മക്ക- ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയ 20 ലക്ഷത്തോളം ഹാജിമാര്‍ മിനയിലേക്കുള്ള വഴിയില്‍. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാരും സൗദി അറേബ്യയില്‍ നിന്നുള്ള ഹാജിമാരും ഇന്ന് രാത്രി തന്നെ മിനയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ഉണരുന്ന മിനായെന്ന കൂടാര നഗരി തല്‍ബിയത്ത് ധ്വനികളാല്‍ മുഖരിതമാവുകയായി.
തിരക്ക് ഒഴിവാക്കാന്‍ ഇന്ന് ഉച്ചക്ക് ശേഷം ഹാജിമാരെ മിനയിലേക്ക് എത്തിക്കല്‍ തുടങ്ങിയിരുന്നു. മദീനയിലെയും ജിദ്ദയിലെയും ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഹാജിമാരെ ഉച്ചയോടെ തന്നെ അറഫയിലെ ജബലുറഹ്മ ആശുപത്രിയിലെത്തിച്ചു. മദീനയിലായിരുന്ന എല്ലാ ഹാജിമാരെയും ഉച്ചക്ക് മുമ്പ് തന്നെ മക്കയില്‍ എത്തിച്ചിരുന്നു.
സൗദി അറേബ്യയില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ചവരെയെല്ലാം ഹജ്ജ് കമ്പനികള്‍ ഞായറാഴ്ച മീഖാത്തുകളിലെത്തിച്ചു ഇഹ്‌റാം ചെയ്യാന്‍ സൗകര്യമൊരുക്കി. ഖര്‍നുല്‍ മനാസില്‍, ദുല്‍ഹുലൈഫ എന്നിവിടങ്ങളില്‍ ഹാജിമാരുടെ തിരക്കായിരുന്നു ഇന്ന് അനുഭവപ്പെട്ടത്. ഹജ്ജിന് ഇഹ്‌റാം ചെയ്ത് തല്‍ബിയത്ത് ചൊല്ലി എല്ലാവരും മസ്ജിദുല്‍ ഹറാമിലെത്തി ഖുദൂമിന്റെ (ആഗമനം) ത്വവാഫ് ചെയ്തു. ഇവരില്‍ ഭൂരിഭാഗം പേരും ഖുദൂമിന്റെ ത്വവാഫിന് ശേഷം ഹജ്ജിന്റെ സഅ്‌യ് കര്‍മവും പൂര്‍ത്തിയാക്കിയാണ് മിനയിലേക്ക് പോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഹജ്ജിന്റെ സഅ്‌യ് ചെയ്യാത്തവര്‍ ഇഫാദത്തിന്റെ ത്വവാഫ് ചെയ്ത ശേഷം ഹജ്ജിന്റെ സഅ്‌യ് ചെയ്യാറാണ് പതിവ്.
നാളെ തര്‍വിയ ദിനമായതിനാല്‍ മിനയില്‍ രാപാര്‍ക്കല്‍ സുന്നത്തായ കര്‍മമാണ്. ഹജ്ജിന്റെ ബാക്കി ദിവസങ്ങള്‍ക്ക് ആവശ്യമായ വെള്ളം ശേഖരിക്കുന്ന ദിനമാണ് ദുല്‍ഹിജ്ജ എട്ട് അഥവാ തര്‍വിയ ദിനം. മക്കയില്‍ ഇത്രയധികം സൗകര്യമില്ലാത്ത കാലത്ത് ദുല്‍ഹിജ്ജ എട്ടിന് ബാക്കിയുള്ള ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ ആവശ്യമായ വെള്ളം ഹാജിമാര്‍ ശേഖരിക്കുമായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി (സ) ദുല്‍ഹിജ്ജ എട്ടിന് ളുഹര്‍, അസര്‍, മഗ്‌രിബ്, ഇശാ, സുബ്ഹി എന്നിവ മിനയില്‍ വെച്ച് നമസ്‌കരിച്ചിരുന്നു. ഇതനുസരിച്ച് ഹജ്ജ് കമ്പനികള്‍ എല്ലാ ഹാജിമാരെയും തിങ്കളാഴ്ച ഉച്ചക്ക് മുമ്പ് മിനയിലെത്തിക്കും. ഹാജിമാര്‍ ഇവിടെ വെച്ച് ളുഹര്‍, അസര്‍, മഗ്‌രിബ്, ഇശാ നിസ്‌കാരങ്ങള്‍ നിര്‍വഹിക്കും. എന്നാല്‍ ചൊവ്വാഴ്ച അറഫ ദിനമായതിനാല്‍ എല്ലാ ഹാജിമാരും അറഫയിലെത്തേണ്ടതുണ്ട്. സൗകര്യം പരിഗണിച്ച് തിങ്കളാഴ്ച രാത്രി പത്ത് മണി മുതല്‍ ഹാജിമാരെ അറഫയിലേക്ക് കൊണ്ടുപോകല്‍ തുടങ്ങും. അറഫയില്‍ ളുഹറിന് മുമ്പേ എത്തണമെന്നുള്ളതിനാല്‍ എല്ലാവരെയും സുബ്ഹിക്ക് മുമ്പേ എത്തിക്കാറാണ് പതിവ്.
അതേസമയം വെള്ളിയാഴ്ച രാത്രി വരെ വിദേശരാജ്യങ്ങളില്‍ നിന്ന് 1626500 പേര്‍ ഹജ്ജിനെത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വ്യോമമാര്‍ഗം 1559053 പേരും കരമാര്‍ഗം 60617 പേരും കടല്‍മാര്‍ഗം 6830 പേരുമാണ് എത്തിയത്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന ഉദ്യോഗസ്ഥരും ഏറ്റവും നൂതന സംവിധാനങ്ങളുമാണ് ഹാജിമാരെ സ്വീകരിക്കാന്‍ പ്രവേശന കവാടങ്ങളില്‍ ഒരുക്കിയിരുന്നതെന്നതെന്ന് ജവാസാത്ത് വ്യക്തമാക്കി.
വിവിധ വകുപ്പ് മന്ത്രിമാര്‍ നേരിട്ടാണ് ഹജ്ജ് സൗകര്യങ്ങള്‍ വിലയിരുത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, ഹജ്ജ് സുരക്ഷ വിഭാഗം, ജവാസാത്ത് എന്നിവ മക്കയിലേക്കുള്ള എല്ലാ റൂട്ടുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തസ്‌രീഹില്ലാതെ ആരെയും ചെക്ക് പോയിന്റുകളില്‍ നിന്ന് കടത്തിവിടുന്നില്ല. ആഭ്യന്തര ഹാജിമാര്‍ വരുന്ന ബസുകളിലും മറ്റു വാഹനങ്ങളിലും കനത്ത പരിശോധനയാണ്. ബസുകള്‍ ഖുദയ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത് ഹാജിമാര്‍ അവിടെ നിന്ന് ഷട്ടില്‍ ബസുകളില്‍ ഹറമിലേക്ക് പോകുന്നത്.
ഹാജിമാര്‍ക്കുള്ള സൗകര്യാര്‍ഥം മസ്ജിദുല്‍ ഹറാമിന്റെ മൂന്നാം വികസന ഭാഗം പൂര്‍ണമായും തുറന്നിട്ടുണ്ട്. ഹാജിമാര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ സഞ്ചരിക്കാന്‍ മശാഇര്‍ മെട്രോ ടെയിന്‍, ബസുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.