കോഴിക്കോട്- ഖാദി ബോർഡിന്റെ ബക്രീദ് വിപണന മേള കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. സർക്കാറിന്റെ ഔദ്യോഗിക പരിപാടി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഉദ്ഘാടനം ചെയ്യുന്നത് ചരിത്രത്തിൽ ആദ്യത്തെ സംഭവമായിരുന്നുവെന്നും ഇതു വഴി രാഷ്്ട്രീയത്തിലെ സംവാദ സാധ്യതയാണ് തുറന്നതെന്നും മുൻ മന്ത്രി കെ.ടി ജലീൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രംഗത്തെത്തി. പാണക്കാട് തങ്ങൻമാരുടെ ചെലവിൽ ഖാദി വിറ്റോളൂ, പക്ഷേ കമ്യൂണിസം വിൽക്കരുതെന്നും ജലീലിനെ ഫിറോസ് ഉണർത്തി. അഴിമതി പിടിക്കപ്പെട്ടപ്പോൾ തന്നെ മന്ത്രിയാക്കിയത് പാണക്കാട് തറവാട്ടിൽനിന്നല്ലെന്ന് അലറിയ ജലീലിന്റെ പുതിയ പാണക്കാട് പ്രേമം കുത്തിത്തിരിപ്പാണെന്നും ഫിറോസ് പറഞ്ഞു.
ഫിറോസിന്റെ വാക്കുകൾ:
സ്വജനപക്ഷപാതവും അഴിമതിയും കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മുമ്പൊരു മന്ത്രി അലറിയത് എന്നെ മന്ത്രിയാക്കിയത് പാണക്കാട്ട് നിന്നല്ലെടോ എന്നായിരുന്നു. അതിനെ തുടർന്ന് മന്ത്രി സ്ഥാനം തെറിച്ചപ്പോൾ അങ്ങിനെ പറഞ്ഞത് കൊണ്ടോ മറ്റോ ആണെന്ന് കരുതിയിട്ടാണെന്നറിയില്ല അങ്ങേർക്കിപ്പോൾ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്. കുത്തിത്തിരിപ്പാണ് ഉദ്ദേശമെങ്കിലും പാണക്കാട് തങ്ങൻമാരെ പ്രകീർത്തിക്കുകയാണ് എന്ന മട്ടിലായിരിക്കും പോസ്റ്റ്.
ഏറ്റവുമൊടുവിൽ ഖാദിയുടെ പ്രചരണത്തിന് ബഹുമാന്യനായ സാദിഖലി തങ്ങൾ പങ്കെടുത്തതിനെ പറ്റിയാണ് എഴുത്ത്. ഔചിത്യബോധം കൊണ്ടാണത്രേ ക്ഷണിച്ചത്! അത് വഴി സി.പി.എം നേതാക്കളെ പുകഴ്ത്താനും കോൺഗ്രസിനെ ഇകഴ്ത്താനും അങ്ങേര് ശ്രമിച്ചു നോക്കുന്നുണ്ട്.
മാസത്തിൽ നൂറുകണക്കിന് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുന്ന തങ്ങൾ, ഖാദി വിപണന മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ല.
മഹാത്മാഗാന്ധി പ്രോൽസാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ സാന്നിധ്യം കൊണ്ട് ഏതെങ്കിലും നിലക്ക് ഗുണമുണ്ടായാൽ പങ്കെടുക്കാം എന്ന് കരുതാനേ പാണക്കാട് തങ്ങൻമാർക്ക് കഴിയൂ. അത് കൊണ്ടാണ് മതപണ്ഡിതരുടെ തലപ്പാവടക്കം ഖാദിയിൽ നിർമ്മിക്കാൻ ശ്രമിക്കണമെന്ന് തങ്ങളവിടെ പ്രസംഗിച്ചത്.
അത് കൊണ്ട് മന്ത്രിപ്പണി നഷ്ടപ്പെട്ട ടിയാനോട് ഒന്നേ പറയാനുള്ളൂ. പാണക്കാട് തങ്ങൻമാരെ ചെലവിൽ ഖാദി വിറ്റോളൂ. പക്ഷേ കമ്യൂണിസം വിൽക്കണ്ട.