സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - ഒരുപാട് സാമ്യതകളുള്ള ടീമുകളാണ് ഫ്രാൻസും ബെൽജിയവും.
എന്നാൽ തീർത്തും വ്യത്യസ്തരാണ് അവരുടെ കോച്ചുമാർ. ബെൽജിയം കോച്ച് റോബർടൊ മാർടിനെസിന് താഴ്ന്ന ലീഗുകളിൽ കളിച്ച പരിചയമേയുള്ളൂ, എന്നാൽ എങ്ങനെ ജയിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാടുണ്ട് അദ്ദേഹത്തിന്. ഫ്രാൻസിന് അവരുടെ ഒരേയൊരു ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ദീദിയർ ദെഷോം, ജയിക്കാൻ ആവശ്യമായ ശൈലി സ്വീകരിക്കുക എന്നതാണ് ദെഷോമിന്റെ രീതി.
പ്രതിഭകളുടെ നീണ്ട നിരയുണ്ടായിട്ടും ഫ്രാൻസ് സൂക്ഷിച്ചാണ് കളിക്കുന്നത്. എന്നാൽ സാധ്യതകളുടെ പരിധികൾ ഭേദിക്കുന്ന ആവേശകരമായ കളിയാണ് ബെൽജിയത്തിന്റേത്. ഡിഫൻസിവ് മിഡ്ഫീൽഡറായിരുന്നു കളിക്കുന്ന കാലത്ത് ദെഷോം, കോച്ചിംഗിലും സ്വീകരിക്കുന്നത് ആ പ്രതിരോധ രീതിയാണ്. കളിക്കാരിൽ നിശ്ചയദാർഢ്യവും ടീമിൽ ശാന്തതയും സൃഷ്ടിക്കുന്നു എന്നതാണ് ദെഷോമിന്റെ നേട്ടം.
മാർടിനെസ് ബെൽജിയം കോച്ചായി ചുമതലയേറ്റെടുത്തപ്പോൾ വൻ വിമർശനമാണ് നേരിട്ടത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ എവർടനെ പരിശീലിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ കാര്യമായ പരിചയം. ജപ്പാനെതിരായ പ്രി ക്വാർട്ടറിൽ 0-2 ന് പിന്നിൽ നിൽക്കേ മാർടിനെസിന്റെ ഇടപെടൽ വൻ വിജയമായി. നാസർ ഷാദ്‌ലിയെയും മർവാൻ ഫെലയ്‌നിയെയും പകരക്കാരായി ഇറക്കി. ഇരുവരും സ്‌കോർ ചെയ്തു. ജപ്പാന്റെ കുതിപ്പ് തടയാൻ ഫെലയ്‌നിയുടെ കരുത്തിനെ ഉപയോഗിച്ചു. ബ്രസീലിനെതിരെ ഫെലയ്‌നി സ്റ്റാർടിംഗ് ഇലവനിലെത്തി. എന്നാൽ ചുമതല മറ്റൊന്നായിരുന്നു. പ്രതിരോധ നിരക്കു മുന്നിൽ അധിക സുരക്ഷ. അത് കെവിൻ ഡിബ്രൂയ്‌നെക്ക് കൂടുതൽ ആക്രമിക്കാൻ അവസരമൊരുക്കി. റൊമേലു ലുകാകുവിനെ വലതു വിംഗിലേക്ക് മാറ്റി ആക്രമണത്തിന് കൂടുതൽ പഴുതുകൾ സൃഷ്ടിച്ചു.
ബെൽജിയം ടീമിൽ ഫ്രഞ്ചും ഫ്‌ളെമിഷും സംസാരിക്കുന്ന കളിക്കാർ തമ്മിൽ ഭിന്നത നിലനിന്നിരുന്നു. ഇംഗ്ലിഷ് സംസാര ഭാഷയായി മാർടിനെസ് പ്രഖ്യാപിച്ചു. ടീമിൽ വിജയ മനോഭാവം വളർത്തിയെടുക്കാൻ തിയറി ഓൺറിയെ അസിസ്റ്റന്റായി കൊണ്ടുവന്നു. റൊമേലു ലുകാകുവും എഡൻ ഹസാഡും കെവിൻ ഡിബ്രൂയ്‌നെയുമൊക്കെ ഓൺറിയുടെ സേവനങ്ങളെ ഈയിടെ പുകഴ്ത്തിയിരുന്നു.