച്ചതെങ്കിൽ ഇപ്പോൾ നിതീഷ് കുമാറും.
പലപ്പോഴും പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണെങ്കിലും ആവർത്തിക്കട്ടെ. അന്നത്തെ അടിയന്തരാവസ്ഥയും ഇപ്പോൾ നമുക്കു മുന്നിൽ അട്ടഹാസം മുഴക്കുന്ന ഹിന്ദുത്വ പാസിസവും തമ്മിൽ ഒരു താരതമ്യം പോലും അർഹിക്കുന്നില്ല. അധികാരം നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ഇന്ദിരാഗാന്ധി എന്ന വ്യക്തി അത് ഊട്ടിയുറപ്പിക്കാൻ പ്രഖ്യാപിച്ച ഒന്നായിരുന്നു 1975 ലെ അടിയന്തരാവസ്ഥ. പിന്നീട് രണ്ടു വർഷത്തോളം രാജ്യത്ത് നടന്നത് നരനായാട്ടായിരുന്നു എന്നതിൽ സംശയമില്ല. അപ്പോഴും ശക്തമായ ഒരു ഫാസിസ്റ്റ് പ്രത്യയശാസ്ത്രമോ സംഘടനയോ അതിനു പിറകിലുണ്ടായിരുന്നില്ല. അതിനാൽ തന്നെ അത് അധികകാലം തുടരില്ല എന്നു വ്യക്തമായിരുന്നു. എന്നാൽ നവ ഫാസിസത്തിന്റെ അവസ്ഥ അതല്ല. ഒരുപക്ഷേ ഔദ്യോഗികമായ അടിയന്തരാവസ്ഥ പ്രഖ്യാപനം സംഭവിക്കണമെന്നില്ല. എന്നാൽ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻവിജയം ലഭിക്കുകയാണെങ്കിൽ നടപ്പാക്കാൻ പോകുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥ പഴയതുമായി താരതമ്യം പോലും അർഹിക്കാത്തതാകുമെന്നതിൽ സംശയം വേണ്ട. കാരണം അതൊരു വ്യക്തി പ്രഖ്യാപിക്കുന്ന ഒന്നായിരിക്കില്ല. ഒരു രാജ്യത്തിന്റെ പട്ടാളത്തേക്കാൾ കരുത്തുള്ള ഒരു ഫാസിസ്റ്റ് സംഘടന, അതിന്റെ മുഖമായ പാർട്ടിയിലൂടെ, ലോകം ഇന്നോളം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ ഒരു പ്രത്യയ ശാസ്ത്രത്തിന്റെ പിന്തുണയോടെ, മതരാഷ്ട്രം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഒന്നായിരിക്കും എന്നതാണ്. ഈ നവ ഫാസിസത്തിനു മുന്നിൽ ഹിറ്റ്‌ലർ പോലും തലകുനിക്കാനാണിട.
ഇന്ദിരാഗാന്ധിയോട് ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ്‌നാരായണൻ അവർക്കെതിരെ തെരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് അലഹബാദ് ഹൈക്കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു. 1975 ജൂൺ 12 നു ജസ്റ്റിസ് ജഗ്‌മോഹൻലാൽ സിൻഹ ഈ കേസിൽ ഇന്ദിരാഗാന്ധിയെ കുറ്റക്കാരിയായി വിധിക്കുകയും തെരഞ്ഞെടുപ്പും ലോക്‌സഭ സീറ്റും റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്നു വിലക്കുകയും ചെയ്തു.
തുടർന്ന് രാജ്യം കണ്ടത് ഏകാധിപത്യത്തിന്റെ യഥാർത്ഥ മുഖമായിരുന്നു. പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും ജനങ്ങളെയും അറസ്റ്റ് ചെയ്തു. ഒരുപാട് പേർ ലോക്കപ്പിൽ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തു. നിരവധി സംഘടനകൾ നിരോധിക്കപ്പെട്ടു. മാധ്യമങ്ങൾക്ക് കടിഞ്ഞാണിട്ടു. പാർലമെന്റിനെ പൂർണമായി കവച്ചുവെക്കുന്ന തരത്തിൽ രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. മറ്റു പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. മകൻ സഞ്ജയ് ഗാന്ധിയായിരുന്നു അന്നു ഇന്ദിരയുടെ ഉപദേഷ്ടാവ്. ഇരുപതിന - അഞ്ചിന പരിപാടികളുടെ പേരിൽ നടന്ന ക്രൂരതകളും ജനാധിപത്യ ധ്വംസനങ്ങളും ഇന്നു ചരിത്രത്തിന്റെ ഭാഗമാണ്. നിർബന്ധിത വന്ധ്യംകരണവും ചേരികൾ ഇടിച്ചുതകർക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു.
അതിനിടയിൽ ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ വിജയിക്കുമെന്ന ഔദ്യോഗിക ഇന്റലിജൻസ് സ്രോതസ്സുകളുടെ റിപ്പോർട്ട് വിശ്വസിച്ച് ഇന്ദിര തെരഞ്ഞെടുപ്പിനു തയാറാകുകയായിരുന്നു. എന്നാൽ പിന്നീട് നടന്നത് ആരും പ്രതീക്ഷിക്കാതിരുന്ന രാഷ്ട്രീയ സംഭവങ്ങളായിരുന്നു. ബിഹാറും ജെ.പിയുമായിരുന്നു അതിന്റെ കേന്ദ്ര ബിന്ദുക്കൾ. അടിയന്തരാവസ്ഥക്കു മുമ്പു തന്നെ സമ്പൂർണ വിപ്ലവത്തിനുള്ള ജെ.പിയുടെ ആഹ്വാനം ബിഹാറിനെയും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും ഇളക്കിമറിച്ചിരുന്നു. വിദ്യാർത്ഥികളായിരുന്നു ഈ മുന്നേറ്റത്തിന്റെ മുൻനിരയിലുണ്ടായിരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ഈ പ്രക്ഷോഭവും പ്രധാന കാരണമായിരുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ ജയപ്രകാശിന്റെ കാർമികത്വത്തിൽ രൂപീകരിച്ച ജനത പാർട്ടിയും സഖ്യകക്ഷികളും ചേർന്ന് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയായിരുന്നു.
അടിയന്തരാവസ്ഥക്കു ശേഷവും ബിഹാർ ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ജയപ്രകാശ് നാരായണിന്റെ അടുത്ത അനുയായിയായിരുന്ന ലാലു പ്രസാദ് യാദവിന്റെ ഭരണകാലം പ്രത്യേകം പരാമർശിക്കണം. മാവോയിസ്റ്റുകൾ ഉന്നയിച്ചിരുന്ന പല ആവശ്യങ്ങളും അംഗീകരിച്ച് ജന്മികൾക്കും അവരുടെ സായുധ സേനക്കും ഒരു പരിധിവരെയെങ്കിലും കടിഞ്ഞാണിടാൻ അദ്ദേഹത്തിനായി. 1990 ൽ ഹിന്ദുത്വ വർഗീയ വിഷം വാരിവിതറി അദ്വാനി നടത്തിയ രഥയാത്രയെ തടയാനുള്ള ധൈര്യം കാണിച്ച ഏക ഭരണാധികാരി മറ്റാരുമായിരുന്നില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ അദ്ദേഹം കാണിച്ച ജാഗ്രതയും പരാമർശിക്കേണ്ടതാണ്. കേന്ദ്ര മന്ത്രിയായപ്പോൾ റെയിൽവേയെ ലാഭകരമാക്കാനും ലാലുവിനായി.
ഇപ്പോഴിതാ രാജ്യം മറ്റൊരു ഫാസിസ്റ്റ് ഭീഷണി നേരിടുമ്പോൾ ബിഹാർ വീണ്ടും ശ്രദ്ധേയമാകുകയാണ്. ആർ.എസ്.എസ് 1925 ൽ നടത്തിയ പ്രഖ്യാപനമനുസരിച്ച് 100 ാം വർഷം 2025 ൽ ഇന്ത്യ ഹിന്ദുത്വ രാഷ്ടമാകേണ്ടതാണ്. ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50 ാം വർഷവുമാണത്. ആ നീക്കത്തെ തടയാനുള്ള ഏക സാധ്യതയാണ് അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്. 1977 ലെ മഹത്തായ ഇന്ത്യൻ ചരിത്രം ആവർത്തിക്കുമോ എന്നാണ് ലോകം തന്നെ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കപ്പെടുക എന്നത് ലോകജനതയുടെ തന്നെ രാഷ്ട്രീയ ആവശ്യമായി മാറിക്കഴിഞ്ഞ സാഹചര്യമാണിത്. ആ ഉത്തരവാദിത്തം ഏറ്റെടുത്ത്, മറ്റഭിപ്രായ ഭിന്നതകളും അധികാര മോഹങ്ങളും മാറ്റിവെച്ച് പ്രതിപക്ഷ കക്ഷികൾ ഒന്നിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. അന്നു ഇത്തരമൊരു നീക്കത്തിനു ചുക്കാൻ പിടിച്ചത് ജെ.പി ആയിരുന്നെങ്കിൽ ഇന്നതിനു ശ്രമിക്കുന്നത് അദ്ദേഹത്തിന്റെ ശിഷ്യനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറാണെന്നത് നൽകുന്നത് ചരിത്രം ആവർത്തിക്കുമെന്ന ശുഭസൂചനയായി തന്നെ കാണണം. കർണാടകം നൽകുന്നതും ശുഭസന്ദേശം തന്നെ.
ഈ കുറിപ്പെഴുതുമ്പോൾ പട്‌നയിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം പുരോഗമിക്കുകയാണ്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) നേതാവ് ശരത് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (ടി.എം.സി), ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ (എ.എ.പി), തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ (ഡി.എം.കെ), സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (ശിവസേന-യു.ബി.ടി). പി.ഡി.പി, സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ (എം.എൽ), നാഷണൽ കോൺഫറൻസ് നേതാക്കൾ തുടങ്ങിയവരൊക്കെ യോഗത്തിൽ പങ്കെടുക്കുന്നു എന്നത് തീർച്ചയായും പ്രതീക്ഷ നൽകുന്നു. ഐക്യത്തിന്റേതായ അന്തരീക്ഷം അവിടെയുണ്ടാകുമെന്നാണ് വാർത്തകൾ നൽകുന്ന സൂചന. ചെന്നൈയിൽ നടക്കാൻ പോകുന്ന അടുത്ത യോഗത്തിൽ മറ്റു പാർട്ടികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഴയ അടിയന്തരാവസ്ഥയിലെ വില്ലന്മാരായിരുന്ന കോൺഗ്രസ് ഈ മുന്നേറ്റത്തിൽ ഭാഗഭാക്കാണെന്നതും അന്നത്തെ നായകന്മാരിൽ ഉൾപ്പെട്ടിരുന്ന ജനസംഘത്തിന്റെ പിൻഗാമികളാണ് ഇപ്പോഴത്തെ വില്ലന്മാരെന്നതും ചരിത്രത്തിന്റെ കാവ്യനീതിയായിരിക്കാം.