കണ്ണൂര്‍ - ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ഡോ. പ്രിയാ വര്‍ഗീസിനെ നിയമിക്കുന്നതിന് ഗവര്‍ണ്ണറുടെ ഉത്തരവ് സാങ്കേതിക തടസമാകുമെന്ന് നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റി കണ്ണൂര്‍ സര്‍വകലാശാല നിയമോപദേശം തേടി. മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രഫസറായ പ്രിയ വര്‍ഗീസിന്റെ നിയമനക്കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയയ്ക്ക് അനുകൂലമായി ഉത്തരവിട്ടതോടെയാണ് സര്‍വ്വകലാശാല അധികൃതര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ഐ.വി.പ്രമോദിന്റെ നിയമോപദേശം തേടിയത്.
2022 ഓഗസ്റ്റ് 17ന് ഡോ.പ്രിയാ വര്‍ഗീസിന്റെ നിയമനം ചാനസലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മരവിപ്പിച്ചിരുന്നു. കണ്ണൂര്‍ വിസി, ഇന്റര്‍വ്യൂ ബോര്‍ഡിലെയും സിന്‍ഡിക്കറ്റിലെയും അംഗങ്ങള്‍ എന്നിവര്‍ക്കു കാരണംകാണിക്കല്‍ നോട്ടിസ് അയയ്ക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. ഗവര്‍ണറുടെ ഉത്തരവിനു ശേഷമാണ് പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വര്‍ഗീസിനെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍ നിന്ന് പ്രിയയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ആവശ്യപ്പെട്ടത്. ഡിവിഷന്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തതോടെ പ്രിയയ്ക്കു പെട്ടെന്നുതന്നെ നിയമന ഉത്തരവു നല്‍കാനാണു സര്‍വകലാശാലയുടെ തീരുമാനം. സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ സ്റ്റേ ഉത്തരവു നിലനില്‍ക്കുന്നു എന്ന സാങ്കേതിക തടസ്സം മറികടക്കാനാണു കണ്ണൂര്‍ നിയമോപദേശം തേടിയത്.