റിയാദ്- ഇസ്‌ലാമിക ചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായ പുരാതന ഹജ് തീർഥാടന പാതയായ ദർബ് സുബൈദയുടെ വലിയൊരു ഭാഗം ഉൾക്കൊള്ളുന്നത് 91,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് പ്രദേശത്ത്. കാൽനടയായും ഒട്ടകപ്പുറത്തും മക്കയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന ഹജ് യാത്രാസംഘങ്ങൾക്കായി പണികഴിപ്പിച്ച കിണറുകളും സത്രങ്ങളും കുളങ്ങളുൾമുൾപ്പെടെയുള്ള നിരവധി ഇടത്താവളങ്ങൾ ഈ റിസർവ് പ്രദേശത്ത് ഒരു സ്പന്ദനമായി നിലനിൽക്കുന്നുണ്ട്.
ഇറാഖിലെ കൂഫയിൽനിന്ന് മക്ക വരെ നീളുന്ന 1500 ദർബ് സുബൈദയെന്ന തീർഥാടന പാത ഹിജ്‌റ മൂന്നാം നൂറ്റാണ്ട് അഥവാ എ.ഡി ഒമ്പതാം നൂറ്റാണ്ടിൽ അബ്ബാസിയ ഖലീഫ ഹാറൂൻ അൽറശീദിന്റെ പത്‌നി സുബൈദയുടെ നിർദേശപ്രകാരമാണ് നിർമിച്ചത്. അറബ്, യൂറോപ്പ്, ആഫ്രിക്കൻ ഭാഗങ്ങളിൽ നിന്ന് ഇറാഖിലൂടെ മക്കയിലേക്ക് വരുന്ന ഹജ് തീർഥാടകർക്ക് കൊള്ളക്കാരിൽ നിന്നും മറ്റും സുരക്ഷിതമായ വഴിയൊരുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. നൂറ്റാണ്ടുകളോളം ഈ പാത ഹജ് തീർഥാടകരും വർത്തക സംഘങ്ങളും ഉപയോഗിച്ചുപോന്നു.
ഈ പാതയുടെ 400 കിലോമീറ്റർ ഭാഗമാണ് സൗദിയുടെ വടക്ക് കിഴക്ക് ഭാഗത്ത് പരന്ന് കിടക്കുന്ന ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് പ്രദേശത്തിന്റെ പരിധിയിലുള്ളത്. പ്രൗഢമായ ചരിത്രവും പുരാവസ്തുപരവും സാംസ്‌കാരികവുമായ ഘടകങ്ങളാൽ സമ്പന്നമായ ഡസൻ കണക്കിന് തീർഥാടന, വർത്തക സംഘ സ്മാരകങ്ങൾ ഇവിടെയുണ്ട്. തൈസിയ താഴ്‌വരകൾ, വടക്കും കിഴക്കുമായി നീണ്ടുകിടക്കുന്ന പർവതങ്ങളും താഴ്‌വരകളും, പടിഞ്ഞാറ് നഫുദ് മരുഭൂമി എന്നിങ്ങനെ വൈവിധ്യമാർന്ന ഭൂപ്രകൃതി സവിശേഷതകൾ ഒരു കാലത്ത് ഇറാഖിലേക്കും തിരിച്ചുമുള്ള യാത്രയുടെ അടയാളങ്ങളായിരുന്നു.
ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് പരിധിയിൽ സ്ഥിതി ചെയ്യുന്ന ഈ പാതയിലെ ഏറ്റവും പ്രശസ്തമായ സ്റ്റേഷനുകളിൽ ഒന്നാണ് സബാല സ്റ്റേഷൻ. റഫ്ഹയിൽ നിന്ന് 25 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്ന സുബൈദ പാതയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ഇത് അനശ്വര ചരിത്രസ്മാരകങ്ങളാൽ സമ്പന്നമാണ്. അൽകബീർ മസ്ജിദ്, മൂന്ന് കുളങ്ങൾ, കോട്ട, മാർക്കറ്റ്, മതിലുകൾ, 300 ഓളം കിണറുകൾ, വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള പ്രത്യേക വാസ്തുവിദ്യാ ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങൾ എന്നിവ ഈ സ്‌റ്റേഷന്റെ ഭാഗമാണ്.
മറ്റൊരു കേന്ദ്രമായ അൽശാഹുഫ് സ്റ്റേഷനിൽ വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലുമുള്ള 11 കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളുണ്ട്. അതിന്റെ വടക്ക് ഭാഗത്ത് വൃത്താകൃതിയിലുള്ള കുളം, തെക്ക് ഭാഗത്ത് ദീർഘചതുരത്തിലുള്ള കുളം എന്നിവയുണ്ട്. ഉമ്മുൽഅസാഫിർ സ്റ്റേഷൻ ഈ പാതയിലെ ഉപ സ്റ്റേഷനുകളിൽ ഒന്നാണ്. മധ്യഭാഗത്ത് ഇടതൂർന്ന മരങ്ങളുള്ള മരുഭൂ പുല്ലുകളും ചെടികളും നിറഞ്ഞ, താഴ്ചയിൽ പരന്നുകിടക്കുന്ന മൂന്ന് നിർമിതിയുടെ അടിത്തറയുടെ അവശിഷ്ടങ്ങൾ ഇവിടെ സ്മാരകമായി നിലനിർക്കുന്നു. ചതുരാകൃതിയിലുള്ള ഒരു കുളമാണ് അതിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളം.
സബാല സ്റ്റേഷനിൽനിന്ന് തെക്കുപടിഞ്ഞാറായി 34 കിലോമീറ്റർ അകലെയാണ് അൽശൈഹിയ്യാത് സ്റ്റേഷൻ. വൃത്താകൃതിയിലുള്ള കുളം, ചതുരാകൃതിയിലുള്ള കുളം, ചെറിയ കൊട്ടാരം, നിരയായി നിൽക്കുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, മൂന്ന് കിണറുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ.
മനോഹരമായി നിർമിച്ച കെട്ടിടങ്ങൾ ഉൾക്കൊള്ളുന്ന ഹമദ് സ്‌റ്റേഷനിൽ തീർഥാടകർ ഉപയോഗിച്ചിരുന്ന കുളം ഇപ്പോഴുമുണ്ട്. റോയൽ റിസർവ് പ്രദേശത്തെ മറ്റൊരു കേന്ദ്രമാണ് അൽഇശാർ സ്റ്റേഷൻ. ഭൂമി ശാസ്ത്രജ്ഞരും ചരിത്രകാരന്മാരുമായ ഇബ്‌നു ഖർദാദ്ബയും ഇബ്‌നു റുസ്തയും ഇതിനെ അൽബത്താൻ എന്നും ബതാനിയ എന്നും പേരിട്ടിരുന്നു. ഇവിടെ ധാരാളം പുരാതന നിർമിതികളുണ്ട്. വടക്കുകിഴക്കൻ ഭാഗത്ത് കൊട്ടാരങ്ങളും വീടുകളുമായി വാസസ്ഥലങ്ങളുടെയും അങ്ങാടിയുടെയും അടയാളങ്ങൾ ഇപ്പോഴുമുണ്ട്. കോട്ടയുടെ അടിത്തറകൾ, കിണറുകൾ, ഖബറുൽ ഇബാദി, കുളത്തിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള ഭിത്തികൾ, വിവിധ വലുപ്പത്തിലുള്ള നിർമിതികൾ, മധ്യഭാഗത്ത് ഒരു കുളം, മധ്യഭാഗത്ത് ചതുരാകൃതിയിലുള്ള ഒരു തടം, വടക്കൻ ഭാഗത്ത് ഒരു കുളം എന്നിവയാണ് ഇവിടെ ഇപ്പോഴും കൗതുകമായി നിലനിൽക്കുന്നത്.
ചുണ്ണാമ്പു ചൂളകളും കിണറുകളും കുളങ്ങളുമുൾക്കൊള്ളുന്ന അൽഅറാഇശ് സ്റ്റേഷൻ, ഇരുപതോളം വിശ്രമകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളുള്ള അൽവസീഥ് സ്‌റ്റേഷൻ എന്നിവയും റോയൽ റിസർവ് പ്രദേശത്താണ് സ്ഥിതി ചെയ്തിരുന്നത്.
കിണറുകളും കുളങ്ങളും 120ഓളം നിർമിതികളുള്ള അൽബിദഅ് സ്‌റ്റേഷനാണ് ഈ പാതയിലെ ഏറ്റവും വലിയ വിശ്രമ കേന്ദ്രം. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കിണറുകളും മറ്റും ഇപ്പോഴും ഇവിടെത്തെ ശേഷിപ്പുകളാണ്. നടന്നും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും ഹജിനെത്തിയിരുന്ന അക്കാലത്തെ ഹജോർമകളാണ് ഓരോ ഹജ് വേളയിലും ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ റിസർവ് പ്രദേശം അയവിറക്കുന്നത്.