കല്‍പറ്റ-പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കോണ്‍ഗ്രസ് പുല്‍പള്ളി മണ്ഡലം പ്രസിഡന്റ് വി.എം.പൗലോസുകുട്ടിയാണ് ഏറ്റവും ഒടുവില്‍ അറസ്റ്റിലായത്. നേരത്തേ ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.എബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി. രമാദേവി എന്നിവരെ അറസ്റ്റുചെയ്തിരുന്നു.
ഇന്നലെ ഉച്ചയ്ക്കു ആലൂര്‍ക്കുന്നിലെ വീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്ത പൗലോസുകുട്ടിയുടെ അറസ്റ്റ്
വൈകുന്നേരമാണ് രേഖപ്പെടുത്തിയത്. കേളക്കവല പറമ്പക്കാട്ട് ഡാനിയേല്‍-സാറാക്കുട്ടി ദമ്പതികളുടെ പരാതിയില്‍ കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബാങ്ക് ഡയറക്ടറായിരുന്ന പൗലോസുകുട്ടിയുടെ അറസ്റ്റ്. ബാങ്ക് അധികാരികളായിരുന്നവര്‍ വ്യാജരേഖകള്‍ ചമച്ച് തങ്ങളുടെ പേരില്‍ ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തെന്നാണ് ദമ്പതികളുടെ പരാതി. ദമ്പതികള്‍ക്കു അവരറിയാതെ വായ്പ അനുവദിക്കുന്നതിനു ശിപാര്‍ശ ചെയ്തതും പണയവസ്തുവിന്റെ മൂല്യനിര്‍ണം നടത്തിയതും പൗലോസുകുട്ടിയാണെന്നാണ് പോലീസ് ഭാഷ്യം.
ബാങ്ക് വായ്പ ഇടപാടുമായി ബന്ധപ്പെട്ട് പൗലോസുകുട്ടിക്കെതിരെ സഹോദരന്റെ ഭാര്യ ദീപ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍ത്താവ് ഷാജിയുടെ പേരില്‍ വായ്പയെടുത്തു കബളിപ്പിച്ചുവെന്നായിരുന്നു ദീപയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ പൗലോസുകുട്ടിക്ക് ജില്ലാ കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ജാമ്യവ്യവസ്ഥയനുസരിച്ച് ഒപ്പിടുന്നതിനു പോലീസ് സ്റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് കസ്റ്റഡിയില്‍ എടുത്തത്.
ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലാണ് ബാങ്ക് മുന്‍ പ്രസിഡന്റ് കെ.കെ.അബ്രഹാം, മുന്‍ സെക്രട്ടറി കെ.ടി. രമാദേവി എന്നിവര്‍ ഈ മാസം ആദ്യം അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്. അറസ്റ്റിനു പിന്നാലെ
അബ്രഹാം കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. കേളക്കവല ചെമ്പകമൂലയിലെ കര്‍ഷകന്‍ രാജേന്ദ്രന്‍ നായര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടും അബ്രഹാമിനും രമാദേവിക്കും എതരെ കേസുണ്ട്. ഈ കേസില്‍ ഇരുവര്‍ക്കും ജില്ലാ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡാനിയേല്‍ ദമ്പതികളുടെ പരാതിയിലുള്ള കേസില്‍ അബ്രഹാമിന്റെ ജാമ്യപേക്ഷ ഹൈക്കോടതി പരിണിക്കാനിരിക്കയാണ്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയെങ്കിലും രമാദേവി ഹൈക്കോടതിയെ സമീപിച്ചിട്ടില്ല. കേസിലെ മറ്റൊരു പ്രതിയും പ്രദേശിക കരാറുകാരനുമായ സജീവന്‍ കൊല്ലപ്പള്ളി ഒളിവിലാണ്.