കെയ്‌റോ- ഈജിപ്ത് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കെയ്റോയിലെ ഇമാം അല്‍-ഹക്കീം ബി അംര്‍ അല്ലാഹ് മസ്ജിദില്‍ അരമണിക്കൂര്‍ ചെലവഴിച്ചു.
ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നും ബി. ജെ. പിക്ക് കൂടുതല്‍ വോട്ടും പിന്തുണയും ദാവൂദി ബോറകളുടേതാണ്. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതില്‍ ദാവൂറി ബോറകള്‍ വലിയ സഹായം ചെയ്തിരുന്നു. അതിനുള്ള നന്ദി എല്ലാകാലത്തും അദ്ദേഹം പ്രകടമാക്കിയിട്ടുമുണ്ട്. അതിന്റെ ഭാഗമായാണ് കെയ്‌റോയിലെ ദാവൂദി ബോറകളുടെ ഇമാം അല്‍ ഹക്കീം ബിഅംര്‍ അല്ലാഹ് മസ്ജിദ് സന്ദര്‍ശിക്കാനും മോഡിയെ പ്രേരിപ്പിച്ചത്.
പതിനൊന്നാം നൂറ്റാണ്ടിലെ പള്ളിയാണ് അല്‍-ഹക്കിം ബി അംര്‍ അല്ലാഹ്. കെയ്റോയിലെ ദാവൂദി ബോററ സമൂഹത്തിന്റെ പ്രധാന സാംസ്‌കാരിക കേന്ദ്രം കൂടിയാണ് ഈ പള്ളി. ആയിരം വര്‍ഷം പഴക്കമുള്ള ഇമാം അല്‍-ഹക്കീം ബി അംര്‍ അല്ലാഹ് മസ്ജിദിലേക്കുള്ള പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനത്തിന് ഇന്ത്യയിലെ ദാവൂദി ബോറകള്‍ക്കിടയില്‍ വലിയ പ്രാധാന്യമുണ്ട്.
16-ാം ഫാത്തിമിദ് ഖലീഫയായ അല്‍-ഹക്കിം ബി-അംര്‍ അല്ലാഹ് (985- 1021)യുടെ പേരിലാണ് പള്ളി അറിയപ്പെടുന്നത്. അഞ്ച് ലക്ഷം ജനസംഖ്യയുള്ള ഇന്ത്യയിലെ ദാവൂദി ബോറകള്‍ ഫാത്തിമി ഇസ്മാഈലി ത്വയ്യിബി ചിന്താധാരയിലുള്ളവരാണ്. ഈജിപ്തില്‍ നിന്ന് യമനിലേക്കും പിന്നീട്
പതിനൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയിലേക്കും വന്ന ഇവര്‍ 1539-ല്‍ ആസ്ഥാനം യമനില്‍ നിന്ന് ഗുജറാത്തിലെ പത്താന്‍ ജില്ലയിലെ സിദ്ധ്പൂരിലേക്ക് മാറ്റുകയായിരുന്നു.
മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സാന്നിധ്യമുണ്ടെങ്കിലും ഗുജറാത്തിലെ സൂറത്തിനെയാണ് ബോറ മുസ്‌ലിം സമുദായം തങ്ങളുടെ താവളമായി കണക്കാക്കുന്നത്. ദാവൂദി ബോറ മുസ്ലിംകളും പ്രധാനമന്ത്രി മോഡിയും തമ്മില്‍
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ശക്തമായ ബന്ധമാണുള്ളത്.
2011-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ദാവൂദി ബോറ സമുദായത്തിന്റെ അന്നത്തെ മതനേതാവ് സയ്യിദ്ന ബുര്‍ഹാനുദ്ദീന്റെ നൂറാം ജന്മദിനം ആഘോഷിക്കാന്‍ അദ്ദേഹം സമുദായത്തോട് ആവശ്യപ്പെടുകയും 2014-ല്‍ ബുര്‍ഹാനുദ്ദീന്റെ മരണശേഷം അദ്ദേഹത്തിന്റെ മകനും പിന്‍ഗാമിയുമായ സയ്യിദ്ന മുഫദ്ദല്‍ സൈഫുദ്ദീനെ അനുശോചനം അറിയിക്കാന്‍ പ്രധാനമന്ത്രിയായിരിക്കെ മോഡി മുംബൈ സന്ദര്‍ശിക്കുകയും ചെയ്തു.
2015-ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബോറകളുടെ മത മേധാവി സയ്യിദ്ന മുഫദ്ദല്‍ സൈഫുദ്ദീനെ സന്ദര്‍ശിക്കുകയും സൗഹാര്‍ദ്ദം പങ്കിടുകയും ചെയ്തു. 2016-ല്‍ സയ്യിദ്‌ന മുഫദ്ദല്‍ സൈഫുദ്ദീന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ദാവൂദി ബോറകളുടെ നാല് തലമുറയിലെ മത മേലധ്യക്ഷന്മാരുമായുള്ള തന്റെ ബന്ധത്തെ അനുസ്മരിക്കുകയും ചെയ്തു.
ബംഗ്ലാദേശ് സന്ദര്‍ശന വേളയിലും പ്രധാനമന്ത്രി മോഡി ദാവൂദി ബോറകളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2018-ല്‍ ദാവൂദി ബോറകള്‍ ഇന്‍ഡോറിലെ സൈഫി പള്ളിയില്‍ ഇമാം ഹുസൈന്റെ രക്തസാക്ഷിത്വത്തിന്റെ അനുസ്മരണമായ അഷാറ മുബാറക സംഘടിപ്പിച്ചപ്പോള്‍ ചടങ്ങിനിടെ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തു.
തിരിച്ച് മികച്ച പിന്തുണയാണ് ബോറകള്‍ മോഡിക്കും നല്‍കുന്നത്. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ ഒത്തുചേരലിലും സിഡ്നിയിലെ ഒളിമ്പിക് പാര്‍ക്ക് അരീനയും ഉള്‍പ്പെടെ 2014-ല്‍ അദ്ദേഹത്തിന്റെ വിദേശ പരിപാടികളില്‍ അവര്‍ വലിയ തോതില്‍ പങ്കെടുത്തു.