Sorry, you need to enable JavaScript to visit this website.

വ്യാജ സർട്ടിഫിക്കറ്റ് കേസ്: ജയിലിലായിരുന്ന മലയാളി നഴ്‌സ് നാട്ടിലേക്ക് മടങ്ങി

ദമാം- വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ജയിൽ ശിക്ഷ  അനുഭവിച്ച മലയാളി നഴ്‌സ് ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിനു മുൻപേ നാട്ടിലേക്ക് മടങ്ങി.നവയുഗം ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. കോഴിക്കോട് സ്വദേശിനിയായ നഴ്‌സ് മൂന്നു വർഷം മുൻപാണ് അൽ കോബാറിലെ സ്വകാര്യ ആശുപത്രിയിൽ ജോലിക്കെത്തിയത്. ഒന്നര വർഷത്തെ പ്രവൃത്തി പരിചയം മാത്രമുണ്ടായിരുന്ന അവർ, ഏജന്റിന്റെ നിർദേശ പ്രകാരം രണ്ടു വർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചാണ് ജോലിക്ക് ചേർന്നത്. 


രണ്ടു വർഷം ജോലി ചെയ്തതിനു ശേഷം നാട്ടിലേക്ക് അവധിക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ്, വ്യാജ സർട്ടിഫിക്കറ്റിന്റെ പേരിൽ സൗദി അധികൃതർ കേസെടുത്ത് യാത്രാ തടസ്സം ഏർപ്പെടുത്തിയത്. ഏതാനും ദിവസങ്ങൾക്കകം സൗദി പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. സൗദി ആരോഗ്യ മന്ത്രാലയത്തിൽ നിന്നും പ്രവർത്തനാനുമതി പത്രം ലഭിക്കുന്നതിനു മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഡാറ്റാ ഫ്‌ളോക്ക് അയച്ചപ്പോഴാണ് വ്യാജനെ പിടിച്ചെടുത്തത്. 
നവയുഗം  ജീവകാരുണ്യ പ്രവർത്തകരായ മഞ്ജു മണിക്കുട്ടൻ, ഷിബു കുമാർ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ജയിലിലായ നഴ്‌സിനെ നേരിട്ട് കാണുകയും, കോടതിയിൽ വേണ്ട നിയമസഹായങ്ങൾ നല്‍കുകയും ചെയ്തു.  ഇവർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും വേണ്ടത്ര സഹകരണം ലഭിച്ചിരുന്നില്ല. കോടതി ഇവർക്ക് ഒരു വർഷം തടവ് ശിക്ഷയും, പതിനായിരം റിയാൽ പിഴയും വിധിക്കുകയായിരുന്നു.


കഴിഞ്ഞ റമദാനിൽ  സൗദി രാജാവിന്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തി ഇവരെ നേരത്തെ ജയിൽ മോചിതയാക്കാൻ അപേക്ഷ നൽകി നവയുഗം ജീവകാരുണ്യ പ്രവർത്തകർ ജയിൽ അധികൃതരുമായി സംസാരിച്ചു. തുടർന്ന് തടവ് 9 മാസം ആയപ്പോഴേക്കും ജയിലിൽ നിന്നും പുറത്തിറക്കാനായി. കഴിഞ്ഞ ദിവസം പിഴ അടച്ചതോടെ നിയമ നടപടികൾ പൂർത്തിയാക്കി നഴ്‌സിന് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചു. 


സൗദിയിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന കർശനമാക്കിയ ശേഷം നൂറു കണക്കിന് കേസുകൾ നവയുഗം ജീവകാരുണ്യ വിഭാഗത്തിന് മുന്നിൽ എത്താറുണ്ടെന്നും പല ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്‌സ്മാർ ഇപ്പോൾ നിയമ നടപടികൾ നേരിടുന്നുണ്ടെന്നും ജോലിക്കായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുകയും ഏതെങ്കിലും ഏജന്റുമാരുടെ വാക്കുകേട്ട് വ്യാജ സർട്ടിഫിക്കറ്റിലേക്ക് തിരിഞ്ഞാൽ സൗദിയിൽ കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നും നവയുഗം ജീവകാരുണ്യ വിഭാഗം മുന്നറിയിപ്പ് നൽകി.

Latest News