- ഫ്രാൻസ്-ബെൽജിയം
- സെയ്ന്റ്പീറ്റേഴ്‌സ്ബർഗ്, രാത്രി 9.00
സെയ്ന്റ്പീറ്റേഴ്‌സ്ബർഗ് - ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലിൽ ഇന്ന് ബെൽജിയവും ഫ്രാൻസും മാറ്റുരക്കുമ്പോൾ അത് സ്വപ്‌നങ്ങൾ തേടി നാടുവിട്ട പ്രവാസികൾക്കൊരു സമ്മാനമാവും. ബെൽജിയത്തിന്റെ നട്ടെല്ലായ റൊമേലു ലുകാകു, എഡൻ ഹസാഡ്, നാസർ ഷാദ്‌ലി, ഫ്രാൻസിന്റെ എൻഗോലൊ കാണ്ടെ, പോൾ പോഗ്ബ, കീലിയൻ എംബാപ്പെ.. വേരുകൾ അറുത്തുമുറിച്ച് പുതിയ ജീവിതം നെയ്തുകൂട്ടാൻ യൂറോപ്പിന്റെ മണ്ണിലേക്ക് കുടിയേറിയ കുടുംബത്തിലുള്ളവരാണ് ഈ രണ്ട് ടീമിലെയും കളിക്കാരേറെയും. അക്ഷരാർഥത്തിൽ ഇത് പ്രവാസികളുടെ സെമിയാണ്. ഫ്രാൻസ് ടീമിലെ 23 പേരിൽ പതിനാലും 11 ആഫ്രിക്കൻ രാജ്യങ്ങളിൽ ജനിച്ചവരോ അവിടെ നിന്ന് കുടിയേറിയവരുടെ തലമുറയിലുള്ളവരോ ആണ്. ബെൽജിയത്തിന്റെ 50 ശതമാനത്തോളം കളിക്കാരും ആഫ്രിക്കയിൽ വേരുള്ളവരാണ്.
സുവർണ തലമുറ
ഒരു വശത്ത് ഹസാഡിന്റെ നേതൃത്വത്തിൽ ബെൽജിയത്തിന്റെ സുവർണ തമലുറ, മറുവശത്ത് ഫ്രഞ്ച് യുവനിരയുടെ ഊർജസ്വലത.
അവസാനമായി ഈ ടീമുകൾ ഒരു ടൂർണമെന്റിൽ കൊമ്പുകോർത്തത് 1986 ൽ മെക്‌സിക്കോ ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനലിലാണ്. അതിനു ശേഷം ഫ്രാൻസ് ലോകകപ്പ് നേടി, മറ്റൊരു ലോകകപ്പിന്റെ ഫൈനലിൽ തോറ്റു. കീലിയൻ എംബാപ്പെ പതാകവാഹകനായ ടീം മറ്റൊരു ഫൈനലാണ് ലക്ഷ്യമിടുന്നത്. രാജ്യാന്തര ഫുട്‌ബോളിന്റെ മുൻനിരയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയായിരുന്നു ബെൽജിയം. 2014 ലെ ലോകകപ്പിലും 2016 ലെ യൂറോ കപ്പിലും അവർ ക്വാർട്ടറിൽ തോറ്റു. ഇത്തവണ ക്വാർട്ടറിൽ ബ്രസീലിനെ തോൽപിച്ച് അവർ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്ത് നൽകിയിരിക്കുകയാണ്.
സുഹൃത്തുക്കൾ, വൈരികൾ
ടീമുകൾ ബദ്ധവൈരികളായിരിക്കാം, കളിക്കാർ സുഹൃത്തുക്കളാണ്. ഫ്രാൻസിന്റെ ഒലീവിയർ ജിരൂവും ബെൽജിയത്തിന്റെ ഹസാഡ്, ഗോൾകീപ്പർ തിബൊ കോർട്‌വ എന്നിവരും ചെൽസിയിൽ ഒരുമിച്ചു കളിക്കുന്നു. ഹസാഡിനെ തടയേണ്ടത് ചെൽസിയിലെ സഹതാരം കാണ്ടെയാണ്. ഫ്രാൻസിന്റെ പോഗ്ബയും ബെൽജിയത്തിന്റെ ലുകാകുവുമാണ് മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ ആക്രമണം നയിക്കുന്നത്.
ആക്രമണം, പ്രതിരോധം
ചന്തമുള്ള ആക്രമണത്തിലൂടെയാണ് അർജന്റീനയെ ഫ്രാൻസ് വകവരുത്തിയത്. സുസംഘടിതമായ പ്രതിരോധത്തിലൂടെ ഉറുഗ്വായ്‌യെ മെരുക്കി. ടൂർണമെന്റിലെ ഏറ്റവും ഹരം പിടിപ്പിച്ച ടീമാണ് ഇനി അവർക്കെതിരെ. ബെൽജിയം നിരയിലെ ഏറ്റവും വലിയ അപകടകാരി ഹസാഡായിരിക്കും. ഹസാഡിനെ മെരുക്കാൻ ഫ്രാൻസിന്റെ ആയുധം കാണ്ടെയും. ചെൽസി സുഹൃത്തുക്കളുടെ പോരാട്ടമായിരിക്കും ഈ സെമിയുടെ മുഖമുദ്ര.
ദൗർബല്യം
ഇരു ടീമുകളുടെയും പ്രശ്‌നം പ്രതിരോധമാണ്. യുവത്വവും പരിചയസമ്പത്തും ഒത്തിണങ്ങിയതാണ് ഫ്രഞ്ച് ടീം. മുൻനിരയിൽ എംബാപ്പെയും ആന്റോയ്ൻ ഗ്രീസ്മാനും, മധ്യനിരയിൽ പോൾ പോഗ്ബയും കാണ്ടെയും, ഗോൾമുഖത്ത് ഹ്യൂഗൊ ലോറിസ്. എന്നാൽ പ്രതിരോധനിരക്ക് പരിചയസമ്പത്തില്ല. തോമസ് മൂനീറിന്റെ അഭാവം ബെൽജിയം പ്രതിരോധത്തിനും ക്ഷീണമാവും.