Sorry, you need to enable JavaScript to visit this website.

ജിദ്ദ തുറമുഖത്ത് രണ്ട് മില്യണിലധികം കന്നുകാലികളെ എത്തിച്ചു

ജിദ്ദ- ദുൽഖഅ്ദ മാസത്തിന്റെ തുടക്കം മുതൽ ഇതുവരെ രണ്ട് മില്യനിലധികം കന്നുകാലികളെ ജിദ്ദ തുറമുഖം വഴി സൗദി അറേബ്യയിൽ എത്തിച്ചതായി കൃഷി, പരിസ്ഥിതി, ജല വകുപ്പുമന്ത്രാലയം അറിയിച്ചു. ഇവ ബലി പെരുന്നാളിന് ഉദ്ഹിയത്തിനും ഹജിനോടനുബന്ധിച്ച ഹദ്‌യ് കർമത്തിനുമാണ്. ഇറക്കുമതി ചെയ്തവയിൽ 23,000 കന്നുകാലികളുടെ സാമ്പിൾ പരിശോധനക്കെടുത്തിരുന്നു. കന്നുകാലികൾ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് ഉറപ്പുവരുത്താൻ കസ്റ്റംസ് ക്ലിയറൻസിന് മുമ്പ് തന്നെ മന്ത്രാലയത്തിന്റെ ലൈസൻസുള്ള ലാബുകളിൽ പരിശോധന നടത്തും.
മക്കയിലെ അറവുശാലകളിൽ എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. മക്കയുടെ തെക്ക് ഭാഗത്തെ എ, ബി അറവുശാലകൾ, പടിഞ്ഞാർ ഭാഗത്തെ അറവുശാല, അകൈശിയ അറവുശാല, മുഐസിം അറവുശാല എന്നിവയാണ് തയാറാക്കിയ അറവുശാലകൾ. മക്ക സെൻട്രൽ കന്നുകാലി മാർക്കറ്റിൽ ഉദ്യോഗസ്ഥർ 2325 തവണ പരിശോധന നടത്തി. 159 നിയമലംഘനങ്ങളാണ് ഇവിടെ പിടിക്കപ്പെട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest News