തിരുവനന്തപുരം - മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ സുധാകരന്‍ നിയമനടപടിക്ക്. ഗോവിന്ദനും ദേശാഭിമാനി പത്രത്തിനുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകരുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തി. എം വി ഗോവിന്ദന്‍ പറഞ്ഞത് നാക്കുപിഴയായിരുന്നില്ലെന്നും പാര്‍ട്ടി തനിക്കെതിരെ ആസൂത്രിതമായി ഉയര്‍ത്തിയ വ്യാജ ആരോപണമായിരുന്നുവെന്നും സുധാകരന്‍ പറയുന്നു. സുധാകരനെതിരെ പറഞ്ഞ കാര്യങ്ങള്‍ എം വി ഗോവിന്ദന്‍ ഇപ്പോഴും തിരുത്തിയിട്ടില്ല. പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി ജീവിതാവസാനം വരെ ശിക്ഷിച്ചിരുന്നു. പോക്സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ഗോവിന്ദന്റെ ആരോപണം പുറത്തുവന്ന സമയത്ത് തന്നെ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു.