ജിദ്ദ- ഹജ് തീർഥാടകർക്ക് സേവനം ചെയ്യുന്നതിനായി മിന ടാസ്‌ക് ഫോഴ്‌സ് സന്നദ്ധ സംഘവുമായി ഒ.ഐ.സി.സി ജിദ്ദ രംഗത്ത്.
ഒ.ഐ.സി.സി വിപുലമായ ഒരുക്കങ്ങളാണ് ഇപ്രാവശ്യം നടത്തിയിട്ടുള്ളത്. ഈ വർഷം ഹാജിമാർ സൗദിയിൽ എത്തിയത് മുതൽ ജിദ്ദ റീജ്യണൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ഒ.ഐ.സി.സി മക്ക കമ്മിറ്റിയും മദീന കമ്മിറ്റിയും നേരത്തെ തന്നെ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്.
ഹജിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുവാനും മിന ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനുമായി പ്രധാന വളണ്ടിയർമാരുടെ ക്യാമ്പ് സംഘടിപ്പിച്ചു. റീജ്യണൽ പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ഇന്ത്യൻ സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന രൂപത്തിൽ സഹായം ആവശ്യമുള്ള ഏത് ഹാജിമാർക്കും സേവനം ചെയ്യാൻ വളണ്ടിയർമാർ ശ്രദ്ധിക്കണമെന്നും ഇതര സമുദായങ്ങളുടെ നിർലോഭമായ സഹായങ്ങൾ ഒ.ഐ.സി.സിയുടെ ഹജ് സേവന കാര്യങ്ങൾക്കു ലഭിക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു.
ഹജ് സേവന കാര്യങ്ങളിൽ മലയാളികളുടെ തുടക്കക്കാരനായ ചെമ്പൻ അബ്ബാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൺമറഞ്ഞു പോയ നേതാക്കളുടെ ത്യാഗോജ്വലമായ ചിന്തകളും നേതൃത്വവുമാണ് പതിനായിരക്കണക്കിന് വളണ്ടിയർ സേവനങ്ങൾ ഈ മേഖലയിൽ പിറവിയെടുക്കാൻ കാരണമായതെന്ന് അബ്ബാസ് അഭിപ്രായപ്പെട്ടു. ഹജ് വളണ്ടിയർമാർക്ക് ആത്മാർഥമായ ഉദ്ദേശ്യശുദ്ധിയും സഹകരണ മനോഭാവവും ത്യാഗ മനഃസ്ഥിതിയും ഏത് സാഹചര്യങ്ങളേയും സധൈര്യം നേരിടുവാനുള്ള മനക്കരുത്തും കൈമുതലായി വേണമെന്ന് പ്രസംഗകർ സൂചിപ്പിച്ചു.
സേവനങ്ങൾ നടത്തുന്ന വളണ്ടിയർമാർ കായികക്ഷമത ഉറപ്പ് വരുത്തണമെന്നും നേതാക്കൾ നിർദ്ദേശം നൽകി. മാമദു പൊന്നാനി, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, നൗഷാദ് അടൂർ, അസ്ഹാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, രാധാകൃഷ്ണൻ കാവുമ്പായി, സമീർ നദവി കുറ്റിച്ചൽ, ഷിനോയ് കടലുണ്ടി, അഷ്‌റഫ് വടക്കേകാട്, ജോർജ് ജോയ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും നൗഷാദ് അടൂർ നന്ദിയും പറഞ്ഞു.
ജിദ്ദയിലെ ഒ.ഐ.സി.സി വളണ്ടിയർമാരിൽ പകുതി പേർ ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിന്റെ കീഴിലും സേവന നിരതരാണ്. ഇതിനു പുറമെയുള്ളവർ നാല് ഡിവിഷനിലുമായി നാനൂറിലധികം വളണ്ടിയർമാർ അല്ലാഹുവിന്റെ അതിഥികളുടെ സേവനത്തിൽ വ്യാപൃതരാണ്. മക്കയിലെ സേവനത്തിന് ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, ശാക്കിർ കൊടുവള്ളി, നൗഷാദ് പെരുന്തല്ലൂർ എന്നിവരും, മദീനയിലെ സേവനങ്ങൾക്ക് അബ്ദുൽ ഹമീദ് ഒറ്റപ്പാലം, മുജീബ് ചെനാത്ത്, നജീബ് പത്തനംതിട്ട എന്നിവരും നേതൃത്വം നൽകുന്നു. ജിദ്ദ ഒ.ഐ.സി.സി മിനാ ടാസ്‌ക് ടീമിനെ ഷമീർ നദവി കുറ്റിച്ചൽ, അസ്ഹാബ് വർക്കല എന്നിവർ നയിക്കും.