Sorry, you need to enable JavaScript to visit this website.

മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഉള്‍പ്പെടെ ഇ. ഡി ചോദ്യം ചെയ്യും

കൊച്ചി- സിറോ മലബാര്‍ സഭാ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും. കളളപ്പണ ഇടപാടാണ് കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നത്. ഇടപാടിന്റെ രേഖകള്‍ നേരത്തെ തന്നെ അന്വേഷണസംഘം അതിരൂപതയോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ദിനാളിനു പുറമേ നിലവിലെ അപ്പൊസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, അതിരൂപതയുടെ ചുമതലയുളള ഒരു വൈദികന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിവരില്‍ നിന്നും വിവരങ്ങള്‍ തേടും.
 
അതിരൂപതയുടെ 1.60 ഏക്കര്‍ ഭൂമി വിവിധ ആളുകള്‍ക്ക് വില്‍പ്പന നടത്തിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍  അന്വേഷണം നടക്കുകയാണ്. കര്‍ദിനാള്‍ ഉള്‍പ്പെടെ മൂന്നു പേരെ പ്രതികളാക്കി ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കര്‍ദിനാളിന് പുറമെ സിറോ മലബാര്‍ സഭ മുന്‍ പ്രോക്യൂറേറ്റര്‍ ജോഷി പുതുവ, ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവരാണ് മറ്റു പ്രതികള്‍.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന് അപേക്ഷ ലഭിച്ചിരുന്നു. എറണാകുളം കലൂര്‍ സ്വദേശി കെ. ഒ. ജോണിയാണ് അപേക്ഷ നല്‍കിയത്. കര്‍ദിനാള്‍ തുടര്‍ച്ചയായി കോടതികളെ അവഹേളിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നുവെന്നാണ് പരാതി.

Latest News