ഇടുക്കി - കേരളത്തില്‍ മഴ തിമര്‍ത്തു പെയ്യാന്‍ കൂട്ട പ്രാര്‍ത്ഥന നടത്തുകയും ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തുകയും ചെയ്യുകയാണ് തമിഴ്‌നാട്ടുകാര്‍. ഇടുക്കിയില്‍ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് കാലവര്‍ഷം മോശമായതിനെ തുടര്‍ന്ന് ആശങ്കയിലാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. കഴിഞ്ഞ മൂന്നാഴ്ചയായി മഴ കുറവാണ്. ഇത് മൂലം വെള്ളം കിട്ടാതെ കൃഷി നശിച്ചു പോകുമോയെന്നാണ് തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പേടി. ഇതേ തുടര്‍ന്നാണ് കമ്പം മേഖലയിലെ കര്‍ഷകര്‍ കേരളത്തില്‍ മഴ പെയ്യാനായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. കര്‍ഷക സംഘടനകളുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ വിവിധ മതാചാരപ്രകാരമായിരുന്നു പ്രാര്‍ത്ഥന. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചാണ് തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലെ 14,707 ഏക്കര്‍ സ്ഥലത്ത് കൃഷി നടത്തുന്നത്. കേരളത്തില്‍ മഴ കുറഞ്ഞത് മുല്ലപ്പെരിയാറിലെ ജലനിരപ്പിനെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. തേക്കടിയിലെ തമിഴ്നാട് പൊതുമരാമത്ത് ഓഫീസിന് അടുത്തുള്ള ജയദുര്‍ഗാ ക്ഷേത്രത്തില്‍ കര്‍ഷകര്‍ പ്രത്യേക പൂജകള്‍ നടത്തി. ഇതിനു ശേഷം മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന തേക്കടി പ്രദേശത്തെ ഷട്ടറിനു സമീപത്ത് എല്ലാ മതങ്ങളിലും പെട്ട പുരോഹിതര്‍ ഒന്നിച്ച് ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി. തേനി, ഡിണ്ടിഗല്‍, മധുര, രാമനാഥപുരം, ശിവ ഗംഗ, എന്നീ ജില്ലകളിലെ കര്‍ഷകരാണ് മുല്ലപ്പെരിയാറിലെ വെള്ളം കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനു ആവശ്യമായ വെളളം കിട്ടാതെ വന്നേേതാടെയാണ് പ്രത്യേക പ്രാര്‍ഥന നടത്തിയത്. ശനിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.15 അടിയായി കുറഞ്ഞു. ഇടുക്കിയിലെ സംഭരണ ശേഷി കഴിഞ്ഞ തവണത്തെ 36 ശതമാനത്തില്‍ നിന്നും 13.6 ശതമാനത്തിലേക്ക് താണിട്ടുണ്ട്.