Sorry, you need to enable JavaScript to visit this website.

പർവ്വതാരോഹണത്തിന്റെ സാഹസിക പഥങ്ങളിലൂടെ ഒരു മഞ്ചേരിക്കാരി

പർവ്വതാരോഹകയായ സുഹറ
സുഹറ, കുടുംബത്തോടൊപ്പം
റോപ്‌ക്ലൈംപിംഗിലെ പരിശീലനം
സുഹ്‌റ, ലൊബോച്ചി മലനിരകളിൽ 

 

പർവ്വതാരോഹണത്തിന്റെ സാഹസിക പഥങ്ങളിലൂടെ ഒരു മഞ്ചേരിക്കാരിയുടെ സ്വപ്‌നതുല്യമായ പ്രയാണം. മലകയറ്റത്തിന്റെ കിസ്സകൾ പറയുന്നു, സുഹറാ സിറാജ്. 

വ്യക്തിത്വമാണ് ഒരു മനുഷ്യന്റെ നിലനിൽപിനാധാരം. വ്യക്തിത്വമില്ലെങ്കിൽ ജീവിതം അർഥശൂന്യമാണ്. ഈ ലോകത്ത് നമ്മളാരാണെന്നും നമ്മുടെ കഴിവ് എന്താണെന്നും തിരിച്ചറിയുന്നിടത്താണ് ഓരോ മനുഷ്യന്റെയും വ്യക്തിത്വം വെളിവാകുന്നത്. പറയുന്നത് മറ്റാരുമല്ല. ജീവിതത്തിൽ ഉയരങ്ങൾ സ്വപ്‌നം കാണുകയും പിന്നീട് അത് നടന്നുകയറി കീഴടക്കുകയും ചെയ്ത സുഹറാ സിറാജിന്റേതാണ്.
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കാരിയായ സുഹറ ബാംഗ്ലൂരിലെ ഒരു ഐ ടി കമ്പനിയിൽ എച്ച്. ആർ. കൺസൾട്ടന്റായി ജോലി നോക്കുകയാണ്. ഭാര്യയും രണ്ടു മക്കളുടെ അമ്മയുമാണെങ്കിലും കുടുംബിനിയായതിനുശേഷമാണ് അവർ പർവ്വതാരോഹണം പരിശീലിച്ചുതുടങ്ങിയതും തന്റെ സ്വപ്നങ്ങൾ ഒന്നൊന്നായി പൂവണിയിക്കുകയും ചെയ്യുന്നത്. പത്തുവർഷത്തോളമായി കുടുംബസമേതം ബാംഗ്ലൂരിൽ കഴിയുന്നു. ജോലിക്കിടയിലാണ് അവർ തന്റെ സ്വപ്നസാഫല്യത്തിന് സമയം കണ്ടെത്തുന്നത്. ഈയിടെ എവറസ്റ്റ് പർവ്വതത്തിന് സമീപമുള്ള ലൊബൂച്ചി  പർവ്വതനിര കീഴടക്കിയിരിക്കുകയാണ് സുഹറ. എവറസ്റ്റ് കീഴടക്കുന്നതിനു മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് 6200 മീറ്റർ ഉയരമുള്ള ലൊബൂച്ചിയുടെ ഉയരങ്ങൾ താണ്ടിയിരിക്കുന്നത്. എവറസ്റ്റിന്റെ ബേസ് ക്യാമ്പ് വരെ ഇതിനുമുൻപ് നടന്നെത്തിയിരുന്നു ഈ മലപ്പുറത്തുകാരി.
കുട്ടിക്കാലംതൊട്ടേ കായികമത്സരങ്ങളിൽ മുൻപന്തിയിലുണ്ടായിരുന്നു സുഹറ. മഞ്ചേരി ടൗൺഹാളിനു സമീപത്തെ 'തുഷാര' യിൽ സർക്കാർ ഉദ്യോഗസ്ഥരായ അബ്ദുൽ ജലീലിന്റെയും ആയിഷാബീവിയുടെയും മകളായി ജനിച്ച സുഹറ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിംഗ് കോളേജിൽ നിന്നുമാണ് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് സ്വന്തമാക്കിയത്. തുടർന്ന് കൊൽക്കത്ത ഐ.ഐ.എമ്മിൽനിന്നും എക്‌സിക്യുട്ടീവ് എം.ബി.എയും കരസ്ഥമാക്കി. ചെന്നൈ എച്ച്.സി.എല്ലി ലായിരുന്നു ഔദ്യോഗിക ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് ബാംഗ്ലൂരിലേയ്ക്കു ചുവടു മാറ്റുകയായിരുന്നു. ഐ.ടി. െപ്രാഫഷണലും വയനാട്ടുകാരനുമായ സിറാജുമായുള്ള വിവാഹത്തോടെയാണ് ബാംഗ്ലൂരിലെത്തിയത്.
ബാംഗ്ലൂരിലെത്തിയതോടെയാണ് സുഹറ തന്റെ കായികഭ്രമം വീണ്ടും പൊടിതട്ടിയെടുത്തത്. കുട്ടിക്കാലംതൊട്ടേ ഓട്ടത്തിലൂടെ നിരവധി സമ്മാനങ്ങൾ നേടിയെടുത്ത സുഹറ ബാംഗ്ലൂരിലെ റണ്ണിംഗ് ക്സബ്ബിൽ അംഗമായതും അതുകൊണ്ടുതന്നെ. നിരവധി മാരത്തണുകൾക്ക് പുറമെ ഇരുപത്തൊന്നും ഇരുപത്തഞ്ചും കിലോമീറ്ററുകൾ വരെ ഓടിയിട്ടുണ്ട് ഈ വീട്ടമ്മ. പന്ത്രണ്ടുകാരൻ എമിറിന്റെയും ഏഴു വയസ്സുകാരൻ എഹബിന്റെയും ഉമ്മ. അവരൊന്നും സ്വന്തം ഇഷ്ടത്തിന് വിലങ്ങുതടിയായില്ല.
ഓട്ടത്തിനിടയിലാണ് ട്രക്കിംഗിലും കൗതുകം തോന്നിത്തുടങ്ങിയത്. അടുത്തടുത്തുള്ള ഉയർന്ന പ്രദേശങ്ങൾ നടന്നുകയറിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഒരു ദിവസം കൊണ്ട് കീഴടക്കാവുന്ന മലകൾ കയറിത്തുടങ്ങി. ബോഷിൽ എൻജിനീയറായ സിറാജും ഭാര്യയുടെ ഇഷ്ടങ്ങൾക്ക് വിലങ്ങുതടിയായില്ല. സൈനിക സ്‌കൂളിൽ പഠിച്ച സിറാജും കായികമത്സരങ്ങളിൽ തൽപരനായിരുന്നു. അതുകൊണ്ടുതന്നെ ഭർത്താവും മക്കളുമൊന്നിച്ചായിരുന്നു പല യാത്രകളും നടത്തിയിരുന്നത്. ഉയരം മനസ്സിൽ ആവേശമായിത്തുടങ്ങിയതോടെയാണ് എവറസ്റ്റ് കീഴടക്കണമെന്ന ചിന്ത രൂപപ്പെടുന്നത്. ബാംഗ്ലൂരിലെ റണ്ണിംഗ് ക്ലബിലെ കൂട്ടുകാരിയായ കണ്ണൂരുകാരി ഷീബയും കൂട്ടിനെത്തിയതോടെയാണ് യാത്രയ്ക്കുള്ള തുടക്കമായത്.
ബാംഗ്ലൂരിൽനിന്നും കാഠ്മണ്ഡുവിലേയ്ക്ക് മൂന്നു മണിക്കൂർ നീണ്ട വിമാനയാത്ര. ലുക്‌ല വിമാനത്താവളത്തിൽ വന്നിറങ്ങുന്നതോടെയാണ് എവറസ്റ്റ് യാത്ര തുടങ്ങുന്നത്. ആദ്യദിവസം കാഠ്മണ്ഡുവിലെ തമേൽ തെരുവിൽ ചെലവഴിച്ചു. ബേസ് ക്യാമ്പിലേയ്ക്കു മൂന്നു വഴികളിലൂടെ കയറാം. അവർ തെരഞ്ഞെടുത്തത് അധികമാരും സഞ്ചരിക്കാത്ത ഗോക്കിയോ തടാകം ചോലാപാസ് കാലാപത്തർ പാതയാണ്. പതിനാലു ദിവസംകൊണ്ട് രണ്ടുവശത്തേയ്ക്കുമായി 140 കിലോമീറ്റർ സഞ്ചരിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശുദ്ധജല തടാകമായ ഗോക്കിയോ തടാകം സുന്ദരമായ കാഴ്ചയായിരുന്നു. സമുദ്ര നിരപ്പിൽനിന്നും 5357 മീറ്റർ മുകളിലായി സ്ഥിതി ചെയ്യുന്ന ആറു ചെറുതടാകങ്ങളുടെ കൂട്ടമായിരുന്നു അത്. ഐസ് കട്ടപോലെ മരവിച്ചുനിൽക്കുന്ന തടാകം. ആദ്യദിവസം മൂന്നു മണിക്കൂറോളം നടന്ന് ഒരു കൊച്ചുഗ്രാമത്തിലെത്തി. അവിടെ താമസിച്ച് അടുത്ത ദിവസം വീണ്ടും യാത്ര തുടങ്ങി. അന്നത്തെ യാത്ര അവസാനിച്ചത് നാംചെ ബസാറിലായിരുന്നു. മൂന്നാമത്തെ ദിവസം വിശ്രമമായിരുന്നു. ഉയരങ്ങളിലേയ്ക്കു ചെല്ലുംതോറും തണുപ്പ് കൂടിവന്നു. ഓക്‌സിജന്റെ അളവ് കുറയുകയായിരുന്നു. അതുകൊണ്ടാണ് വിശ്രമം ആവശ്യമായി വന്നത്. അടുത്ത ദിവസം നടന്നെത്തിയത് ഡോലെയിലാണ്. ഏറെ സാഹസികവും സന്തോഷകരവുമായ യാത്രയായിരുന്നു അത്. മഞ്ഞുമൂടിക്കിടക്കുന്ന പാറക്കെട്ടുകളിലൂടെ ബൂട്ടുറപ്പിച്ച് വലിച്ചുകെട്ടിയ കയറിൽ തൂങ്ങിയുള്ള യാത്ര ഏതൊരു പർവ്വതാരോഹകനെയും മോഹിപ്പിക്കുന്നതായിരുന്നു. അവിടെനിന്നും നോക്കിയാൽ ചെറുതും വലുതുമായ പത്തോളം പർവ്വതങ്ങൾ നിരന്നുനിൽക്കുന്നതായി കാണാം. എവറസ്റ്റ്, അമാ ദാബ്ളം, മൗണ്ട് ലൊബൂച്ചെ, മൗണ്ട് ലോറ്റ്‌സെ എന്നിവ അവിടെനിന്നും നോക്കിയാൽ കാണുന്ന ഉയരത്തിലായിരുന്നു.
എവറസ്റ്റിന്റെ വ്യക്തമായ കാഴ്ച ലഭിക്കുന്നത് കാലാപത്തറിലാണ്. നുപ്ത്‌സെ പർവ്വതത്തിനും ഖുംബു ഹിമവാഹിനിയ്ക്കും ഇടയിലൂടെ തലയുയർത്തി നിൽക്കുന്ന എവറസ്റ്റിന്റെ രൂപം ഇപ്പോഴും അകക്കണ്ണിലുണ്ട്. 5545 മീറ്ററാണ് അവിടത്തെ ഉയരം. പർവ്വതാരോഹകരിൽ മുപ്പതു ശതമാനത്തോളം സ്ത്രീകളെയാണ് അവിടെ കണ്ടത്. പലരും വിദേശികളും. ഇന്ത്യക്കാരായി ചെറിയ ശതമാനം മാത്രം. കേരളത്തിൽനിന്നും ആരുമുണ്ടായിരുന്നില്ല.
മറ്റു ചിന്തകളിൽനിന്നെല്ലാം സ്വതന്ത്രമായി അടുത്ത ചുവടിനെക്കുറിച്ച് മാത്രം ചിന്തിക്കുകയാണ് വേണ്ടത്. പർവ്വതാരോഹണം ജീവിതത്തിൽ പകർന്നുനൽകിയ പാഠമാണിത്. സ്വന്തം ഇഷ്ടങ്ങളെ ആവേശത്തോടെ പിന്തുടരുക. ഭർത്താവും മക്കളും നൽകുന്ന പ്രചോദനമാണ് തനിക്ക് ഏറ്റവും വലിയ കരുത്തെന്നും സുഹറ പറയുന്നു. എന്റെ ലക്ഷ്യത്തെക്കുറിച്ച് അവർക്കറിയാം. ശ്രദ്ധയോടെ മുന്നേറുക എന്നുമാത്രമേ അവർ പറയാറുള്ളു. ഉപ്പയ്ക്കും ഉമ്മയ്ക്കും ആദ്യം വലിയ പേടിയുണ്ടായിരുന്നു. പിന്നീട് ഇത്തരം ക്യാമ്പുകളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് അവരെ പറഞ്ഞ് മനസ്സിലാക്കിയതോടെ അവരുടെ ഭയവും മാറി.
പർവ്വതാരോഹകർക്ക് പകർന്നുനൽകാൻ ചില ഉപദേശങ്ങളും സുഹറയ്ക്കുണ്ട്. ചെറിയ ഉയരങ്ങൾ കയറുകയും വലിയ ഉയരങ്ങൾ സ്വപ്‌നം കാണുകയും ചെയ്യുകയാണ് ആദ്യമായി വേണ്ടത്. വയനാട്ടിലെ മുട്ടിൽ മലയും ബാംഗ്ലൂരിലെ നന്ദി ഹിൽസും തുടങ്ങിയ ചെറിയ മലകൾ കയറിയ അനുഭവ സമ്പത്തുമായാണ് എവറസ്റ്റ് ബേസ് ക്യാമ്പ് കയറിയത്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ് പ്രധാനം. ഓട്ടം ശീലമാക്കിയതാണ് തുണയായത്. ആഴ്ചയിൽ മൂന്നു ദിവസം അഞ്ചു കിലോമീറ്റർ വരെ ഓടുമായിരുന്നു. മാസത്തിലൊരിക്കൽ മാരത്തണിലും പങ്കെടുക്കും. ഭക്ഷണകാര്യത്തിൽ പ്രത്യേക ചിട്ടകളൊന്നുമില്ല. നന്നായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ശരീരത്തിൽ ജലാംശം കുറയുന്നത് ആരോഗപ്രശ്‌നങ്ങളുണ്ടാക്കും.
പർവ്വതാരോഹണം ചെലവേറെയുള്ളതാണ്. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നതിനൊപ്പം സാമ്പത്തിക കാര്യത്തിലും കരുതൽ വേണം. വേഷവിധാനങ്ങൾക്കുതന്നെ നല്ല ചെലവുണ്ട്. പല ക്യാമ്പുകളിലേയ്ക്കും റോഡ് സൗകര്യങ്ങളില്ല. ഹെലികോപ്റ്റർ സൗകര്യത്തെ ആശ്രയിക്കേണ്ടിവരും. എല്ലാ ക്യാമ്പുകളിലും ഭക്ഷണം ലഭിക്കുകയില്ല. ഉണ്ടെങ്കിൽതന്നെ നല്ല വില നൽകണം. അതുകൊണ്ടുതന്നെ യാത്രയിൽ കുടിക്കാനായി വെള്ളവും ഭക്ഷണവും കരുതേണ്ടിവരും. കൂടാതെ പർവ്വതങ്ങൾ കയറുന്നതിനുള്ള പ്രവേശനഫീസ് ഏറെ വലുതാണ്. എവറസ്റ്റ് കീഴടക്കണമെങ്കിൽ പതിനായിരം ഡോളർ പെർമിറ്റിനായി നൽകേണ്ടിവരും. ബേസ് ക്യാമ്പുകളിൽ കയറണമെങ്കിൽതന്നെ ഇരുനൂറ്റമ്പത് ഡോളർ നൽകണം.
ലൊബൂച്ചി കൊടുമുടിയിൽ കയറാനായി ഏറെ പണിപ്പെടേണ്ടിവന്നിട്ടുണ്ട്. കുത്തനെയുള്ളതും പാറക്കെട്ടുകൾ നിറഞ്ഞ് മഞ്ഞുമൂടിക്കിടക്കുന്നതുമായ ലൊബൂച്ചി കീടഴക്കാനായി ഏറെ നാളത്തെ പരിശീലനം വേണ്ടിവന്നു. എഴുപത്തഞ്ചു ദിവസത്തെ പരിശീലനത്തിനു പുറമെ ആരോഗ്യം വർദ്ധിപ്പിക്കാനായുള്ള ശ്രമങ്ങളും നടത്തി. കൂടാതെ വാൾ ക്‌ളൈബിംഗ് പരിശീലിച്ചതും നിത്യേനെയുള്ള ഓട്ടവും തുണയായി. ലൊബൂച്ചി ഗ്രാമത്തിൽനിന്നും യാത്ര തുടങ്ങി ഉച്ചയോടെയാണ് ശിഖരത്തിലെത്തിയത്. തന്നെപ്പോലെയുള്ള പർവ്വതാരോഹകർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കാഴ്ചയും അവിടെ കാണാനായി. 5300 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലൊബൂച്ചിയിൽനിന്നുള്ള കാഴ്ച ഏറെ മനോഹരമാണ്.
ആദ്യമായി ജുമാർ ഉപയോഗിച്ച് കയറിയതും ലൊബൂച്ചിയിലായിരുന്നു. ഒരു ഹാൻഡിൽ ഉള്ള ക്ലാമ്പാണിത്. കയറിലൂടെ മുകളിലേയ്ക്കു കയറാനും ഇറങ്ങാനും സഹായിക്കുന്ന ഉപകരണം. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ജുമാർ ഉപയോഗിച്ചത്. വഴികാട്ടിയായി ഷെർപ്പയുണ്ടായിരുന്നെങ്കിലും ആദ്യയാത്ര ഫലം കണ്ടില്ല. ഷെർപ്പയുടെ തികഞ്ഞ പ്രോത്സാഹനത്തിൽ അടുത്ത ശ്രമം വിജയത്തിലെത്തുകയായിരുന്നു. ശാരീരികമായും മാനസികമായുമുള്ള വെല്ലുവിളികളെ തരണം ചെയ്തുള്ള യാത്ര ഫലം കണ്ടു. എണ്ണായിരം മീറ്ററിലേറെ ഉയരമുള്ള പർവ്വതങ്ങൾ മുന്നിൽ നിൽക്കുന്നതുപോലെ. എവറസ്റ്റിനു മുകളിലൂടെ സൂര്യപ്രകാശം കടന്നുവരുന്ന കാഴ്ച കണ്ണുകൾക്ക് എന്തെന്നില്ലാത്ത സന്തോഷമുളവാക്കുന്നതായിരുന്നു. രണ്ടുമാസത്തിലേറെയുള്ള തയ്യാറെടുപ്പും ഭർത്താവിന്റെയും മക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം പ്രാർഥനയും വിജയത്തിലെത്തിക്കുകയായിരുന്നു.
യാത്ര കഴിഞ്ഞിറങ്ങുമ്പോഴേയ്ക്കും ആകെ തളർന്നിരുന്നു. മുഖവും ശരീരമാസകലവും ചുവന്നുതുടുത്തിരുന്നു. മടക്കയാത്രത്തിൽ തന്നെപ്പോലെ ബേസ് ക്യാമ്പിലേയ്ക്കു യാത്ര തിരിക്കുന്ന നിരവധിയാളുകളെ കാണാനിടയായി. വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പർവ്വതാരോഹകരുടെ സ്വപ്‌ന ഉയരമാണ് എവറസ്റ്റ്. എന്നെങ്കിലും ആ ലക്ഷ്യവും നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് സുഹറ. പർവ്വതങ്ങൾ നിങ്ങളെ കാണാനാഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾ അവിടെ എത്തിയിരിക്കും. അവ കൈകൾ നീട്ടി നിങ്ങളെ സ്വീകരിക്കുമെന്ന് ഉറപ്പാണ്. മറക്കാനാവാത്ത അനുഭവങ്ങൾ പങ്കു വെക്കാൻ പർവ്വതശിഖരങ്ങൾ നമ്മെ കാത്തിരിക്കും.
 

Latest News