Sorry, you need to enable JavaScript to visit this website.

'അക്കൂട്ടത്തിൽ താനൂർ സിങ്കത്തെ പ്രതീക്ഷിച്ചില്ല; ഇനി കുന്ദമംഗലത്ത് ചരമമടയാം' -പി.കെ ഫിറോസിനെതിരെ കെ.ടി ജലീൽ

മലപ്പുറം - മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ അതിരൂക്ഷമായ വിമർശവുമായി മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ രംഗത്ത്.  മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് മന്ത്രി വി അബ്ദുറഹ്മാനോടൊപ്പം വേദി പങ്കിട്ട് 'ഖാദി-ബക്രീദ് മേള ഉദ്ഘാടനം' ചെയ്തതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോരിന്റെ തുടർച്ചയെന്നോണമാണ് പി.കെ ഫിറോസിനെ വിമർശിച്ച് കെ.ടി ജലീൽ എഫ്.ബി കുറിപ്പുമായി വീണ്ടും രംഗത്തെത്തിയത്.
  തന്റെ എഫ്.ബി പോസ്റ്റിനെതിരെ ലീഗിലെ കോൺ-ലീഗുകാർ രംഗത്ത് വന്നത് സ്വാഭാവികമാണെന്നും അക്കൂട്ടത്തിൽ താനൂർ 'തിരിച്ചുപിടിച്ച സിങ്കത്തെ' പ്രതീക്ഷിച്ചില്ലെന്നും കെ.ടി ജലീൽ പരിഹസിച്ചു. ലീഗിലെ ഷാജി-മുനീർ വിരുദ്ധ ചേരിയിലാണ് സിങ്കത്തിന്റെ നിൽപ്പെന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്. കാര്യം കിട്ടിയാൽ തരാതരം രണ്ട് തോണിയിലും കാലിട്ട് യാത്ര ചെയ്യാൻ ടിയാൻ മിടുക്കനാണെന്ന് ലീഗിനെ സ്‌നേഹിക്കുന്ന പലരും പറഞ്ഞു കേട്ടതോർക്കുന്നു. ഇക്കണക്കിന് പോയാൽ സ്വന്തം മണ്ഡലമായ കുന്ദമംഗലത്ത് അടുത്ത പ്രാവശ്യം മത്സരിച്ച് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ 'ചരമമടയേണ്ട' ദുർഗതിയാകും താനൂരിൽ 'കിളിപോയ' യുവസിങ്കത്തിനുണ്ടാവുക. സംശയമുള്ളവർക്ക് എഴുതി വെക്കാം.
സാദിഖലി തങ്ങൾ ഖാദി-ബക്രീദ് മേള ഉദ്ഘാടനം ചെയ്തത് സഹിക്കാത്ത കുബുദ്ധികളാണ് തന്നെ ചാരി തങ്ങൾക്കെതിരെ രംഗത്ത് വരുന്നത്. ഇത് മനസിലാക്കാനുള്ള വിവേകമൊക്കെ ലീഗ് സംസ്ഥാന അധ്യക്ഷനുണ്ടാകുമെന്നും ജലീൽ കുറിച്ചു. ജലീലിന്റെ പാണക്കാട് തങ്ങൾ സ്തുതിയെ ' അങ്ങേർക്കിപ്പോൾ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്' എന്നായിരുന്നു പി.കെ ഫിറോസ് ഇന്ന് എഫ്്.ബിയിൽ ചൂണ്ടിക്കാട്ടിയത്.

എഫ്.ബി കുറിപ്പ് ഇങ്ങനെ: 

 'ഖാദി-ബക്രീദ് മേളയും 'കോൺലീഗിന്റെ' പൊരിച്ചിലും 
താനൂരിൽ ലീഗിന്റെ സ്ഥാനാർത്ഥിയായി കോണി ചിഹ്നത്തിൽ നിന്ന് തോൽക്കാൻ അപാര കഴിവു തന്നെ വേണം. ലോകായുക്തയെ സ്വാധീനിച്ച പോലെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്ന സത്യം വോട്ടെണ്ണിക്കഴിഞ്ഞപ്പോഴാകും ടിയാന് ബോദ്ധ്യമായിട്ടുണ്ടാവുക. മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ ഖാദി-ബക്രീദ് മേള ഉല്ഘാടനം ചെയ്ത ഫോട്ടോ പങ്കുവെച്ച് ഞാനൊരു എഫ്ബി പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരായി ലീഗിലെ 'കോൺലീഗുകാർ' രംഗത്ത് വന്നത് സ്വാഭാവികം. അക്കൂട്ടത്തിൽ താനൂര് 'തിരിച്ചുപിടിച്ച സിങ്കം' ഉണ്ടാകുമെന്ന് കരുതിയില്ല. ലീഗിലെ ഷാജി-മുനീർ വിരുദ്ധ ചേരിയിലാണ് സിങ്കത്തിന്റെ നില്‌പ്പെന്നാണ് പൊതുവെ വിശ്വസിക്കപ്പെട്ടിരുന്നത്. കാര്യം കിട്ടിയാൽ തരാതരം പോലെ രണ്ട് തോണിയിലും കാലിട്ട് യാത്ര ചെയ്യാൻ ടിയാൻ മിടുക്കനാണെന്ന് ലീഗിനെ സ്‌നേഹിക്കുന്ന പലരും പറഞ്ഞു കേട്ടതോർക്കുന്നു. സാദിഖലി തങ്ങൾ ഖാദി-ബക്രീദ് മേള ഉത്ഘാടനം ചെയ്തത് സഹിക്കാത്ത കുബുദ്ധികളാണ് എന്നെച്ചാരി തങ്ങൾക്കെതിരെ രംഗത്ത് വരുന്നത്. ഇത് മനസ്സിലാക്കാനുള്ള വിവേകമൊക്കെ ലീഗ് സംസ്ഥാന അദ്ധ്യക്ഷനുണ്ടാകും. ഇക്കണക്കിന് പോയാൽ സ്വന്തം മണ്ഡലമായ കുന്ദമംഗലത്ത് അടുത്ത പ്രാവശ്യം മത്സരിച്ച് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിൽ 'ചരമമടയേണ്ട' ദുർഗതിയാകും താനൂരിൽ 'കിളിപോയ' യുവസിങ്കത്തിനുണ്ടാവുക. സംശയമുള്ളവർക്ക് എഴുതി വെക്കാം.
 

Latest News