കോഴിക്കോട് - കെ.പി.സി സി പ്രസിഡന്റ് കെ.സുധാകരന്റെ കഴിഞ്ഞ 15 വര്‍ഷത്തെ വരുമാനത്തെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്ന് വിജിലന്‍സ് അധികൃതര്‍. ഇപ്പോള്‍ നടക്കുന്നത് പുതിയ അന്വേഷണമല്ലെന്നും 2021ല്‍ തുടങ്ങിയ അന്വേഷണത്തിന്റെ തുടര്‍ച്ചയാണെന്നും വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ പറഞ്ഞു. സ്‌പെഷ്യല്‍ അസി. കമ്മീഷണര്‍ അബ്ദുല്‍ റസാക്കിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുധാകരന്റെ വരുമാന സ്രോതസിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. ഭാര്യ സ്മിതയുടെ സ്വത്ത് വിവരങ്ങള്‍ മാത്രമല്ല, സുധാകരന്റെ വരുമാനവും സ്വത്തും അക്കൗണ്ടുകളും പരിശോധിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.സുധാകരന്റെ ഭാര്യയുടെ വരുമാന മാര്‍ഗം തേടി വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കി. 2001 മുതലുള്ള വിവരങ്ങള്‍ എത്രയും പെട്ടെന്ന് അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. തന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കെ സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കള്ളപ്പണം അക്കൗണ്ടിലെത്തിയോ എന്നായിരിക്കും അന്വേഷണമെന്നും ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.