കോട്ടയം - കോടതി ഉത്തരവിനെ തുടര്‍ന്ന് ബസ് നിരത്തിലിറക്കാന്‍ സി ഐ ടി യു ബസില്‍ കെട്ടിയ കൊടി അഴിച്ച പ്രവാസിയായ ബസ് ഉടമയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ സി പി എം ജില്ലാ നേതാവ് അറസ്റ്റില്‍. കോട്ടയം ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍ അജയ് ആണ് അറസ്റ്റിലായത്. ഇന്ന് രാവിലെ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സി ഐ ടി യു നിര്‍ത്തിവച്ച സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉടമ രാജ്‌മോഹന് മര്‍ദനമേറ്റത്. അതേസമയം, മര്‍ദനത്തില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി നാട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിച്ച തിരുവാര്‍പ്പ് സ്വദേശി രാജ്മോഹനാണ് മര്‍ദ്ദനമേറ്റത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തിരുവാര്‍പ്പില്‍ സി ഐ ടി യു കൊടികുത്തി നിശ്ചലമാക്കിയ ബസ് പൊലീസ് സംരക്ഷണത്തോടെ ഓടിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇന്ന് രാവിലെ സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി ഐ ടി യു - സി പി എം നേതാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൊടി അഴിച്ചു മാറ്റുന്നതിനിടയിലാണ് രാജ്മോഹനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രാജ്മോഹന്‍ പറഞ്ഞു. രാജ്‌മോഹനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ രാജ്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. അതേസമയം ബസുടമയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സി ഐ ടി യു നേതാക്കള്‍പറയുന്നത്. കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് ഇവരുടെ വാദം.