കൊച്ചി - സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു ശസ്ത്രക്രിയ. കാലിലെ ലിഗ്മെന്റിൽ കീഹോൾ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുറഞ്ഞത് രണ്ടുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചത്.
വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെയാണ് പൃഥ്വിരാജിന് പരുക്കേറ്റത്. മറയൂരിൽ വച്ച് ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം.