Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലെ ശിഹാബ് ചോറ്റൂർ; 5,400 കിലോമീറ്റർ കാൽനടയായി താണ്ടി പാക് യുവാവ് മിനായിൽ

മിന - പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ സ്വദേശത്തു നിന്ന് 5,400 കിലോമീറ്റർ ദൂരം കാൽനടയായി താണ്ടി പാക് യുവാവ് ഉസ്മാൻ അർശദ് ഹജ് കർമം നിർവഹിക്കാൻ മിനായിലെത്തി. അല്ലാഹുവുമായി കൂടുതൽ അടുക്കാനുള്ള അവസരമായാണ് ഈ യാത്രയെ താൻ കണ്ടതെന്ന് 26 കാരൻ പറഞ്ഞു. ദൈവത്തിന്റെ വൈവിധ്യമാർന്ന സൃഷ്ടികളെ മനുഷ്യൻ വഴിയിൽ കാണുന്നു. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കാൽനടയായി സഞ്ചരിച്ചപ്പോൾ ഞാൻ ഇത് അനുഭവിച്ചു. 
കാൽനടയായി പുണ്യഭൂമിയിലെത്തി ഹജ് നിർവഹിക്കാനുള്ള ഉദ്ദേശ്യം അറിയിച്ചപ്പോൾ തുടക്കത്തിൽ കുടുംബാംഗങ്ങൾ ഈ ആശയത്തെ എതിർത്തു. യാത്രക്കിടെ വല്ല അപകടങ്ങളും പിണഞ്ഞേക്കുമെന്നായിരുന്നു അവരുടെ ഭീതി. വ്യക്തമായ പ്ലാനോടെയാണ് യാത്ര ആസൂത്രണം ചെയ്തതെന്ന് വ്യക്തമായതോടെ അവർ യാത്രക്ക് സമ്മതംമൂളി. പത്തു മാസമെടുത്താണ് യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. വിസ ലഭിക്കാനുള്ള മാർഗങ്ങളും യാത്രക്കിടെ നേരിട്ടേക്കാവുന്ന പ്രസായങ്ങളും അടക്കം യാത്രക്കിടെ കടന്നുപോകുന്ന ഓരോ രാജ്യങ്ങളെയും കുറിച്ച് വിശദമായി പഠിച്ചു. പാക്കിസ്ഥാനിൽ നിന്ന് ഇറാനും യു.എ.ഇയും വഴിയാണ് സൗദിയിൽ പ്രവേശിച്ചത്. ആറു മാസവും 13 ദിവസവുമെടുത്താണ് 5,400 കിലോമീറ്റർ താണ്ടി മക്കയിലെത്തിയത്. ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അനുഭവങ്ങളാണ് യാത്ര സമ്മാനിച്ചത്.  


കടുത്ത ചൂട് കാലത്താണ് പാക്കിസ്ഥാനിൽ നിന്ന് പുണ്യഭൂമി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. തുടക്കത്തിൽ യാത്ര ദുഷ്‌കരമായിരുന്നു. എന്നാൽ പാക്കിസ്ഥാൻ പിന്നിട്ട് ഇറാനിൽ പ്രവേശിച്ചതോടെ കൊടും തണുപ്പ് കാലാവസ്ഥയായി. ഇറാനിൽ ശക്തമായ കാറ്റുമുണ്ടായിരുന്നു. ഇത് കടുത്ത ക്ഷീണമുണ്ടാക്കി. ഇറാനിൽ നിന്ന് യു.എ.ഇയിൽ പ്രവേശിച്ചതോടെ വീണ്ടും ഉഷ്ണ കാലമായി. 
രാത്രി കാലങ്ങളിൽ ജനവാസമില്ലാത്ത മരുഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നു ഏറ്റവും വലിയ ദുഷ്‌കരം. ഇത്തരം പ്രദേശങ്ങളിൽ നേരം പുലരുവോളം ചെറിയ തമ്പിൽ കഴിച്ചുകൂട്ടുകയാണ് ചെയ്തിരുന്നത്. ഭക്ഷണം തീർന്നാൽ ചെറിയ റൊട്ടിക്കഷ്ണം മാത്രം കഴിച്ചാണ് യാത്ര തുടർന്നിരുന്നത്. ദീർഘയാത്ര കാലുകളിൽ പരിക്കുണ്ടാക്കി. എന്നാൽ ഒരിക്കൽ പോലും നിരാശയോ പിന്മാറണമെന്നോ തോന്നിയില്ല. വിശുദ്ധ ഹറമിൽ എത്തണമെന്ന ആശയും മനോഹരമായ ലക്ഷ്യത്തെ കുറിച്ച ചിന്തയും ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കാതിരിക്കാൻ സഹായിച്ചതായും ഉസ്മാൻ അർശദ് പറയുന്നു.

Latest News