Sorry, you need to enable JavaScript to visit this website.

താഴ്ന്ന്  ഇടുക്കി ജലനിരപ്പ്; തെളിഞ്ഞ് വൈരമണി റോഡ് 

ഇടുക്കി ജലനിരപ്പ് താഴ്ന്നപ്പോൾ തെളിയുന്ന പഴയ വൈരമണി ഗ്രാമം 

ഇടുക്കി- ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ് ഡാമിൽ ജല നിരപ്പ് വീണ്ടും താഴ്ന്നതോടെ അണക്കെട്ട്  നിർമിക്കാൻ വേണ്ടി വെളളത്തിലായ വൈരമണി ഗ്രാമത്തിലെ റോഡിന്റെ ഭാഗങ്ങളും ദൃശ്യമായി.  ജലനിരപ്പ് 2309 അടിയെത്തിയതോടെയാണ് വൈരമണി ഗ്രാമത്തിന്റെ ഭാഗങ്ങൾ കാണാൻ തുടങ്ങിയത്. 2307 അടിയെത്തിയപ്പോൾ കെട്ടിട അവശിഷ്ടങ്ങൾ ഉയർന്നു വന്നു. നിലവിൽ ജലനിരപ്പ് 2305 അടിയെത്തിയതോടെ(14 ശതമാനം) യാണ് ഇടുക്കിയിലേക്ക് അക്കാലത്ത് ഉപയോഗിച്ചിരുന്ന പാത തെളിഞ്ഞത്. തൊടുപുഴയിൽ നിന്ന് കൂപ്പ് റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങൾ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണ് കട്ടപ്പനയിലേക്ക് പോയിരുന്നത്.
2019ൽ ജലനിരപ്പ് 12 ശതമാനം എത്തിയപ്പോഴും 2017ലും ഈ ഭാഗങ്ങൾ ദൃശ്യമായിരുന്നു. ഈ നൂറ്റാണ്ടിൽ മാത്രം 6 തവണയാണ് ഈ ഭാഗങ്ങൾ കാണുന്നത്. 1974ൽ ആണ് സംഭരണിയിൽ വെള്ളം നിറയ്ക്കുന്നത്. ഇതിന് ശേഷം 13ൽ അധികം തവണ ജലനിരപ്പ് സമാനതോതിലും 2385 അടി വരെയും എത്തിയിട്ടുണ്ട്. 2000ത്തിലേറെ കുടുംബങ്ങളാണ് വൈരമണിയിൽ താമസിച്ചിരുന്നത്. വൈരമണിയിലെത്താൻ കുളമാവിൽ നിന്ന് കിളിവള്ളിത്തോടെന്ന് അറിയപ്പെടുന്ന റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം. എന്നാൽ ഇവിടേക്കുള്ള പ്രവേശനം വനംവകുപ്പിന്റെ കർശന നിയന്ത്രണത്തിലാണ്. 

Latest News