തലശ്ശേരി- റഷ്യയില്‍ മെഡിസിന് പഠിക്കുന്ന തലശ്ശേരി സ്വദേശിനി തടാകത്തില്‍ വീണു മരിച്ചു. മുഴപ്പിലങ്ങാട് കുറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷെര്‍ളിയുടെ ഏകമകള്‍ ഇ. പ്രത്യൂഷയാണ് (24) മരിച്ചത്.
റഷ്യയിലെ സ്മോളന്‍സ്‌ക് സ്റ്റേറ്റ് മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു പ്രത്യൂഷ. ഒപ്പം പഠിച്ചിരുന്ന മലയാളി വിദ്യാര്‍ഥികളാണ് പ്രത്യൂഷയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. എന്നാല്‍ പ്രത്യുഷയുടെ മരണത്തെക്കുറിച്ച് കോളജ് അധികൃതര്‍ ഇതുവരെ തങ്ങളെ ഒരു വിവരവും അറിയിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോയപ്പോള്‍ അബദ്ധത്തില്‍ തടാകത്തില്‍ വീഴുകയായിരുന്നുവെന്നാണ് മലയാളി വിദ്യാര്‍ഥികള്‍ ബന്ധുക്കളെ അറിയിച്ചത്. പ്രത്യൂഷയ്ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി അപകടത്തില്‍പ്പെട്ടിരുന്നു. അവരെ രണ്ടുപേരെയും ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുകയായിരുന്നു. കയത്തില്‍ അകപ്പെട്ട പ്രത്യുഷയെ റെസ്‌ക്യൂ സര്‍വീസ് സേനയെത്തിയാണ് പുറത്തെടുത്തത്.
ആഗസ്തില്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു പ്രത്യൂഷ. മൃതദേഹം ബുധനാഴ്ച മുംബൈ വഴി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.