- സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കലുമായി ഇന്ത്യൻ എംബസി കരാർ
മക്ക- തീർഥാടക ലക്ഷങ്ങൾ വന്നെത്തുന്ന ഇക്കുറിയുള്ള ഹജിൽ ഇന്ത്യൻ ഹാജിമാർക്കായി ആംബുലൻസ് സൗകര്യം ഒരുക്കി സൗദി ആർ.പി.എം രംഗത്ത്. ഇന്ത്യൻ എംബസി തങ്ങളുടെ ഔദ്യോഗിക ആംബുലൻസ് സേവന ദാതാവായി സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കലിനെയാണ് (സൗദി ആർ.പി.എം) ഉപയോഗപ്പെടുത്തുന്നത്.
മക്കയിലും മദീനയിലും ആംബുലൻസുകൾ 24 മണിക്കൂറും സേവന സജ്ജമായിരിക്കും. ഇന്ത്യൻ ഹജ് തീർഥാടകർക്ക് സമഗ്രമായ ആരോഗ്യ സഹായം നൽകുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നിരന്തരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് സൗദി ആർ.പി.എമ്മുമായുള്ള ഇന്ത്യൻ എംബസിയുടെ പങ്കാളിത്തം.
പുതിയ കരാർ പ്രകാരം, ഹജ് സീസണിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനായി സൗദി ആർ.പി.എം ഇന്ത്യൻ എംബസിക്ക് പൂർണ സജ്ജമായ ആധുനിക നിലവാരത്തിലുള്ള എട്ട് ആംബുലൻസുകളാണ് നൽകിയിരിക്കുന്നത്. സൗദിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ രജിസ്റ്റർ ചെയ്ത സ്വകാര്യ ആംബുലൻസ് സേവനങ്ങളിലൊന്നാണ് സൗദി ആർ.പി.എം.
കഴിഞ്ഞ നാലു വർഷമായി കമ്പനി വമ്പിച്ച വളർച്ച കൈവരിച്ചതോടൊപ്പം സൗദിയിലെ വിവിധ കോർപറേറ്റുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെയുള്ള പ്രവർത്തന ഗുണനിലവാരത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫോർമുല-1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്‌സ്, ഫോർമുല-ഇ, ഡക്കാർ റാലി, സൗദി ടൂർ, സൗണ്ട്‌സ്‌റ്റോം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഇവന്റുകളുടെ ഏറ്റവും വിശ്വസനീയമായ മെഡിക്കൽ കവറേജ് പങ്കാളികളിൽ ഒന്നാണ് സൗദി ആർ.പി.എം.
പ്രി ഹോസ്പിറ്റൽ ഹെൽത്ത് കെയർ മാനേജ്‌മെന്റിന്റെയും മെഡിക്കൽ എമർജൻസി സർവീസുകളുടെയും യു.എ.ഇയിലെ ഏറ്റവും വലിയ ദാതാവാണ് റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ്‌സ്. 290 ലധികം സൈറ്റ് ക്ലിനിക്കുകൾ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് അബുദാബിയിലെ ഏറ്റവും വലിയ സ്വകാര്യ ആംബുലൻസ് നെറ്റ് വർക്കുകളാണുള്ളത്. പ്രമുഖ പ്രവാസി വ്യവസായിയും ബുർജീനൽ ഹോൾഡിംഗ് സി.എം.ഡി ഡോ.ഷംസീർ വയലിലിന്റെ ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.






