കോട്ടയം - കോടതി ഉത്തരവിനെ തുടര്‍ന്ന് ബസ് നിരത്തിലിറക്കാന്‍ സി ഐ ടി യു ബസില്‍ കെട്ടിയ കൊടി അഴിച്ച പ്രവാസിക്ക് സി ഐ ടി യു പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തി നാട്ടില്‍ ബസ് സര്‍വ്വീസ് ആരംഭിച്ച തിരുവാര്‍പ്പ് സ്വദേശി രാജ്‌മോഹനാണ് മര്‍ദ്ദനമേറ്റത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് തിരുവാര്‍പ്പില്‍ സി ഐ ടി യു കൊടികുത്തി നിശ്ചലമാക്കിയ ബസ് പൊലീസ് സംരക്ഷണത്തോടെ ഓടിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇന്ന് രാവിലെ സര്‍വീസ് നടത്താന്‍ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സി ഐ ടി യു - സി പി എം നേതാക്കള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കൊടി അഴിച്ചു മാറ്റുന്നതിനിടയിലാണ് രാജ്‌മോഹനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രാജ്‌മോഹന്‍ പറഞ്ഞു. രാജ്മോഹനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ രാജ്‌മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയാണ്. അതേസമയം ബസുടമയെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് സി ഐ ടി യു നേതാക്കള്‍പറയുന്നത്. കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് ഇവരുടെ വാദം. ബസ് സര്‍വീസ് നടത്തുന്നതിന് തടസമില്ലെന്നും സി ഐ ടി യു അറിയിച്ചു.
പ്രവാസിയായ രാജ്‌മോഹന്റെ അവസ്ഥ ഇന്നലെ മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് സി.ഐ.ടി.യു കൊടികുത്തിയതിനെ തുടര്‍ന്നാണ് തിരുവാര്‍പ്പ് സ്വദേശി രാജ്മോഹന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും സി.ഐ.ടി.യുവിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ബസ് ഓടിയില്ല. കോടതി വിധി അനുസരിച്ച് ബസ് ഓടിക്കാന്‍ പോലീസ് സംരക്ഷണം നല്‍കാമെന്ന് പറഞ്ഞുവെങ്കിലും കൊടിമാറ്റാന്‍ സി.ഐ.ടി.യു വെല്ലുവിളിച്ചതോടെ പോലീസും പിന്‍വലിഞ്ഞു. സി.ഐ.ടി.യു നിലപാടിനെതിരെ രാജ്മോഹന്‍ പ്രതീകാത്മക ലോട്ടറി കച്ചവടം ആരംഭിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് വന്നതോടെ ലോട്ടറി വില്‍പ്പന നിര്‍ത്തിയിരിക്കുകയായിരുന്നു.
രാജ്മോഹന്റെ നാലു ബസുകളും സര്‍വീസ് നടത്തുന്നതിന് പോലീസ് സംരക്ഷണം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ പോലീസ് മേധാവി, കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. സമരവുമായി ബന്ധപ്പെട്ടു രാജ്മോഹന്‍ നല്‍കിയ കേസ് പരിഗണിക്കാനായി അടുത്തയാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസ് എന്‍.നഗരേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ചാണ് ശനിയാഴ്ച ബസ് ഓടിക്കാന്‍ ശ്രമം നടത്തിയത്. ഇതോടെ സ്ഥലത്ത് സംഘര്‍ഷാന്തരീഷമായി. തനിക്ക് കോടതി വിധി നടപ്പാക്കി കിട്ടിയാല്‍ മതിയെന്ന് രാജ്മോഹന്‍ ആവശ്യപ്പെട്ടു. വിധി നടപ്പാക്കാമെങ്കില്‍ നടപ്പാക്ക് എന്ന ഭീഷണിയും ഇതിനിടെ ഉയര്‍ന്നു. വെല്ലുവിളിയാണെങ്കില്‍ അങ്ങനെ കരുതികൊള്ളാനും മുന്നറിയിപ്പു നല്‍കി. ഇതിനിടെ കൊടി അഴിച്ചു മാറ്റി സര്‍വീസ് നടത്താന്‍ പോലീസ് രാജ് മോഹനോട് പറഞ്ഞു. ബസില്‍ കെട്ടിയ കൊടി അഴിച്ചുമാറ്റാന്‍ ഭീഷണിയുടെ സ്വരത്തില്‍ സി.ഐ.ടി.യു നേതാക്കളും പ്രതികരിച്ചു.പക്ഷേ സര്‍വീസ് നടത്താന്‍ അവസരം ഉണ്ടാക്കേണ്ടെത് പോലീസാണെന്ന് രാജ്മോഹനും പറഞ്ഞു. ഇതിനിടെ തന്നെ അപായപ്പെടുത്തുമെന്നുവരെ ഭീഷണിപ്പെടുത്തിയതായി രാജ് മോഹന്‍ ആരോപിച്ചു.
അതേസമയം കോടതി ഉത്തരവുണ്ടായിട്ടും മുന്നിലെ സമരപന്തല്‍ പൊളിച്ചുമാറ്റാന്‍ സി.ഐ.ടി.യു തയാറായില്ല. ശമ്പള വര്‍ധന നല്‍കാതെ സഹകരിക്കാന്‍ ആകില്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കി. സമരം നടത്താന്‍ അവകാശം ഉണ്ടെന്നും കോടതിവിധിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മോട്ടര്‍ മെക്കാനിക്കല്‍ യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ് പി.ജെ.വര്‍ഗീസ് പറഞ്ഞു. വിധി വായിച്ചു മനസിലാക്കിയ ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.സി.ഐ.ടി.യുവിന്റെ കൂടുതല്‍ നേതാക്കള്‍ എത്തിയിട്ടും പ്രശ്നം പരിഹരിച്ചില്ല. ഇന്നലെ കൊടി കുത്തിയ ബസിനു മുന്നില്‍ സി.ഐ.ടി.യു തൊഴിലാളികള്‍ കുടില്‍ കെട്ടി കഞ്ഞി വച്ചു സമരം ആരംഭിച്ചിരുന്നു. ലേബര്‍ ഓഫീസറുടെ മുന്നില്‍ തയാറാക്കിയ തൊഴില്‍ കരാര്‍ നടപ്പാക്കുംവരെ സമരം തുടരുമെന്നാണ് തൊഴിലാളികളുടെ നിലപാട്.