മക്ക- വിശുദ്ധ ഭൂമി വിശ്വാസി ലക്ഷങ്ങളെ കൊണ്ടു നിറഞ്ഞു. അന്തരീഷം ലബ്ബൈക്ക വിളികളാൽ മുഖരിതമായി. പാൽക്കടൽ പോലെ വിളങ്ങിനിൽക്കുന്ന മക്കയിലും പരിസരത്തും വിശ്വാസികളുടെ കരളുരുകിയ പ്രാർത്ഥന മാത്രം. അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ ഹജിന്റെ കർമ്മങ്ങളിലേക്ക് പ്രവേശിക്കുകയാണ്.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് മക്കയിലും മദീനയിലും ഹാജിമാരെ സ്വീകരിക്കാനായി ഒരുക്കിയിരിക്കുന്നത്. സൽമാൻ രാജാവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും 1999-ൽ ഹജ് നിർവഹിക്കുന്നതിന്റെ ചിത്രം കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആന്റ് ആർക്കൈവ്‌സ് പുറത്തുവിട്ടു. സൽമാൻ രാജാവിന് സമീപത്ത് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഹജ് വേളയിൽ ഇരിക്കുന്നതിന്റെ ചിത്രമാണിത്. ഹിജ്‌റ വർഷം 1419 (എ.ഡി 1999)-ലെ ചിത്രമാണിത്.
#أذن_بالناس
— دارة الملك عبدالعزيز (@Darahfoundation) June 24, 2023
خادم الحرمين الشريفين الملك سلمان بن عبدالعزيز وصاحب السمو الملكي الأمير محمد بن سلمان ولي العهد -حفظهما الله- في موسم حج عام 1419هـ/ 1999م#دارة_الملك_عبدالعزيز pic.twitter.com/VK5inttbFo
അതേസമയം, സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ച ഫലസ്തീനിൽ നിന്നുള്ള തീർഥാടകരുടെ ആദ്യ സംഘങ്ങൾ പുണ്യഭൂമിയിലെത്തി. ഇസ്രായിലി ആക്രമണത്തിൽ വീരമൃത്യുവരിച്ചവരുടെ ബന്ധുക്കളും പരിക്കേറ്റവരും അടക്കം ആയിരം പേർക്കാണ് ഇത്തവണ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ പെട്ട മൂന്നു സംഘങ്ങളാണ് ഇന്നലെ വൈകീട്ടോടെ മക്കയിലെത്തിയത്. ഇന്നലെ രാവിലെ എത്തിയ സംഘത്തിൽ 329 തീർഥാടകരും വൈകീട്ടോടെ എത്തിയ രണ്ടാമത്തെയും മൂന്നാമത്തെയും സംഘങ്ങളിൽ 548 ഹാജിമാരുമാണുണ്ടായിരുന്നത്.
പൂച്ചെണ്ടുകളും കാപ്പിയും ജ്യൂസുകളും ചോക്കലേറ്റും പലഹാരങ്ങളും മറ്റും വിതരണം ചെയ്ത് മക്കയിലെ താമസസ്ഥലത്ത് ഇസ്‌ലാമികകാര്യ മന്ത്രാലയം തീർഥാടകരെ ഊഷ്മളമായി സ്വീകരിച്ചു. മക്കയിൽ ഹറമിനു സമീപമുള്ള ലക്ഷ്വറി ഹോട്ടലുകളിലാണ് രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കുന്നവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ രാജാവിന്റെ അതിഥികളായി ആകെ 2,300 പേരാണ് ഹജ് നിർവഹിക്കുന്നത്. ലോകത്തെ 90 രാജ്യങ്ങളിൽ നിന്നുള്ള 1,300 പേർക്കും ഫലസ്തീനിൽ നിന്നുള്ള 1,000 പേർക്കുമാണ് രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഫലസ്തീനികൾ ഒഴികെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള രാജാവിന്റെ അതിഥികൾ മുഴുവൻ ദിവസങ്ങൾക്കു മുമ്പു തന്നെ മക്കയിലെത്തിയിട്ടുണ്ട്. രാജാവിന്റെ അതിഥികൾക്കുള്ള മുഴുവൻ ക്രമീകരണങ്ങളും ഇസ്‌ലാമികകാര്യ മന്ത്രാലയമാണ് ഏർപ്പെടുത്തുന്നത്.
ജിദ്ദ എയർപോർട്ടിൽ നിന്ന് തീർഥാടകരെ സ്വീകരിച്ച് ബസുകളിൽ മക്കയിൽ ഹറമിനടുത്ത ഹോട്ടലുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. പ്രയാസരഹിതമായി ഹജ് നിർവഹിക്കാൻ ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഇവർക്ക് ഏർപ്പെടുത്തുന്നു. ഹജ് നിർവഹിച്ച് മിനായിൽ നിന്ന് തിരിച്ച് മക്കയിലെ ഹോട്ടലുകളിൽ എത്തിച്ച ശേഷം മദീന സിയാറത്തിന് ക്രമീകരണങ്ങളേർപ്പെടുത്തുന്നു. മക്കയിലെ കിസ്‌വ കോംപ്ലക്‌സ്, മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനും രാജാവിന്റെ അതിഥികൾക്ക് സൗകര്യമൊരുക്കുന്നു. മദീന സിയാറത്ത് പൂർത്തിയാക്കിയാണ് രാജാവിന്റെ അതിഥികളായി എത്തുന്നവർ സ്വദേശങ്ങളിലേക്ക് മടങ്ങുക.