ജിദ്ദ - സൗദി വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽബുനയ്യാനും ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും തമ്മിൽ ചർച്ച. ജി-20 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ന്യൂദൽഹിയിൽ വെച്ച് സൗദി, ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിമാർ പ്രത്യേകം ചർച്ച നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സഹകരണം, ഇരു രാജ്യങ്ങളിലെയും മികച്ച യൂനിവേഴ്‌സിറ്റികൾ തമ്മിൽ ഗവേഷണ മേഖലയിൽ സഹകരണം ശക്തമാക്കൽ, വിദ്യാഭ്യാസ മേഖലാ നിക്ഷേപം, സൗദിയിൽ ഇന്റർനാഷണൽ സ്‌കൂളുകൾ തുറക്കൽ, നൈപുണ്യ, സംരംഭകത്വ മേഖലാ സഹകരണം എന്നിവ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഇരുവരും വിശകലനം ചെയ്തു.